Thursday, March 19, 2026 Last Updated 4 Min 15 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 20 Dec 2025 10.47 AM

എലപ്പുള്ളി ബ്രൂവറിക്ക്‌ നല്‍കിയ അനുമതി റദ്ദാക്കി ഹൈക്കോടതി

കൊച്ചി: പാലക്കാട്‌ എലപ്പുള്ളിയില്‍ ബ്രൂവറിക്ക്‌ അനുമതി നല്‍കിയ സംസ്‌ഥാന സര്‍ക്കാരിന്റെ നടപടി ഹൈക്കോടതി റദ്ദാക്കി.
നടപടിക്രമങ്ങള്‍ക്ക്‌ വിരുദ്ധമായാണ്‌ അനുമതി നല്‍കിയതെന്നു ചൂണ്ടിക്കാട്ടിയാണ്‌ ജസ്‌റ്റിസുമാരായ സതീഷ്‌ നൈനാന്‍, പി.കൃഷ്‌ണകുമാര്‍ എന്നിവരുടെ ഡിവിഷന്‍ ബെഞ്ച്‌ സ്വകാര്യ കമ്പനിയായ ഒയേസിസിനു നല്‍കിയ പ്രാഥമിക അനുമതി റദ്ദാക്കിയത്‌. ബ്രൂവവറിക്ക്‌ അനുമതി നല്‍കിയതിനെതിരെ ഒരുകൂട്ടം പൊതുതാല്‍പര്യ ഹര്‍ജികളാണ്‌ ഹൈക്കോടതി പരിഗണിച്ചത്‌. ഈ വര്‍ഷം ജനുവരി 16നാണ്‌ കമ്പനി തുടങ്ങാനുള്ള പ്രാഥമികാനുമതി നല്‍കിയത്‌. എന്നാല്‍ അതിരൂക്ഷമായ ജലക്ഷാമം നേരിടുന്ന എലപ്പുള്ളിയില്‍ ഇത്രയും വലിയൊരു പ്ലാന്റ്‌ വരുന്നതോടെ നാട്‌ മരുഭൂമിയായി മാറുമെന്ന്‌ ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. ഭൂഗര്‍ഭജലം വറ്റുന്നത്‌ കര്‍ഷകരെയും പ്രതിസന്ധിയിലാക്കും. പ്രതിദിനം 5,000 കിലോ ലീറ്റര്‍ വെള്ളം ആവശ്യമായി വരുമെന്നാണ്‌ പറഞ്ഞിരിക്കുന്നത്‌. ഇത്‌ ജനജീവിതത്തെ ബാധിക്കുമെന്ന ആശങ്കയ്‌ക്ക്‌ പ്രാധാന്യമുണ്ടെന്നും ഉത്തരവില്‍ പറയുന്നു.
പ്ലാന്റ്‌ കഞ്ചിക്കോട്‌ വ്യവസായ മേഖലയിലാണെന്ന്‌ കാണിച്ചാണ്‌ അനുമതി വാങ്ങിയതെങ്കിലും എലപ്പുള്ളി പഞ്ചായത്തിലാണ്‌ സ്‌ഥിതി ചെയ്യുന്നതെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. ഈ വാദങ്ങള്‍ അംഗീകരിച്ചാണ്‌ അനുമതി ഹൈക്കോടതി റദ്ദാക്കിയത്‌.
മൂന്ന്‌ ഡിസ്‌റ്റിലറികള്‍ തുടങ്ങാന്‍ 2025ല്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നെങ്കിലും എലപ്പുള്ളി പഞ്ചായത്തിലുള്ളതിനോട്‌ മാത്രമാണ്‌ എതിര്‍പ്പുയര്‍ന്നതെന്ന്‌ വാദത്തിന്‌, ഹര്‍ജിക്കാര്‍ ആ പഞ്ചായത്തില്‍ താമസിക്കുന്നവരാണെന്ന മറുപടി നിലനില്‍ക്കുന്നതാണെന്ന്‌ കോടതി വ്യക്‌തമാക്കി.
600 കോടി രൂപയുടെ നിക്ഷേപവും പ്രതിദിനം 500 കിലോ ലീറ്റര്‍ ഉല്‍പ്പാദന ശേഷിയുമുള്ള പദ്ധതിയില്‍ എഥനോള്‍ പ്ലാന്റ്‌, മള്‍ട്ടി ഫീഡ്‌ ഡിസ്‌റ്റിലേഷന്‍ യൂണിറ്റ്‌, വിദേശമദ്യ ബോട്ടിലിങ്ങ്‌ യൂണിറ്റ്‌, ബ്രൂവറി തുടങ്ങിയവയാണ്‌ കമ്പനിയുടെ അപേക്ഷയില്‍ ഉണ്ടായിരുന്നത്‌. അതേസമയം, കൃത്യമായ പഠനം നടത്തി, നടപടിക്രമങ്ങള്‍ പാലിച്ച്‌ പുതിയ അപേക്ഷകളില്‍ തീരുമാനമെടുക്കുന്നതിനു തടസമില്ലെന്നും കോടതി വ്യക്‌തമാക്കിയിട്ടുണ്ട്‌.

Ads by Google
Saturday 20 Dec 2025 10.47 AM
YOU MAY BE INTERESTED
Ads by Google
Ads by Google