Thursday, March 19, 2026 Last Updated 0 Min 40 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 25 Dec 2025 02.28 AM

തൃശൂരിലും മേയര്‍ തര്‍ക്കം രൂക്ഷം; പരിഹാരത്തിന്‌ തീവ്രശ്രമം

uploads/news/2025/12/817549/25k4.jpg

തൃശൂര്‍: കൊച്ചിക്ക്‌ പിന്നാലെ തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷം. ലാലി ജെയിംസ്‌, ഡോ. നിജി ജസ്‌റ്റിന്‍, സുബി ബാബു എന്നിവരാണ്‌ പരിഗണനയിലുള്ളത്‌. ഇതില്‍ ലാലി ജെയിംസിനായി കൗണ്‍സിലര്‍മാരും ഡോ. നിജി ജസ്‌റ്റിനായി കോണ്‍ഗ്രസ്‌ നേതൃത്വവും ശക്‌തമായി രംഗത്തിറങ്ങിയതാണ്‌ തര്‍ക്കം രൂക്ഷമാക്കിയത്‌.
തര്‍ക്കം പരിഹരിക്കാന്‍ പാര്‍ലമെന്ററി പാര്‍ട്ടിയില്‍ വോട്ടിങ്ങ്‌ നടത്തണമെന്ന നിര്‍ദേശവും ഉയര്‍ന്നിട്ടുണ്ട്‌. തൃശൂര്‍ കോര്‍പറേഷനിലേക്ക്‌ നാലാം തവണയാണ്‌ ലാലി ജെയിംസ്‌ കൗണ്‍സിലറായി ജയിച്ചത്‌. ലാലൂരില്‍ 1527 വോട്ടിന്റെ റെക്കോര്‍ഡ്‌ ഭൂരിപക്ഷത്തിലായിരുന്നു വിജയം. യു.ഡി.എഫിന്റെ മേയര്‍ സ്‌ഥാനാര്‍ത്ഥിയാണ്‌ ലാലി ജയിംസ്‌. പരിഗണനയിലുള്ള സുബി ബാബു മുന്‍ ഡെപ്യൂട്ടി മേയറാണ്‌.
അതിനാല്‍ ഒരു ടേം എങ്കിലും മേയര്‍ പദവി നല്‍കണമെന്നാണ്‌ സുബിയെ അനുകൂലിക്കുന്നവര്‍ വാദിക്കുന്നത്‌. ഡി.സി.സി വൈസ്‌ പ്രസിഡന്റായ ഡോ. നിജി ജസ്‌റ്റിന്‌ എ.ഐ.സി.സി, കെ.പി.സി.സി തലങ്ങളില്‍ നിന്നും പിന്തുണയുണ്ട്‌. കിഴക്കുംപാട്ടുകര ഡിവിഷനില്‍ നിന്ന്‌ ജയിച്ചുവന്ന തൃശൂരിലെ പ്രമുഖ ഗൈനക്കോളജിസ്‌റ്റാണ്‌ ഡോ. നിജി. യൂത്ത്‌ കോണ്‍ഗ്രസ്‌ സംസ്‌ഥാന വൈസ്‌ പ്രസിഡന്റായിരുന്ന സമയത്ത്‌ ഒല്ലൂര്‍ നിയമസഭാ മണ്ഡലത്തില്‍ സ്‌ഥാനാര്‍ത്ഥിയായി അവസാന നിമിഷം വരെ പരിഗണിക്കപ്പെട്ടിരുന്നു.
മേയര്‍ തര്‍ക്കത്തില്‍ എത്രയും വേഗം രമ്യമായ പരിഹാരം കണ്ടെത്താനാണ്‌ കോണ്‍ഗ്രസ്‌ നേതൃത്വത്തിന്റെ ശ്രമം. ഡെപ്യൂട്ടി മേയര്‍ സ്‌ഥാനത്തേക്ക്‌ രണ്ടു ടേം നടപ്പാക്കാനും ഏകദേശ ധാരണയായിട്ടുണ്ടെന്നാണ്‌ സൂചന. ആദ്യ ടേമില്‍ കെ.പി.സി.സി സെക്രട്ടറി എ പ്രസാദ്‌ വന്നേക്കും. രണ്ടാം ടേമില്‍ ബൈജു വര്‍ഗീസിനെ പരിഗണിക്കും. ഡി.സി.സി പ്രസിഡന്റ്‌ ജോസഫ്‌ ടാജറ്റിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്‌ കൗണ്‍സിലര്‍മാരുടെ യോഗം ചേര്‍ന്ന്‌ ഓരോരുത്തരുടെയും അഭിപ്രായം കേട്ടിരുന്നു.
തെരഞ്ഞെടുപ്പില്‍ ഒരുപരിധിവരെ ഗ്രൂപ്പ്‌ പോര്‌ ഒഴിഞ്ഞ്‌ നിന്നെങ്കില്‍ ഭൂരിപക്ഷം നേടി ഭരണം ഉറപ്പിച്ചിന്‌ പിന്നാലെ എല്ലാ നേതാക്കളും ഗ്രൂപ്പ്‌ വക്‌താക്കളായി മാറിയതാണ്‌ മേയര്‍ ആരെന്ന്‌ തീരുമാനിക്കുന്നതിന്‌ മാരത്തോണ്‍ ചര്‍ച്ചകളും ഫലം കാണാതെ വന്നത്‌. തദ്ദേശ സ്‌ഥാപന അധ്യക്ഷരുടെ കാര്യത്തില്‍ പാര്‍ട്ടി പ്രദേശിക നേതൃത്വങ്ങള്‍ തീരുമാനമെടുക്കുമെന്നായിരുന്നു തുടക്കത്തില്‍ കെ.പി.സി.സി നേതൃത്വവും പ്രതിപക്ഷ നേതാവ്‌ അടക്കമുള്ള നേതാക്കളും പറഞ്ഞിരുന്നത്‌. എന്നാല്‍, കൊച്ചിയിലും തൃശൂരിലും മേയര്‍ വിഷയത്തില്‍ ഹൈക്കമാന്‍ഡ്‌ തലത്തില്‍ വരെ ഇടപെടലുണ്ടായെന്ന വിവരങ്ങളാണ്‌ പുറത്തുവന്നത്‌.

Ads by Google
Thursday 25 Dec 2025 02.28 AM
YOU MAY BE INTERESTED
Ads by Google
Ads by Google