Thursday, March 19, 2026 Last Updated 3 Min 41 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 20 Dec 2025 10.47 AM

ആരോഗ്യ നികേതനം

uploads/news/2025/12/816964/4.jpg

അച്ചന്‍കോവിലാറിന്റെ തീരത്ത്‌ അഞ്ചേക്കറില്‍ പരന്നു കിടക്കുന്ന ആരോഗ്യ നികേതനം ഡോ. ജി. വിജയകുമാറിന്റെ സ്വപ്‌ന പദ്ധതിയാണ്‌. പ്രമേഹരോഗ ചികിത്സയ്‌ക്ക്‌ പേര്‌ കേട്ട തന്റെ ആശുപത്രിക്ക്‌ അടുത്തു തന്നെയായാണ്‌, രോഗത്തിനുള്ള മരുന്നുകള്‍ക്കപ്പുറം, ആരോഗ്യകരമായ ജീവിതത്തിന്റെ ഉള്‍ക്കാമ്പ്‌ തിരഞ്ഞുള്ള അദ്ദേഹത്തിന്റെ നീണ്ടയാത്രയിലെ അനുഭവസമ്പത്തുകളും അറിവുകളും ശേഖരിച്ചു വച്ചിരിക്കുന്ന ഈ പാര്‍ക്കും നിര്‍മിച്ചിരിക്കുന്നത്‌. അസുഖം വന്നിട്ട്‌ ആശുപത്രിയില്‍ പോയി മരുന്ന്‌ വാങ്ങുന്നതിലല്ല, മറിച്ച്‌ വരാതെ നോക്കുന്നത്‌ തന്നെയാണ്‌ പ്രധാനം എന്നുള്ളതാണ്‌ ഈ ഹെല്‍ത്ത്‌ പാര്‍ക്കിന്റെ പിന്നിലെ ആശയം. നമ്മുടെ സമൂഹം രോഗാതുരമായ അവസ്‌ഥയില്‍നിന്നും മാറി, ആരോഗ്യപരമായ, ഊര്‍ജസ്വലരായ ഒരു ഭാവി തലമുറയെ സൃഷ്‌ടിക്കുമെന്ന പ്രതീക്ഷയുടെ സ്വപ്‌നത്തിന്റെ പേരാണ്‌ ആരോഗ്യനികേതനം.
എങ്ങനെ നമ്മള്‍ ഈ അവസ്‌ഥയിലെത്തി? നമ്മുടെ മുന്‍തലമുറ ആരോഗ്യത്തോടെ ജീവിച്ചിരുന്നത്‌ എങ്ങനെയായിരുന്നു? നമ്മുടെ ജീവിതത്തില്‍ വന്ന എന്തൊക്കെ മാറ്റങ്ങളാണ്‌ അനാരോഗ്യം ഉണ്ടാക്കിയത്‌? എന്തൊക്കെയാണ്‌ നമ്മുടെ പുതിയ ജീവിതശൈലിയുടെ കുഴപ്പങ്ങള്‍? ആധുനിക സൗകര്യങ്ങള്‍, വാഹനങ്ങള്‍, അധ്വാനം തീരെയില്ലാത്ത ജീവിതം. അമിതമായ ഊര്‍ജമടങ്ങിയ ഭക്ഷണം റിഫൈന്‍ഡ്‌ ഫുഡും ജങ്ക്‌ ഫുഡും കഴിച്ച്‌ അമിതവണ്ണത്തിലേക്ക്‌ നീങ്ങുന്ന ശരീരം. അതീവവേഗത്തിലുള്ള ആശയവിനിമയം, തിരക്ക്‌, പലകാര്യങ്ങളില്‍ ഇടപെടുന്ന ജീവിതം. അത്തരം ജീവിതശൈലിയുടെ കൂടപ്പിറപ്പായ സ്‌ട്രെസ്സ്‌. ഇതൊക്കെ ചേര്‍ന്ന്‌ രോഗാവസ്‌ഥയിലേക്ക്‌ പെട്ടെന്ന്‌ പതിക്കുന്ന നമ്മുടെ ജീവിതം. നമ്മുടെ മുന്നില്‍ തുറന്നു വച്ച ഒരു കണ്ണാടിയിലെന്ന പോലെ, നമ്മുടെ പരിണാമവും അവസ്‌ഥയുമൊക്കെ മായാതെ വരച്ചു വയ്‌ക്കുന്നു, ആരോഗ്യനികേതനം.
