Sunday, March 22, 2026 Last Updated 7 Min 45 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 06 Nov 2025 11.57 AM

പ്രശാന്തിന്റെ കാലാവധി നീട്ടിയേക്കില്ല ; ദേവസ്വംബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്തേക്ക് സമ്പത്ത് പരിഗണനയില്‍

uploads/news/2025/11/809411/sampath.jpg

തിരുവനന്തപുരം: ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്ത് മുന്‍ എംപി എ സമ്പത്തിന് സാധ്യതയെന്ന് റിപ്പോര്‍ട്ട്. പി. പ്രശാന്തിന്റെ കാലാവധി പൂര്‍ത്തിയാകുന്ന സാഹചര്യത്തില്‍ അദ്ദേഹത്തിന് കാലാവധി നീട്ടി നല്‍കിയേക്കില്ല. അടുത്ത മന്ത്രിസഭാ യോഗത്തില്‍ പുതിയ ഭരണസമിതിയെ നിശ്ചയിക്കും. സമ്പത്തിന്റെ കാര്യത്തില്‍ സിപിഐഎം നേതൃത്വം തീരുമാനമെടുത്തതായാണ് പുറത്തുവരുന്ന വിവരം.

സ്വര്‍ണപ്പാളി വിവാദമടക്കം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പി എസ് പ്രശാന്ത് അടക്കമുള്ള നിലവിലെ ഭരണസമിതിക്ക് തുടര്‍ഭരണം നല്‍കേണ്ടതില്ല എന്ന തീരുമാനമെടുത്തിരിക്കുന്നത്. പ്രത്യേക അന്വേഷണസംഘം ഇന്നലെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടില്‍ നിലവിലെ ഭരണസമിതിയെ കൂടി പ്രതി സ്ഥാനത്ത് നിര്‍ത്തുന്ന സാഹചര്യത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിടേണ്ടി വരുമോ എന്ന ആശങ്ക പാര്‍ട്ടിക്കുള്ളില്‍ ശക്തമാണ്. നേരത്തേ ഭരണസമിതിയുടെ കാലാവധി നീട്ടിക്കൊടുക്കാന്‍ ആലോചിച്ചിരുന്നു.

വിവാദങ്ങളുടെ സാഹചര്യത്തില്‍ ഭരണസമിതി തുടരേണ്ട എന്ന തിരുമാനത്തിലേക്ക് എത്തുകയായിരുന്നു. സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗവും തിരുവനന്തപുരം ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷനുമായ വിളപ്പില്‍ രാധാകൃഷ്ണന്‍ ആയേക്കും സിപിഐ യുടെ പ്രതിനിധി. നിലവിലുള്ള ഭരണസമിതിയുടെ അവസാന യോഗം പതിനൊന്നിന് ചേരും. കെ രാധാകൃഷ്ണന്‍ ദേവസ്വം മന്ത്രിയായിരുന്ന കാലത്ത് പിഎയായിരുന്നു എ സമ്പത്ത്. ഈ അനുഭവപരിചയം മുന്‍ നിര്‍ത്തിയാണ് സമ്പത്തിന്റെ പേര് ചര്‍ച്ചയിലേക്ക് വന്നിരിക്കുന്നത്.

ശബരിമല സ്വര്‍ണക്കൊള്ളക്കേസ് പരിഗണിച്ചപ്പോള്‍ ഹൈക്കോടതി രൂക്ഷവിമര്‍ശനം നടത്തിയിരുന്നു. 2025 ജൂലൈ 28 വരെയുള്ള മിനുട്‌സ് ക്രമരഹിതമാണെന്നായിരുന്നു ഹൈക്കോടതി പറഞ്ഞത്. സെപ്റ്റംബറില്‍ ദ്വാരപാലകപ്പാളി കൊണ്ടുപോയ സമയത്തും മിനുട്‌സ് ബുക്കില്‍ രേഖപ്പെടുത്തുന്നതില്‍ വീഴ്ച വരുത്തി. ദ്വാരപാലക ശില്‍പങ്ങളുടെയും വാതിലിന്റെയും പകര്‍പ്പ് സൃഷ്ടിക്കാനുള്ള അളവെടുക്കാന്‍ നന്ദന്‍ എന്ന ആശാരിയെ പോറ്റി നിയോഗിച്ചു. ദ്വാരപാലക ശില്‍പപ്പാളിയും വാതില്‍പ്പാളിയും ഇളക്കിമാറ്റിയാണ് നന്ദന്‍ അളവെടുത്തത്.

നട തുറന്നിരുന്ന സമയത്ത് മേല്‍ശാന്തിയുടെ സാന്നിധ്യത്തിലായിരുന്നു അളവെടുപ്പ്. ഇതിന് ദേവസ്വം ബോര്‍ഡ് രേഖാമൂലമുള്ള അനുമതി നല്‍കിയിരുന്നില്ല. ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരും ഉണ്ണികൃഷ്ണന്‍ പോറ്റിയും തമ്മിലുള്ള ഇടപാടുകള്‍ സംശയകരമാണ്. വിശ്വാസ്യതയില്ലാത്ത പോറ്റിയെ ദേവസ്വം ഉദ്യോഗസ്ഥര്‍ വിശ്വസിച്ചതെന്തിനാണെന്നും ചോദിച്ചിരുന്നു.

ചെന്നൈയില്‍ എത്തിയ സമയത്ത് ദേവസ്വം ഉദ്യോഗസ്ഥര്‍ പോറ്റിയുടെ ആതിഥ്യം സ്വീകരിച്ചോയെന്നും അന്വേഷിക്കണം. 2025ല്‍ സ്വര്‍ണപ്പാളികള്‍ അറ്റകുറ്റപ്പണിക്ക് കൊണ്ടുപോകാന്‍ അടിയന്തര സാഹചര്യം സൃഷ്ടിച്ചു. ഹൈക്കോടതി ഉത്തരവും ദേവസ്വം മാനുവലും ബോര്‍ഡ് അധികൃതര്‍ ബോധപൂര്‍വ്വം ലംഘിച്ചുവെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.

Ads by Google
Thursday 06 Nov 2025 11.57 AM
YOU MAY BE INTERESTED
Ads by Google
Ads by Google