Thursday, March 19, 2026 Last Updated 1 Min 54 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 30 Dec 2025 11.30 PM

വധശ്രമേക്കസ്‌ പ്രതി വിലങ്ങുമായി രക്ഷപ്പെട്ട സംഭവം: രണ്ടുപേര്‍ പിടിയില്‍

വടക്കഞ്ചേരി: വധശ്രമ കേസിലെ പ്രതിയെ പോലീസ്‌ കസ്‌റ്റഡിയിലെടുക്കുന്നതിനിടെ രക്ഷപ്പെടാന്‍ സഹായിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്‌റ്റില്‍. വടക്കഞ്ചേരി പ്രധാനി സ്വദേശി കുന്നത്ത്‌ വീട്ടില്‍ എസ്‌. സഫര്‍ (36), വടക്കഞ്ചേരി നായര്‍കുന്ന്‌ ആമിന മന്‍സില്‍ അനസ്‌ (26) എന്നിവരെയാണ്‌ വടക്കഞ്ചേരി പോലീസ്‌ അറസ്‌റ്റ് ചെയ്‌തത്‌. കണ്ണമ്പ്ര മഞ്ഞപ്ര സ്വദേശിയും ഒല്ലൂരില്‍ താമസക്കാരനുമായ വടക്കേല്‍ രാഹുല്‍ എന്ന അപ്പുവാണ്‌ പോലീസ്‌ പിടികൂടുന്നതിനിടയില്‍ രക്ഷപ്പെട്ടത്‌. തിങ്കളാഴ്‌ച വൈകുന്നേരം നാലുമണിയോടെ വടക്കഞ്ചേരി ഡയാന ഹോട്ടലിനു സമീപമായിരുന്നു സംഭവം. കഴിഞ്ഞമാസം മണ്ണുത്തിയില്‍ വച്ച്‌ യുവാവിനെ ഹെല്‍മറ്റുകൊണ്ട്‌ തലയ്‌ക്കടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയാണു രാഹുല്‍. വടക്കഞ്ചേരി പച്ചക്കറിക്കടയ്‌ക്കു സമീപം രാഹുലിനെ കണ്ടെത്തിയതായി വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ്‌ മണ്ണുത്തി പോലീസ്‌ സ്വകാര്യ കാറിലെത്തിയത്‌. സമീപത്തു കിടന്ന ബസിലുണ്ടായിരുന്ന രാഹുലിനെ അനുനയിപ്പിച്ച്‌് വിലങ്ങണിയിക്കുന്നതിനിടെ ഷര്‍ട്ട്‌ മാറണമെന്ന്‌ ഇയാള്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന്‌ സമീപത്തെ പച്ചക്കറി ക്കടയിലേക്കു ചാടിക്കയറിയ രാഹുല്‍ അവിടത്തെ വലിയ കത്തിയെടുത്തു വീശുകയും വിലങ്ങുകൊണ്ട്‌ സ്വയം നെറ്റിയിലടിച്ച്‌ മുറിവേല്‍പ്പിച്ച്‌ ഭീകരാന്തരീക്ഷം സൃഷ്‌ടിക്കുകയും ചെയ്‌തു. ഇതിനിടയില്‍ രാഹുലിനെ സഫര്‍ ബൈക്കില്‍ രക്ഷപ്പെടുത്തുകയായിരുന്നു. കണ്ണമ്പ്രയില്‍ ഇറക്കിവിട്ട രാഹുലിനെ അവിടെനിന്ന്‌ അനസ്‌ കാറില്‍ കയറ്റി ഇരട്ടക്കുളത്തെത്തിച്ചു. ഇതിനിടയില്‍ ഇരട്ടക്കുളത്തുള്ള ഇരുമ്പുകടയില്‍നിന്ന്‌ രാഹുല്‍ ആക്‌സോ ബ്ലേഡ്‌ വാങ്ങി. തുടര്‍ന്ന്‌ വീഴിമലയ്‌ക്കു സമീപം താമസിക്കുന്ന ജിബിനെയും കൂട്ടി ഇരുവരും മുങ്ങിയതായി പോലീസ്‌ പറയുന്നു. ബൈക്കില്‍ രക്ഷപ്പെടുന്നതിനിടെ രാഹുല്‍ ഫോണില്‍ ബന്ധപ്പെട്ടാണ്‌ മറ്റു വാഹന സൗകര്യങ്ങള്‍ ഏര്‍പ്പാടാക്കിയത്‌.
സഫറിനെ ടൗണില്‍നിന്നും അനസിനെ വീട്ടില്‍ നിന്നുമാണ്‌ പോലീസ്‌ പിടികൂടിയത്‌. സഫറിന്‌ കേരളത്തിലും തമിഴ്‌നാട്ടിലുമായി പത്തില്‍പരം കേസുകളുണ്ടെന്നും അനസിന്‌ വടക്കഞ്ചേരി സ്‌റ്റേഷനില്‍ രണ്ടു കേസുകളുണ്ടെന്നും പോലീസ്‌ പറഞ്ഞു. പിടികൂടാനുള്ള രാഹുലിനെയും ജിബിനെയും ഇവര്‍ ജയിലില്‍ പരിചയപ്പെട്ടതാണെന്നു പറയുന്നുണ്ടെങ്കിലും പോലീസ്‌ വിശ്വാസത്തിലെടുത്തിട്ടില്ല.

Ads by Google
Tuesday 30 Dec 2025 11.30 PM
YOU MAY BE INTERESTED
Ads by Google
Ads by Google