മൊബൈല്‍ സിം എടുക്കുന്നത് മുതല്‍ സര്‍ക്കാര്‍ സേവനങ്ങള്‍ നേടുന്നത് വരെയുള്ള കാര്യങ്ങള്‍ക്ക് പ്രധാനമായി ഉപയോഗിക്കുന്ന തിരിച്ചറിയല്‍ രേഖയാണ് ആധാര്‍ കാര്‍ഡ്. ഇന്ന് ദൈനംദിന കാര്യങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ് ഒഴിച്ചുകൂടാന്‍ കഴിയാത്ത ഒന്നായി മാറിക്കഴിഞ്ഞു. എല്ലാ ഇന്ത്യന്‍ പൗരന്‍മാര്‍ക്കും ആധാര്‍ കാര്‍ഡ് ഉണ്ടായിരിക്കണം. അതിനാല്‍ തന്നെ അവ സുരക്ഷിതമായി സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. സാധാരണ ആധാര്‍ കാര്‍ഡുകളേക്കാള്‍ മികച്ചത് പിവിസി ആധാര്‍ കാര്‍ഡുകളാണ്. കേടുപാടുകള്‍ പെട്ടെന്ന് സംഭവിക്കാത്ത വിധം ഒരു ക്രെഡിറ്റ് കാര്‍ഡ് പോലെ ഇത് സൂക്ഷിക്കാന്‍ സാധിക്കും.
ആധാര്‍ കാര്‍ഡ് സാധാരണയായി ലഭിക്കുന്നത് നീളത്തിലുള്ള ഒരു ഫോര്‍മാറ്റിലാണ്. ഇത് പോക്കറ്റില്‍ സൂക്ഷിക്കാന്‍ പോലും സാധിക്കില്ല. അവയ്ക്കു പകരം പിവിസി കാര്‍ഡിന് അപേക്ഷിക്കുന്നതാണ് നല്ലത്. പിവിസി കാര്‍ഡിന് അപേക്ഷിക്കുമ്പോള്‍ 50 രൂപ ഫീസ് നല്‍കേണ്ടി വരും. ഈ തുക ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡുകള്‍, യുപിഐ അല്ലെങ്കില്‍ നെറ്റ് ബാങ്കിങ് വഴിയും അടക്കാം.