തിരുവനന്തപുരം: കെട്ടിടങ്ങളുടെ വിസ്തൃതി പരിഗണിക്കാതെ വനഭൂമിയില്‍ പട്ടയം അനുവദിക്കാനുള്ള തീരുമാനത്തിന് മന്ത്രിസഭയുടെ അംഗീകാരം. മലയോര മേഖലയുടെ ദീര്‍ഘകാല ആവശ്യത്തിനാണ് സംസ്ഥാന സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരിക്കുന്നത്.
1977-ന് മുമ്പ് വനഭൂമി കൈവശം വച്ചുവരുന്നവര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ അനുമതിയോടെ ഭൂമി പതിച്ചു നല്‍കാന്‍ 1993-ലെ ഭൂപതിവ് ചട്ടം വ്യവസ്ഥ ചെയ്യുന്നുണ്ട്. ഇത്തരത്തില്‍ ഭൂമി കൈവശം വച്ചുവരുന്നവര്‍ പലവിധ നിര്‍മാണപ്രവര്‍ത്തനങ്ങളും നടത്തിയിട്ടുണ്ട്. ചട്ടപ്രകാരം ഷോപ്പ് സൈറ്റിന് പട്ടയം അനുവദിക്കാന്‍ വ്യവസ്ഥയുണ്ട്. ഈ സാഹചര്യത്തിലാണ് കൈവശഭൂമിയില്‍ നിര്‍മാണ പ്രവൃത്തികള്‍ നടത്തിയിട്ടുണ്ടെങ്കില്‍ അതിന്റെ വിസ്തൃതി പരിഗണിക്കാതെ പട്ടയം നല്‍കാന്‍ മന്ത്രിസഭായോഗം അനുമതി നല്‍കിയത്.
ഭൂമി പ്രശ്‌നത്തില്‍ സര്‍ക്കാരിന്റെ നിര്‍ണായക ഇടപെടലാണ് വിസ്തൃതി പരിഗണിക്കാതെ വനഭൂമിയില്‍ പട്ടയം അനുവദിക്കാനുള്ള തീരുമാനം. വനഭൂമിയിലെ പട്ടയഭൂമിയിലുള്ള കെട്ടിടങ്ങളുടെ നിയമപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനാണ് മന്ത്രിസഭാ തീരുമാനം. സ്വകാര്യ കൈവശത്തിലുള്ള അധിക ഭൂമി ക്രമവത്കരിക്കാനുള്ള ബില്‍ കഴിഞ്ഞയാഴ്ചയാണ് നിയമസഭയില്‍ അവതരിപ്പിച്ചത്.
അംഗീകാരമാകുന്നതോടെ ആധാരത്തിലുള്ളതിനേക്കാള്‍ ഭൂമി കൈവശമുള്ളവര്‍ക്ക് ക്രമവത്കരിക്കാന്‍ സാധിക്കും. 60 ലക്ഷത്തിലധികം ലാന്‍ഡ് പാര്‍സലുകള്‍ സര്‍വേ ചെയ്തു കഴിഞ്ഞപ്പോള്‍, അതില്‍ പകുതിയിലധികം ഭൂമിയിലും ആധാരത്തില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ വിസ്തീര്‍ണം കണ്ടെത്തിയിരുന്നു. കൂടുതല്‍ വിസ്തീര്‍ണ്ണം പോക്കുവരവ് ചെയ്തു നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവ് നല്‍കിയിരുന്നു.
ഈ ബില്‍ സബ്ജക്ട് കമ്മിറ്റിയുടെ പരിശോധനക്കായി സമര്‍പ്പിച്ചിരിക്കുകയാണ്. അതേസമയം, നവംബര്‍ ഒന്നിന് നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ ഗവര്‍ണറോട് ശിപാര്‍ശ ചെയ്യാന്‍ മന്ത്രിസഭായോഗം തീമാനിച്ചു. അതിദരിദ്രരില്ലാത്ത കേരളം എന്ന പ്രഖ്യാപനം ഈ സമ്മേളനത്തിലുണ്ടാകും. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ അതിദരിദ്രരില്ലാ കേരളം എന്നത് പ്രധാന മുദ്രാവാക്യമാക്കും.