കണ്ണൂര്‍: കണ്ണപുരം സ്‌ഫോടന കേസിലെ പ്രതി അനൂപ് കുമാര്‍ എന്ന അനു മാലിക് പോലീസ് പിടിയിലായി. വൈകിട്ടോടെ കാഞ്ഞങ്ങാട് വെച്ചാണ് ഇയാള്‍ കണ്ണപുരം പോലീസിന്റെ പിടിയിലായത്. കാഞ്ഞങ്ങാടുള്ള ഒരു സുഹൃത്തിന്റെ വീട്ടില്‍ എത്തിയതായിരുന്നു. സുഹൃത്താണ് ഹൊസ്ദുര്‍ഗ് പോലീസില്‍ വിവരം അറിയിച്ചത്. അനൂപ് മാലിക്കിനേയും കൂട്ടി സ്റ്റേഷനില്‍ എത്താന്‍ പോലീസ് ആവശ്യപ്പെട്ടത് പ്രകാരം സ്റ്റേഷനില്‍ ഹാജരാവുകയായിരുന്നു.
2016ലെ പൊടിക്കുണ്ട് സ്‌ഫോടന കേസിലെ മുഖ്യപ്രതിയാണ് അനൂപ് മാലിക്. അന്ന് 57 വീടുകളായിരുന്നു സ്ഫോടനത്തിൽ തകർന്നത്. സ്ഫോടക വസ്തുക്കൾ നിയമവിരുദ്ധമായി കൈകാര്യം ചെയ്തതിന് ഇയാൾക്കെതിരെ ഏഴ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കണ്ണപുരം സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ചാലാട് സ്വദേശി മുഹമ്മദ് ആഷാം എന്നയാളുടെ ബന്ധുവാണെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ നിതിന്‍ രാജ് പി പറഞ്ഞു.
അനൂപ് മാലിക്കാണ് വീട് വാടകയ്ക്ക് എടുത്തിരുന്നതെന്നും സിറ്റി പോലീസ് കമ്മീഷണര്‍ പറഞ്ഞു. വീട്ടില്‍ നടത്തിയ പരിശോധനയില്‍ വലിയ രീതിയില്‍ ഗുണ്ടുകളും പടക്കങ്ങളും നിര്‍മിക്കുന്ന വസ്തുക്കള്‍ കണ്ടെത്തി. പടക്കങ്ങള്‍ നിര്‍മിക്കുന്നതിന് അനുമതി തേടിയിരുന്നില്ലെന്നാണ് മനസിലാക്കുന്നത്.