കുഴപ്പങ്ങള്‍ മാത്രമല്ല, പ്രതിവിധികളും ഇവിടെത്തന്നെയുണ്ട്‌. അധ്വാനക്കുറവിനു മരുന്നായി വ്യായാമം, ആഹാരരീതിയില്‍ വരുത്തേണ്ട മാറ്റങ്ങള്‍, മാനസിക സംഘര്‍ഷം ഇല്ലാതാക്കാനുള്ള വിനോദങ്ങള്‍, കൂടിച്ചേരലുകളും സൗഹൃദങ്ങളും, ശരീരത്തിനും മനസിനും ഒരുപോലെ സുഖം പകരുന്ന യോഗ. എല്ലാത്തിനും ഉപരി പ്രകൃതിയുടെ മടിത്തട്ടില്‍ എല്ലാ ആവലാതികളും മറന്ന്‌ ഉല്ലസിക്കുവാനും സ്വസ്‌ഥമായി സമയം ചെലവഴിക്കാനുമുള്ള അവസരം.
ആരോഗ്യനികേതനത്തില്‍ ഒരു ദിവസം ചെലവഴിക്കുക എന്നത്‌ സ്വയം റീചാര്‍ജ്‌ ചെയ്യുന്ന, സ്വയം നവീകരിക്കുന്ന ഒരു അനുഭവമാണ്‌. രോഗപ്രതിരോധത്തെക്കുറിച്ച്‌ മാത്രമല്ല ആരോഗ്യനികേതനത്തിന്റെ ഫോക്കസ്‌. ജീവിതശൈലീ രോഗങ്ങളായ പ്രമേഹം, ഹൃദ്രോഗം തുടങ്ങിയവ ബാധിച്ചവര്‍ക്ക്‌, തങ്ങളുടെ രോഗം നിയന്ത്രണത്തില്‍ നിര്‍ത്താനും സാധാരണപോലെ ജീവിക്കാനും വേണ്ടതും ഇതേ ജീവിശെലീ ക്രമീകരണങ്ങളാണ്‌. ആഹാരരീതിയെക്കുറിച്ചും വ്യായാമത്തെക്കുറിച്ചും ശാസ്‌ത്രീയമായി കാര്യങ്ങള്‍ ഓരോരുത്തര്‍ക്കും പറഞ്ഞു കൊടുക്കാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിദഗ്‌ധരായ ആരോഗ്യപ്രവര്‍ത്തകരും ഇവിടെയുണ്ട്‌.
