Sunday, March 22, 2026 Last Updated 8 Min 28 Sec ago Malayalam Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Sunday 17 Aug 2025 01.14 AM

വോട്ടര്‍ പട്ടികയിലെ പിഴവിന് പഴി 'ചില രാഷ്ട്രീയ പാര്‍ട്ടി'കള്‍ക്ക്, ശരിയായ സമയത്ത് പരിശോധിച്ചില്ല: തെരഞ്ഞെടുപ്പ് കമ്മീഷൻ

‘പിഴവുകള്‍ ചൂണ്ടിക്കാട്ടാനാണ് കരടുവോട്ടര്‍പ്പട്ടിക രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് കൈമാറുന്നത്. എന്നാല്‍, അവരുടെ ഉത്തരവാദപ്പെട്ട ബൂത്തുതല ഏജന്റുമാര്‍ ജോലി നിര്‍വഹിച്ചില്ലെന്നുവേണം അനുമാനിക്കാന്‍. ഇത്തരം രാഷ്ട്രീയപ്പാര്‍ട്ടികളാണ് ഇപ്പോള്‍ പരാതിയുമായി എത്തിയിരിക്കുന്നത്’
uploads/news/2025/08/796343/election-commission.jpg

ന്യൂഡല്‍ഹി: വോട്ടർ പട്ടിക സുതാര്യമാക്കാനുള്ള എല്ലാ നിർദേശവും സ്വാഗതം ചെയ്യുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി ഉന്നയിച്ച വോട്ടര്‍പട്ടിക ക്രമക്കേട് ആരോപണങ്ങള്‍ക്കു മറുപടി നല്‍കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ വാര്‍ത്താസമ്മേളനം ഇന്ന് നടക്കും. കുറ്റമറ്റ വോട്ടര്‍പട്ടിക ഉറപ്പാക്കുന്നതിനു ചുമതലപ്പെട്ട 'ചില രാഷ്ട്രീയപ്പാര്‍ട്ടികളും വ്യക്തി'കളും അവരുടെ ഉത്തരവാദിത്തം വിസ്മരിച്ചതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്കു കാരണമെന്നും തെരഞ്ഞെടുപ്പു കമ്മിഷന്റെ പഴി.

ബിഹാറിലെ വോട്ടര്‍പട്ടിക പരിഷ്‌കരണത്തിനും വോട്ടര്‍ പട്ടികയിലെ അപാകതകള്‍ക്കുമെതിരേ രാഹുലിന്റെ വോട്ടര്‍ അധികാര്‍യാത്ര ഇന്നാരംഭിക്കുന്ന സാഹചര്യത്തിലാണ് കമ്മിഷന്‍ വിശദീകരണത്തിനൊരുങ്ങുന്നത്. വോട്ടര്‍പട്ടിക തയാറാക്കുന്നതിന്റെ എല്ലാ ഘട്ടങ്ങളിലും രാഷ്ട്രീയപ്പാര്‍ട്ടികള്‍ പങ്കാളികളാണെന്നും ചില പാര്‍ട്ടികള്‍ യഥാസമയം എതിര്‍പ്പുകള്‍ ഉന്നയിച്ചിട്ടില്ലെന്നും പത്രസമ്മേളനത്തിനു മുന്നോടിയായി തെരഞ്ഞെടുപ്പ് കമ്മിഷന്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

വോട്ടര്‍ പട്ടിക തയാറാക്കുന്നതിന്റെ രീതിയും കമ്മിഷന്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കി. കരട് വോട്ടര്‍പട്ടിക തയാറായിക്കഴിഞ്ഞാല്‍ കടലാസ്, ഡിജിറ്റല്‍ പകര്‍പ്പുകള്‍ എല്ലാ പാര്‍ട്ടികളുമായും പങ്കിടുകയും എല്ലാവര്‍ക്കും കരസ്ഥമാക്കാനാകുംവിധം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്യും. കമ്മിഷന്റെ നിര്‍ദേശാനുസരണം ബൂത്തുതല ഓഫീസര്‍മാരുടെ സഹായത്തോടെ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ (ഇ.ആ.ഒ)മാര്‍ക്കാണ് അന്തിമ വോട്ടര്‍പട്ടികയ്ക്കു രൂപംനല്‍കാനുള്ള ചുമതല. കരടുവോട്ടര്‍പ്പട്ടിക പ്രസിദ്ധീകരിച്ചശേഷം അഭിപ്രായങ്ങളും പരാതികളും സമര്‍പ്പിക്കാന്‍ ഒരു മാസം സമയം നല്‍കും. അന്തിമമായി പ്രസിദ്ധീകരിച്ച പട്ടികയില്‍ രണ്ടു തലങ്ങളിലുള്ള അപ്പീല്‍ പ്രക്രിയ സാധ്യമാകുന്ന തരത്തില്‍ ക്രമീകരണമുണ്ടെന്നും ഇന്നലെ കമ്മിഷന്‍ അറിയിച്ചു.

