Thursday, March 19, 2026 Last Updated 16 Min 32 Sec ago Malayalam Edition
Todays E paper
Ads by Google
Monday 29 Dec 2025 02.05 AM

സ്‌റ്റാന്‍ഡിങ്‌ കമ്മിറ്റി തെരഞ്ഞെടുപ്പ്‌ അഞ്ചുമുതല്‍

തിരുവനന്തപുരം: അധ്യക്ഷ, ഉപാധ്യക്ഷ തെരഞ്ഞെടുപ്പ്‌ പൂര്‍ത്തിയായ തദ്ദേശ സ്‌ഥാപനങ്ങളിലെ സ്‌റ്റാന്‍ഡിങ്‌ കമ്മിറ്റി അംഗങ്ങളുടെ തെരഞ്ഞെടുപ്പ്‌ അഞ്ചുമുതല്‍ ഏഴുവരെ തീയതികളില്‍ നടക്കും. സംസ്‌ഥാന തെരഞ്ഞെടുപ്പ്‌ കമ്മിഷണര്‍ എ. ഷാജഹാനാണ്‌ ഇക്കാര്യം അറിയിച്ചത്‌. അംഗങ്ങളുടെ തെരഞ്ഞെടുപ്പ്‌ കഴിഞ്ഞാല്‍ ചെയര്‍മാന്‍മാരുടെ തെരഞ്ഞെടുപ്പ്‌ അതത്‌ വരണാധികാരികള്‍ നടത്തും.
ഗ്രാമ, ബ്ലോക്ക്‌ പഞ്ചായത്തുകളില്‍ ധനകാര്യം, വികസനകാര്യം, ക്ഷേമകാര്യം, ആരോഗ്യ വിദ്യാഭ്യാസകാര്യം എന്നിങ്ങനെ നാലും ജില്ലാ പഞ്ചായത്തില്‍ ധനകാര്യം, വികസനകാര്യം, മരാമത്ത്‌കാര്യം, ആരോഗ്യ വിദ്യാഭ്യാസകാര്യം, ക്ഷേമകാര്യം എന്നിങ്ങനെ അഞ്ച്‌ സ്‌റ്റാന്‍ഡിങ്‌ കമ്മിറ്റികളുമാണ്‌ രൂപീകരിക്കേണ്ടത്‌.
മുനിസിപ്പാലിറ്റികളില്‍ ധനകാര്യം, വികസനകാര്യം, ക്ഷേമകാര്യം, ആരോഗ്യകാര്യം, മരാമത്ത്‌ കാര്യം, വിദ്യാഭ്യാസ കലാകായികകാര്യം എന്നിങ്ങനെ ആറും കോര്‍പ്പറേഷനുകളില്‍ ധനകാര്യം, വികസനകാര്യം, ക്ഷേമകാര്യം, ആരോഗ്യകാര്യം, മരാമത്ത്‌കാര്യം നഗരാസൂത്രണകാര്യം, നികുതി അപ്പീല്‍കാര്യം, വിദ്യാഭ്യാസ കായികകാര്യം എന്നിങ്ങനെ എട്ടു സ്‌റ്റാന്‍ഡിങ്‌ കമ്മിറ്റികളുമാണുള്ളത്‌.
സ്‌റ്റാന്‍ഡിങ്‌ കമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടുക്കാനുള്ള യോഗം ബന്ധപ്പെട്ട തദ്ദേശസ്‌ഥാപനത്തിലാണ്‌ നടക്കുക. യോഗ സ്‌ഥലം, തീയതി, സമയം എന്നിവ ഉള്‍പ്പെട്ട നോട്ടീസ്‌ എല്ലാ അംഗങ്ങള്‍ക്കും യോഗതീയതിക്ക്‌ അഞ്ചു ദിവസം മുമ്പ്‌ വരണാധികാരി നല്‍കും. നാമനിര്‍ദേശം വരണാധികാരിക്ക്‌ സമര്‍പ്പിക്കേണ്ട അവസാനതീയതിയും സമയവും നോട്ടീസിലുണ്ടാകും. ചെയര്‍മാന്‍മാരെ തെരഞ്ഞെടുക്കാനുള്ള നോട്ടീസ്‌ സ്‌റ്റാന്‍ഡിങ്‌ കമ്മിറ്റിയിലെ എല്ലാ അംഗങ്ങള്‍ക്കും യോഗതീയതിക്ക്‌ രണ്ടു ദിവസം മുമ്പ്‌ നല്‍കും.
സ്‌റ്റാന്‍ഡിങ്‌ കമ്മിറ്റി അംഗ തെരഞ്ഞെടുപ്പില്‍ സ്‌ഥാനാര്‍ഥിക്ക്‌ സ്വയം നാമനിര്‍ദേശം സമര്‍പ്പിക്കാം. നാമനിര്‍ദേശപത്രികയ്‌ക്ക്‌ പ്രത്യേക ഫോറങ്ങളും നിര്‍ണയിച്ചിട്ടില്ല. ധനകാര്യമുള്‍പ്പെടെയുള്ള എല്ലാ സ്‌റ്റാന്‍ഡിങ്‌ കമ്മിറ്റികളിലും ഒരു സ്‌ഥാനം സ്‌ത്രീകള്‍ക്കായി സംവരണം ചെയ്‌തിട്ടുണ്ട്‌. ചെയര്‍മാന്‍ സ്‌ഥാനങ്ങളിലും സ്‌ത്രീ സംവരണം നിശ്‌ചയിച്ചിട്ടുണ്ട്‌. സ്‌ത്രീ സംവരണസ്‌ഥാനത്തേക്കായിരിക്കും ആദ്യം തെരഞ്ഞെടുപ്പ്‌. ഇതിനുശേഷമായിരിക്കും മറ്റ്‌ അംഗങ്ങളുടെ തെരഞ്ഞെടുപ്പ്‌.
സ്‌ഥാനാര്‍ഥികളുടെ എണ്ണം ഒഴിവുള്ള സ്‌ഥാനങ്ങളുടെ എണ്ണത്തേക്കാള്‍ കൂടുതലാണെങ്കില്‍ യോഗത്തില്‍ ഹാജരായ അംഗങ്ങളില്‍നിന്ന്‌ ആനുപാതിക പ്രാതിനിധ്യ സമ്പ്രദായമനുസരിച്ച്‌ ഒറ്റക്കൈമാറ്റ വോട്ട്‌മൂലം വോട്ടെടുപ്പ്‌ നടത്തിയാണ്‌ അംഗങ്ങളെ തെരഞ്ഞെടുക്കുക.

Ads by Google
Monday 29 Dec 2025 02.05 AM
YOU MAY BE INTERESTED
Ads by Google
Ads by Google