ചരിത്രത്തിലൂടെ നടക്കാവുന്ന ഹിസ്‌റ്റോറിക്കല്‍ വാക്ക്‌, മൂന്ന്‌ ജീവിതസാഹചര്യങ്ങളെയും കാലഘട്ടത്തെയും പരിചയപ്പെടുത്തുന്ന ലൈഫ്‌ സ്‌റ്റൈല്‍ മ്യൂസിയം, കുട്ടികള്‍ക്ക്‌ ഒത്തുചേര്‍ന്ന്‌ കളിക്കാനായി ചില്‍ഡ്രന്‍സ്‌ പ്ലേ ഏരിയ, പ്രകൃതിയോട്‌ ചേര്‍ന്ന്‌ വ്യായാമം ചെയ്യാവുന്ന ഔട്ട്‌ഡോര്‍ ജിം, പുഴയോട്‌ ചേര്‍ന്ന്‌ നടക്കാവുന്ന 800 മീറ്റര്‍ നീളമുള്ള ഗ്രീന്‍ വാക്ക്‌വേ, ഫേ്ലാറ ആന്‍ഡ്‌ ഫോണ, ഒരു ദിവസം എത്ര ഭക്ഷണം കഴിക്കണമെന്നറിയുവാനുള്ള ടച്ച്‌സ്‌ക്രീന്‍ കിയോസ്‌ക്കും, ജീവിതചര്യാ രോഗങ്ങളെ വിശദമായി അറിയുവാനുള്ള വീഡിയോ സ്‌ക്രീനും, ആഹാരക്രമത്തെക്കുറിച്ചറിയാവുന്ന മോഡലുകളും അടങ്ങിയ ഡയറ്റ്‌ കോര്‍ണര്‍, കുടുംബങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും ചെറുസംഘമായിരുന്ന്‌ 4കെ സിനിമ കാണാവുന്ന മിനി തിയേറ്റര്‍, പാട്ടിനൊപ്പം നൃത്തം ചെയ്യാവുന്ന വാട്ടര്‍വാള്‍ പ്ര?ജക്‌ഷന്‍, കലകള്‍ക്കും നാടകത്തിനും സംഗീതത്തിനുമായി ഓപ്പണ്‍ എയര്‍ തിയേറ്റര്‍, ലോകപ്രശസ്‌ത സസ്യശാസ്‌ത്രജ്‌ഞന്‍ അകീര മിയാവാക്കി ലോകത്തിന്‌ മുന്നില്‍ അവതരിപ്പിച്ച വനവല്‍ക്കരണ മാതൃകയായ മിയാവാക്കി ഫോറസ്‌റ്റ്‌, ഫാസ്‌റ്റ്‌ഫുഡ്‌ അല്ലാതെ സ്ലോഫുഡിനെക്കുറിച്ച്‌ ആലോചിക്കാവുന്ന ഓര്‍ഗാനിക്‌ ഫാമിങ്‌, പ്രമേഹബോധവല്‍ക്കരണത്തിന്റെ എക്‌സിബിഷന്‍ എന്നിവയാണ്‌ ഇവിടുത്തെ പ്രത്യേകതകള്‍.
തിരക്കുകളില്‍നിന്നും പ്രശ്‌നങ്ങളില്‍നിന്നും മാറി ഒരു ഒഴിവുദിവസം, സ്‌ട്രെസ്സ്‌ ഇല്ലാത്ത, ആരോഗ്യകരമായ ഒരു അന്തരീക്ഷത്തില്‍ വിനോദത്തിലൂടെ നാം പഠിക്കുന്നു. എവിടെയാണ്‌ പിഴച്ചത്‌, എങ്ങനെയാണ്‌ മുന്നോട്ട്‌ പോകേണ്ടതെന്ന്‌. അതിനാവശ്യമായ എല്ലാ അറിവുകളും ഉപാധികളും ഇവിടെ ലഭിക്കുന്നു. കുടുംബവും സുഹൃത്തുക്കളുമൊക്കെ ഒത്തുചേര്‍ന്ന്‌ ഒരു ആരോഗ്യ ഉല്ലാസയാത്ര. അതിനുള്ള അവസരമാണ്‌ ഈ ഹെല്‍ത്ത്‌ പാര്‍ക്ക്‌. ചികിത്സയുടെയും മരുന്നുകളുടെയും മറുപുറത്ത്‌, ചികിത്സയും മരുന്നും ഒഴിവാക്കാന്‍ പറ്റുന്ന, ആരോഗ്യകരമായ ജീവിതത്തിന്‌ വഴിയൊരുക്കുന്ന, കേരളത്തിന്റെ ആരോഗ്യമേഖലയില്‍ തന്നെ പരിവര്‍ത്തനം വരുത്താന്‍ കഴിയുന്ന ഒരു മാതൃക. നമ്മുടെ ഓരോരുത്തരുടെയും, അടുത്ത തലമുറയുടെയും, സമൂഹത്തിന്റെ തന്നെയും ഗതി മാറ്റാന്‍ കഴിയുന്ന ഒരു പുതിയ അനുഭവമാണ്‌ ആരോഗ്യനികേതനം.

Ads by Google
Saturday 20 Dec 2025 10.47 AM
YOU MAY BE INTERESTED
Ads by Google
Ads by Google