Thursday, March 19, 2026 Last Updated 1 Min 54 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 24 Dec 2025 08.35 AM

അപകടത്തില്‍ പരിക്കേറ്റ യുവാവ്‌ മരിച്ചു

uploads/news/2025/12/817453/2.jpg

തൃപ്പൂണിത്തുറ: വാഹനാപകടത്തില്‍ പരുക്കേറ്റ്‌ നടുറോഡില്‍ കിടന്ന യുവാവിന്റെ ജീവന്‍ രക്ഷിക്കാന്‍ ഡോക്‌ടര്‍മാര്‍ നടത്തിയ ശ്രമങ്ങള്‍ വിഫലമായി.
യുവാവ്‌ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു. ഉദയംപേരൂര്‍ വലിയകുളത്ത്‌ ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച്‌ ഗുരുതരമായി പരിക്കേറ്റ കൊല്ലം പുന്നല ഇഞ്ചൂര്‍ ഉന്നതിയില്‍ ലീനീഷ്‌ ഭവനില്‍ ഡെന്നിസ്‌ ജോസഫിന്റെ മകന്‍ വി.ഡി. ലിനു (40) വാണ്‌ മരിച്ചത്‌. വൈറ്റിലയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ ഉച്ചയ്‌ക്ക്‌ 2.30 യോടെയായിരുന്നു മരണം.
ഞായറാഴ്‌ച രാത്രി 8.30 ന്‌ തൃപ്പൂണിത്തുറ-വൈക്കം റോഡിലായിയിരുന്നു അപകടം. ലിനു സഞ്ചരിച്ച സ്‌കൂട്ടര്‍ മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. മുളന്തുരുത്തി ചെങ്ങോലപ്പാടം സ്വദേശി വിപിന്‍, വേഴപ്പറമ്പ്‌ സ്വദേശി മനു എന്നിവരാണ്‌ ബൈക്കിലുണ്ടായിരുന്നത്‌. അപകടത്തില്‍ ഇവര്‍ക്കും പരിക്കേറ്റിരുന്നു.
പരുക്കേറ്റ്‌ ശ്വാസമെടുക്കാന്‍ കഴിയാത്ത നിലയില്‍ റോഡില്‍ കിടന്ന ലിനുവിന്റെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ച മൂന്നു യുവ ഡോക്‌ടര്‍മാരെ സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേര്‍ അഭിനന്ദനം അറിയിച്ചിരുന്നു. സംഭവസ്‌ഥലത്തുകൂടി പോവുകയായിരുന്ന കോട്ടയം മെഡിക്കല്‍ കോളജിലെ കാര്‍ഡിയാക്‌ ശസ്‌ത്രക്രിയാ വിഭാഗം അസിസ്‌റ്റന്റ്‌ പ്രഫസര്‍ ഡോ. ബി. മനൂപ്‌, അപകടം കണ്ട്‌ വാഹനം നിര്‍ത്തിയ കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലെ ഡോ. തോമസ്‌ പീറ്റര്‍, ഡോ. ദിദിയ കെ. തോമസ്‌ എന്നിവര്‍ ചേര്‍ന്നാണു രക്ഷാപ്രവര്‍ത്തനം നടത്തിയത്‌. അടിയന്തര നടപടി ആവശ്യമാണെന്നു മനസിലാക്കിയ ഇവര്‍ റോഡില്‍ വച്ചുതന്നെ ശസ്‌ത്രക്രിയ നടത്താന്‍ തീരുമാനിക്കുകയായിരുന്നു.
ഉദയംപേരൂര്‍ പൊലീസിനോടു കാര്യങ്ങള്‍ പറഞ്ഞശേഷമായിരുന്നു ഇത്‌. നാട്ടുകാര്‍ സംഘടിപ്പിച്ചുനല്‍കിയ ബ്ലേഡുകൊണ്ട്‌ ഡോ. മനൂപ്‌, ലിനുവിന്റെ കഴുത്തില്‍ മുറിവുണ്ടാക്കി ശ്വാസനാളത്തിലേക്കു ശീതളപാനീയത്തിന്റെ സ്‌ട്രോ കടത്തിവിട്ട്‌ ശ്വാസഗതി തിരിച്ചുപിടിച്ചു. സഹായിക്കാന്‍ ഡോ. തോമസ്‌ പീറ്ററും ഡോ. ദിദിയ കെ. തോമസും ഒപ്പംനിന്നു. തുടര്‍ന്ന്‌ ലിനുവിനെ ആംബുലന്‍സില്‍ വൈറ്റിലയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കും വരെ ഡോ. മനൂപ്‌ കൂടെയുണ്ടായിരുന്നു.
വാഹനാപകടത്തില്‍പ്പെട്ട യുവാവിനെ നടുറോഡില്‍ വച്ച്‌ ശസ്‌ത്രക്രിയ നടത്തി രക്ഷിക്കാന്‍ ശ്രമിച്ച ഡോക്‌ടര്‍മാരെ അഭിനന്ദിച്ച്‌ പ്രതിപക്ഷ നേതാവ്‌ വി.ഡി. സതീശന്‍ രംഗത്തെത്തിയിരുന്നു.
സമൂഹത്തിനു വലിയൊരു മാതൃകയാണ്‌ ഈ ഡോക്‌ടര്‍മാര്‍ നല്‍കിയതെന്നും പ്രതിസന്ധി ഘട്ടത്തില്‍ നാട്ടുകാരും പൊലീസും നല്‍കിയ സഹായം എടുത്തുപറയേണ്ടതാണെന്നും സതീശന്‍ പറഞ്ഞു.

Ads by Google
Wednesday 24 Dec 2025 08.35 AM
YOU MAY BE INTERESTED
Ads by Google
Ads by Google