പരാതികള്‍ യഥാസമയം സമര്‍പ്പിക്കുന്നതില്‍ ചില രാഷ്ട്രീയപ്പാര്‍ട്ടികള്‍ പ്രകടിപ്പിച്ച അലംഭാവമാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്കു കാരണമെന്നും പത്രക്കുറിപ്പില്‍ തെരഞ്ഞെടുപ്പു കമ്മിഷന്‍ ചൂണ്ടിക്കാട്ടി. പിഴവുകള്‍ ചൂണ്ടിക്കാട്ടാനാണ് കരടുവോട്ടര്‍പ്പട്ടിക രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് കൈമാറുന്നത്. എന്നാല്‍, അവരുടെ ഉത്തരവാദപ്പെട്ട ബൂത്തുതല ഏജന്റുമാര്‍ ജോലി നിര്‍വഹിച്ചില്ലെന്നുവേണം അനുമാനിക്കാന്‍. ഇത്തരം രാഷ്ട്രീയപ്പാര്‍ട്ടികളും ചില വ്യക്തികളുമാണ് ഇപ്പോള്‍ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. മുമ്പത്തെ വോട്ടര്‍പട്ടികയാണ് പരാതികള്‍ക്കു വഴിവച്ചതെന്നും കമ്മിഷന്‍ വ്യക്തമാക്കി.

വോട്ട്‌മോഷണം ആരോപിച്ച് നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തിയ ബിഹാറിലാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്നുമുതല്‍ വോട്ടര്‍ അധികാര്‍ യാത്ര ആരംഭിക്കുന്നത്. രാഹുലിനൊപ്പം പ്രതിപക്ഷത്തെ ഇന്ത്യാ മുന്നണി നേതാക്കളും യാത്രയില്‍ പങ്കാളികളാകും. വോട്ട് മോഷണത്തിനൊപ്പം ബിഹാറിലെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണ(എസ്.ഐ.ആര്‍) വും സംശയത്തിനിടനല്‍കുന്നതാണെന്നു കാട്ടിയാണ് പ്രതിപക്ഷസഖ്യം പ്രക്ഷോഭം തെരുവിലേക്കു വ്യാപിപ്പിക്കുന്നത്. സസാരം ജില്ലയില്‍ നിന്നാണ് രാഹുല്‍ ഗാന്ധിയുടെ വോട്ട് അധികാര്‍ യാത്ര തുടങ്ങുന്നത്. സെപ്റ്റംബര്‍ ഒന്നിനു പട്‌നയില്‍ മഹാറാലിയോടെ യാത്ര സമാപിക്കും. 16 ദിവസങ്ങളിലായി ഇരുപതിലധികം ജില്ലകളിലൂടെ 1,300 കിലോമീറ്റര്‍ രാഹുലും സംഘവും താണ്ടും. ജനാധിപത്യാവകാശമായ 'ഒരു വ്യക്തി, ഒരുവോട്ട്' എന്ന ആശയം സംരക്ഷിക്കാനാണു യാത്രയെന്നു രാഹുല്‍ എക്‌സില്‍ കുറിച്ചു.

ബിഹാറിലെ വോട്ടര്‍പട്ടികയില്‍ തീവ്രപരിഷ്‌കരണം നടക്കുമ്പോള്‍ പ്രതിപക്ഷ പാര്‍ട്ടികളില്‍നിന്ന് പലവിധ ചോദ്യങ്ങളാണു കമ്മിഷന്‍ നേരിടുന്നത്. പരിഷ്‌കരണം മൂലം യോഗ്യരായ കോടിക്കണക്കിനു പൗരന്മാര്‍ക്കു വോട്ടവകാശം നിഷേധിക്കപ്പെടുമെന്നാണ് പാര്‍ട്ടികളുടെ അവകാശവാദം.

Ads by Google
സ്വന്തം ലേഖകന്‍
Sunday 17 Aug 2025 01.14 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google