ന്യൂഡൽഹി: 130 ആം ഭരണഘടന ഭേദഗതി ജനാധിപത്യത്തിനു നേരെയുള്ള വധ ഭീഷണിയാണെന്നു മുസ്‌ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി. അഞ്ചു വർഷമോ അതിലധികമോ തടവ് ശിക്ഷ വിധിക്കപ്പെടാവുന്ന കുറ്റം ആരോപിക്കപ്പെട്ട 30 ദിവസം ജയിലിൽ കിടന്നാൽ പ്രധാനമന്ത്രി, സംസ്ഥാന മുഖ്യമന്ത്രിമാർ, കേന്ദ്ര സംസ്ഥാന മന്ത്രിമാർ എന്നിവരെ സ്വമേധയാ അയോഗ്യരാക്കുന്ന വ്യവസ്ഥ പ്രതിപക്ഷ പാർട്ടികളുടെ സർക്കാരുകളെ ലക്ഷ്യം വച്ച് കൊണ്ടുള്ളതാണെന്നും യൂത്ത് ലീഗ് പ്രസ്താവനയിൽ പറയുന്നു.
കള്ളക്കേസുകൾ ചമച്ച് ജയിലിലടച്ച് പ്രതിപക്ഷ നേതാക്കളെ കൂട്ടത്തോടെ അയോഗ്യരാക്കി സർക്കാറുകളെ അട്ടിമറിക്കുന്നതിലേക്കാണ് ഇത് നയിക്കുക. ബിജെപി മന്ത്രിമാർക്കെതിരെ എത്ര ഗുരുതരമായ അരോപണം വന്നാലും ചെറുവിരലനക്കാത്ത അന്വേഷണ സംവിധാനങ്ങൾ പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്നത് ഇതിനോടകം നാം കണ്ടിട്ടുണ്ട്. ജനാധിപത്യത്തിന്റെ അന്ത:സത്തയായ പ്രതിപക്ഷ പ്രവർത്തനം അക്ഷരാർത്ഥത്തിൽ അസാധ്യമാക്കുന്നതാണ് ഈ ഭരണഘടനാ ഭേദഗതി.
ഇന്ത്യൻ ജനാധിപത്യത്തിന്റെ അടിസ്ഥാനപരമായ സ്വഭാവത്തെ അട്ടിമറിക്കുന്ന ഈ നീക്കത്തിനെതിരെ പ്രതിപക്ഷ പാർട്ടികളും പൊതുസമൂഹവും രംഗത്തിറങ്ങണമെന്ന് യൂത്ത് ലീഗ് ദേശീയ കമ്മിറ്റി ആഹ്വാനം ചെയ്തു. വോട്ടു ചോരി അടക്കമുള്ള വിഷയങ്ങളിൽ ഇന്ത്യാ സഖ്യം ഉയർത്തിയ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതായ ബിജെപി സർക്കാർ കടുത്ത ഏകാധിപത്യത്തിലേക്കാണ് നീങ്ങുന്നതെന്നും മുസ്‌ലിം യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് അഡ്വ സർഫറാസ് അഹ്‌മദും ജനറൽ സെക്രട്ടറി ടി പി അഷ്റഫലിയും പ്രസ്താവനയിൽ പറഞ്ഞു.