കണ്ണൂര്‍ : വലതുപക്ഷ മാധ്യമങ്ങളുടെ സിപിഎം വിരുദ്ധ വാര്‍ത്തകള്‍ക്ക് ഒരു പഞ്ഞവുമില്ല അത് തുടര്‍ന്നു കൊണ്ടേയിരിക്കുമെന്ന് സിപിഎം നേതാവ് പി. ജയരാജന്‍. കത്തു ചോര്‍ച്ചാ വിവാദമൊക്കെ അല്‍പ്പായുസ് മാത്രമുള്ളവയാണെന്നും പെട്ടെന്ന് കെട്ടടങ്ങുന്ന വിവാദമാണെന്നും പറഞ്ഞു. മുഹമ്മദ് ഷെര്‍ഷാദ് സംസ്ഥാന പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയുമായി ബന്ധപ്പെട്ട വിവാദത്തിലായിരുന്നു പ്രതികരണം.
സിപിഐഎമ്മിനെതിരെ വലതുപക്ഷ മാധ്യമങ്ങള്‍ ഉയര്‍ത്തുന്നത് അല്‍പ്പായുസ് മാത്രമുള്ള വിവാദമാണെന്നും ബിരിയാണി ചെമ്പില്‍ സ്വര്‍ണം കടത്തുന്നവെന്ന് അപവാദം പ്രചരിപ്പിച്ചവരാണ് വലതുപക്ഷ മാധ്യമങ്ങളെന്നും പി ജയരാജന്‍ വിമര്‍ശിച്ചു. 2023ല്‍ മുഹമ്മദ് ഷെര്‍ഷാദ് സംസ്ഥാന പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയിലെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും മുന്‍ ധനമന്ത്രിയും ആയ ഡോ.ടി.എം.തോമസ് ഐസക്, മുന്‍സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍,സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ മകന്‍ എന്നിവരുടെ ബെനാമിയാണ് താനെന്ന് അവകാശപ്പെട്ട് കൊണ്ട് രാജേഷ് കൃഷ്ണ ഭീഷണിപ്പെടുത്തിയെന്നാണ് പൊലീസിനുളള പരാതിയില്‍ പറയുന്നത്. ബിസിനസ് ബന്ധത്തില്‍ ഉലച്ചില്‍ ഉണ്ടായപ്പോള്‍ രാജേഷ് കൃഷ്ണ, ഷെര്‍ഷാദിനോട് പറഞ്ഞ കാര്യങ്ങള്‍ എന്ന നിലയിലാണ് ആരോപണ സ്വഭാവമുളള കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നത്.
സിപിഎം നേതാക്കളുടെ പണം കൈകാര്യം ചെയ്യുന്ന കെയര്‍ടേക്കര്‍ ആണെന്ന് രാജേഷ് അവകാശപ്പെട്ടതായും പരാതിയിലുണ്ട്. ഷെഡ്യൂള്‍ഡ് ബാങ്കിലെ വായ്പാ അടവ് മുടങ്ങിയ പ്രശ്‌നത്തില്‍ അന്ന് ധനമന്ത്രിയായിരുന്ന തോമസ് ഐസക്ക് ബാങ്ക് അധികൃതരെ വിളിച്ചെന്നും പരാതിയില്‍ പറയുന്നുണ്ട്. ചെന്നൈ വ്യവസായിയാ മുഹമ്മദ് ഷര്‍ഷാദ് 2021 ലാണ് സംസ്ഥാന മന്ത്രിമാരുടെ അടക്കം സാമ്പത്തിക ഇടപാടുകളില്‍ ദുരൂഹത ആരോപിച്ച് സിപിഐഎം പിബി അംഗം അശോക് ദാവ്ളയ്ക്ക് പരാതി നല്‍കിയത്.