തൃശൂര്‍: സംസ്‌ഥാനത്ത് ബി.ജെ.പി. സ്‌ഥാനാര്‍ഥികള്‍ അതതു വരണാധികാരികള്‍ക്കു മുമ്പാകെ ഒരുമിച്ച് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. വിവിധ സംസ്‌ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ഉപമുഖ്യമന്ത്രിമാരും അണിനിരന്ന റോഡ് ഷോയോടെയാണ് പത്രികാസമര്‍പ്പണം നടന്നത്. തിരുവനന്തപുരത്ത് കരമന ജയനടക്കം 10 സ്‌ഥാനാര്‍ഥികളടങ്ങുന്ന മൂന്നാം സ്‌ഥാനാര്‍ഥിപ്പട്ടികയും ഇതിനിടെ ബി.ജെ.പി. പ്രഖ്യാപിച്ചു. ചടയമംഗലത്തും ചിറയിന്‍കീഴിലും കോണ്‍ഗ്രസ് വിട്ടെത്തിയ നേതാക്കള്‍ക്കാണു സീറ്റ്. ആദ്യപട്ടികയില്‍ത്തന്നെ വനിതകള്‍ക്കു വലിയ തോതില്‍ പ്രാതിനിധ്യം നല്‍കി ബി.ജെ.പി. മാതൃകയായി.
അതേസമയം ദിവസങ്ങള്‍ നീണ്ട അനിശ്‌ചിതത്വത്തിനൊടുവില്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ച സ്‌ഥാനാര്‍ഥിപ്പട്ടികയില്‍ വനിതാപ്രാതിനിധ്യം ഏറെ കുറഞ്ഞെന്ന പരാതി പാര്‍ട്ടിയില്‍ത്തന്നെ വിമര്‍ശനങ്ങള്‍ക്കിടയാക്കി. വനിതാ നേതാക്കള്‍ രൂക്ഷ വിമര്‍ശനത്തോടെ രംഗത്തു വന്നതിനു പിന്നാലെ, വനിതാ പ്രാതിനിധ്യക്കുറവ് നന്ദികേടാണെന്നാരോപിച്ച് പ്രവര്‍ത്തകസമിതിയംഗം ശശി തരൂരും രംഗത്തെത്തി. സ്‌ത്രീകള്‍ക്ക് പട്ടികയില്‍ കൂടുതല്‍ പ്രാതിനിധ്യം നല്‍കേണ്ടിയിരുന്നെന്നും ഇത്തരം അനീതി കാണിച്ചതില്‍ തനിക്കു പങ്കില്ലെന്നും തരൂര്‍ വ്യക്‌തമാക്കി.
ബി.ജെ.പിയിലെ ശക്‌തയായ വനിതാ നേതാവ് ശോഭാ സുരേന്ദ്രന്‍ മത്സരിക്കുന്ന പാലക്കാട് 'ഡീല്‍' വിവാദവും ഇതേ സാഹചര്യത്തില്‍ത്തന്നെ ശക്‌തമായി. ദുര്‍ബല സ്‌ഥാനാര്‍ഥിയെ നിര്‍ത്തി ബി.ജെ.പിയുമായി സി.പി.എം പാലക്കാട്ട് കരാറിലെത്തിയിരിക്കുകയാണെന്നാണു കോണ്‍ഗ്രസിന്റെ ആരോപണം. രാഷ്‌ട്രീയത്തില്‍ സജീവമല്ലാത്ത ബിസിനസുകാരന്‍ എന്‍.എം.ആര്‍. റസാഖാണ് പാലക്കാട്ടെ സി.പി.എം. സ്‌ഥാനാര്‍ത്ഥി. എന്നാല്‍ പ്രചാരണത്തിന്റെ തുടക്കത്തില്‍ത്തന്നെ ശോഭാ സുരേന്ദ്രന്‍ മുന്നിലാണെന്ന തിരിച്ചറിവിലാണു കോണ്‍ഗ്രസിന്റെ ആരോപണമെന്ന് ബി.ജെ.പി. തിരിച്ചടിക്കുന്നു.
ബി.ജെ.പിക്ക് ഏറെ വളക്കൂറുള്ള മണ്ണായ പാലക്കാട്ട് പ്രചാരണരംഗത്ത് വലിയ മുന്നേറ്റമാണു ശോഭ ഇതിനകം നടത്തിയത്. ഇരുമുന്നണികളും സ്‌ഥാനാര്‍ഥികളെ തപ്പി നടക്കവേതന്നെ, ശോഭ പ്രചാരണം തുടങ്ങിക്കഴിഞ്ഞിരുന്നു. ശോഭയുടെ സ്‌ഥാനാര്‍ഥിത്വം സ്‌ത്രീകള്‍ക്കു പാര്‍ട്ടി നല്‍കുന്ന കരുതലും പ്രാതിനിധ്യവുമായി ബി.ജെ.പി ഉയര്‍ത്തിക്കാട്ടുന്നു.
എം.പിമാരായ ഷാഫി പറമ്പിലിനും വി.കെ. ശ്രീകണ്‌ഠനുമൊപ്പം പ്രചാരണ രംഗത്തിറങ്ങിയ സിനിമാതാരം രമേശ് പിഷാരടിക്കാകട്ടെ, ഇനിയും കളം പിടിക്കാനായിട്ടില്ല. ഷാഫിയുടെയും രാഹുല്‍ മാങ്കൂട്ടത്തിലിന്റെയും നോമിനിയായി അറിയപ്പെടുന്ന പിഷാരടിക്ക് പാലക്കാടന്‍ മണ്ണില്‍ രാഷ്‌ട്രീയ പശ്‌ചാത്തലമില്ലാത്തതാണു പ്രധാന ന്യൂനത. കെട്ടിയിറക്ക് സ്‌ഥാനാര്‍ഥിയെ അംഗീകരിക്കാനാവില്ലെന്ന നിലപാട് സ്വീകരിച്ച പ്രധാന കോണ്‍ഗ്രസ് നേതാക്കളും നിലപാട് മാറ്റിയിട്ടില്ല. ഷാഫിയുടെ നിയന്ത്രണത്തില്‍നിന്ന് മണ്‌ഡലം കൈവിട്ടു പോകാതിരിക്കാനാണ് മറ്റു നേതാക്കള്‍ക്കൊന്നും അവസരം നല്‍കാതെ പിഷാരടിയെ പ്പോലെ ഒരാളെ കളത്തിലിറക്കിയതെന്നും ഇവര്‍ ആരോപിക്കുന്നു. ശ്രീകണ്‌ഠനാകട്ടെ, ഭാര്യ തുളസിക്ക് കോങ്ങാട്ട് സീറ്റ് ഒപ്പിച്ചെടുക്കുകയും ചെയ്‌തു.