Thursday, March 19, 2026 Last Updated 0 Min 45 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 30 Dec 2025 09.00 AM

ആരവല്ലി: പുതിയ നിര്‍വചനം മരവിപ്പിച്ച്‌ സുപ്രീം കോടതി

ന്യൂഡല്‍ഹി: നൂറുമീറ്ററോ അതില്‍ക്കൂടുതലോ ഉയരമുള്ള കുന്നുകളെമാത്രം ആരവല്ലി മലനിരകളുടെ ഭാഗമായി കണക്കാക്കുമെന്ന പുതിയ നിര്‍വചനം മരവിപ്പിച്ച്‌ സുപ്രീം കോടതി. പുതിയ നിര്‍വചനത്തിന്‌ വ്യക്‌തത വേണമെന്നു സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടു.
കൂടുതലും ഉദ്യോഗസ്‌ഥരടങ്ങിയ സമിതി നല്‍കിയ ശിപാര്‍ശകളുടെ പാരിസ്‌ഥിതികാഘാതം പഠിക്കാന്‍ വിദഗ്‌ധ സമിതിയെ നിയോഗിക്കുമെന്നും ചീഫ്‌ ജസ്‌റ്റിസ്‌ സൂര്യകാന്ത്‌, ജസ്‌റ്റിസുമാരായ ജെ. കെ. മഹേശ്വരി, എ.ജി. മാസിഹ്‌ എന്നിവരടങ്ങിയ ബെഞ്ച്‌ വ്യക്‌തമാക്കി. നേരത്തെ നിയോഗിച്ചിരുന്ന സമിതിയുടെ ശിപാര്‍ശകളുടെ അടിസ്‌ഥാനത്തിലുള്ള പുതിയ നിര്‍വചനത്തിന്‌ അംഗീകാരം നല്‍കിക്കൊണ്ടുള്ള തങ്ങളുടെ തന്നെ ഉത്തരവാണ്‌ കോടതി സ്‌റ്റേ ചെയ്‌തത്‌.
പുതിയ നിര്‍വചനം വ്യാപക ഖനനത്തിനും ആരവല്ലി മലനിരകളുടെ നാശത്തിനും വഴിയൊരുക്കുമെന്ന ആശങ്കയെത്തുടര്‍ന്നു സ്വമേധയാ എടുത്ത കേസിലാണു കോടതി നടപടി. ജനുവരി 21 ന്‌ കേസ്‌ വീണ്ടും പരിഗണിക്കും. പുതിയ നിര്‍വചനം സംബന്ധിച്ചു കേന്ദ്ര സര്‍ക്കാരിനോടു ചില ചോദ്യങ്ങളുന്നയിച്ച സുപ്രീം കോടതി, നിശ്‌ചിത സമയപരിധിക്കുള്ളില്‍ മറുപടി നല്‍കാനും നിര്‍ദേശിച്ചു. പുതിയ നിര്‍വചനം വഴി ഖനനത്തിന്‌ അനുമതി ലഭിക്കുന്ന പ്രദേശങ്ങളുടെ വ്യാപ്‌തി വര്‍ധിക്കുമോയെന്നു പരിശോധിക്കണം.
കുന്നുകളുടെ ഉയരവും കുന്നുകള്‍ക്കിടയിലെ അകലവും സംബന്ധിച്ചും ഇവയ്‌ക്കിടയില്‍ ഖനനം അനുവദിക്കാനാകുമോ എന്നത്‌ സംബന്ധിച്ചും വ്യക്‌തത വരുത്തണം.
കുന്നുകളുടെയും മലനിരകളുടെയും നിര്‍വചനം ഉള്‍പ്പെടെ ആരവല്ലിയുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ അവ്യക്‌തതകള്‍ നീക്കാന്‍ സ്വതന്ത്ര വിദഗ്‌ധ അഭിപ്രായം ആവശ്യമാണ്‌.- കോടതി വ്യക്‌തമാക്കി. ആരവല്ലി പര്‍വത നിരകളുടെ പാരിസ്‌ഥിതികവും ഘടനാപരവുമായ തുടര്‍ച്ച സമഗ്രമായ വിലയിരുത്തല്‍ ആവശ്യമാകില്ലേയെന്നും കോടതി ചോദിച്ചു. നവംബര്‍ 20 ന്‌ സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവിലാണ്‌ ആരവല്ലി മലനിരകളെ സംബന്ധിച്ച പുതിയ നിര്‍വചനം അംഗീകരിച്ചത്‌. ഇതുപ്രകാരം, തറനിരപ്പില്‍നിന്നു നൂറുമീറ്ററോ അതില്‍ക്കൂടുതലോ ഉയരത്തിലുള്ള കുന്നുകളാണ്‌ ആരവല്ലി കുന്നിന്റെ നിര്‍വചനത്തില്‍ വരിക. 500 മീറ്റര്‍ ദൂരപരിധിക്കകത്ത്‌ രണ്ടോ അതിലധികമോ വരുന്ന ഇത്തരം ആരവല്ലി കുന്നുകളെ ചേര്‍ത്ത്‌ ആരവല്ലി മലനിരകളായി കണക്കാക്കും. ഈ നിര്‍വചനത്തിനകത്തുപെടാത്തവയൊന്നും ആരവല്ലിയുടെ ഭാഗമാകില്ല. ആരവല്ലിയുടെ ഭാഗമാകാത്തവയ്‌ക്കു കര്‍ശനമായ ഖനനവിലക്ക്‌ ബാധകമാക്കേണ്ടതില്ല. ഇതു പ്രകാരം ആരവല്ലിയുടെ 90 ശതമാനം ഭാഗവും നിര്‍വചനപരിധിക്ക്‌ പുറത്താകുമെന്നും ഖനനമാഫിയയ്‌ക്ക്‌ വലിയ ചൂഷണത്തിന്‌ അവസരമൊരുങ്ങുമെന്നുമാണ്‌ വിമര്‍ശനമുയര്‍ന്നത്‌. ഡല്‍ഹി, ഹരിയാന, രാജസ്‌ഥാന്‍, ഗുജറാത്ത്‌ എന്നിവിടങ്ങളിലായി വ്യാപിച്ചുകിടക്കുന്നതാണ്‌ ആരവല്ലി കുന്നുകള്‍.

Ads by Google
Tuesday 30 Dec 2025 09.00 AM
YOU MAY BE INTERESTED
Ads by Google
Ads by Google