കൊച്ചി: സി പി എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പരാമര്‍ശങ്ങളോട് അതിരൂക്ഷമായി പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കേരളത്തിലെ ഏറ്റവും വലിയ നുണയന്‍ എം.വി. ഗോവിന്ദനാണെന്നും, നൊബേല്‍ സമ്മാനം നല്‍കുന്നുണ്ടെങ്കില്‍ അത് അദ്ദേഹത്തിനാണ് നല്‍കേണ്ടതെന്നും സതീശന്‍ പരിഹസിച്ചു. വി.ഡി. സതീശന്‍ നുണ പറയുന്നതില്‍ നൊബേല്‍ സമ്മാനത്തിന് അര്‍ഹനാണെന്ന ഗോവിന്ദന്റെ പരാമര്‍ശത്തിന് കൊച്ചിയില്‍ മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. വീണാ ജോര്‍ജിന്റെ കഴുത്ത് ഞെരിച്ചെന്ന പെരുംനുണ പറഞ്ഞയാളാണ് എം.വി. ഗോവിന്ദന്‍. മറ്റാരെങ്കിലും ഇത്തരത്തില്‍ നുണ പറയുമോ? ആ നുണയാണ് നൊബേല്‍ സമ്മാനത്തിന് അയക്കേണ്ടത്. അത് ഗോവിന്ദന് മാത്രമേ ലഭിക്കൂ,' സതീശന്‍ പറഞ്ഞു.
ബിജെപിയെ ജയിപ്പിക്കാന്‍ സിപിഐഎം മനപ്പൂര്‍വ്വം നിര്‍ത്തിയ സ്ഥാനാര്‍ത്ഥിയാണ് എന്‍എംആര്‍ റസാഖെന്നും ബിജെപിയും സിപിഐഎമ്മും തമ്മില്‍ കച്ചവടമാണ് നടക്കുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു. രാജീവ് ചന്ദ്രശേഖര്‍ നൂലില്‍ കെട്ടിയിറക്കിയ ബിസിനസുകാരനാണെന്നും അദ്ദേഹത്തില്‍ നിന്ന് രാഷ്ട്രീയം പഠിക്കേണ്ട ഗതികേട് കോണ്‍ഗ്രസിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
'എറണാകുളത്ത് ദുര്‍ബലരായ സ്ഥാനാര്‍ത്ഥികളാണ് എന്‍ഡിഎയുടേത്. അത് സിപിഐഎം ബിജെപി ഡീലിന്റെ ഭാഗമാണ്. നരേന്ദ്രമോദിയും അമിത് ഷായും അവിടെ ഒപ്പിടാന്‍ പറഞ്ഞാലും പിണറായി അനുസരിക്കും. ബിജെപിയും സിപിഐഎമ്മും തമ്മിലാണ് ബാന്ധവം. മറ്റേതൊക്കെ സീറ്റുകളില്‍ ഡീലുണ്ട് എന്നത് നിങ്ങളോട് പറയേണ്ടതില്ല. 10 സീറ്റുകളും ഞങ്ങള്‍ ശ്രദ്ധിക്കുന്നുണ്ട്. എറണാകുളം ജില്ലയുടെ കിഴക്കുഭാഗത്ത് മാത്രമുളള ട്വന്റി 20 പാര്‍ട്ടിക്ക് എവിടെയൊക്കെയാണ് സീറ്റ് നല്‍കിയിരിക്കുന്നത്. ദുര്‍ബലരായ ഘടക കക്ഷികള്‍ക്ക് എന്‍ഡിഎ പല സ്ഥലത്തും സീറ്റ് നല്‍കി. ഇത് പരസ്പരമുളള കൈമാറലാണ്': വി ഡി സതീശന്‍ പറഞ്ഞു.