Monday, March 23, 2026 Last Updated 18 Min 2 Sec ago Malayalam Edition
Todays E paper
Ads by Google
ജെബി പോള്‍
Tuesday 08 Jul 2025 09.28 AM

മയക്കുമരുന്നിനെതിരായ പോരാട്ടം : എക്‌സൈസിന് ബാങ്കുകളുടെ ധനസഹായം

uploads/news/2025/07/789990/excise.jpg

കൊച്ചി: മയക്കുമരുന്നിനെതിരേയുള്ള പ്രചാരണത്തിനു ബാങ്കുകളില്‍നിന്നു 'പണം പിരിക്കാന്‍' സംസ്ഥാന എക്‌സൈസ് വകുപ്പ്. മയക്കുമരുന്ന് വിരുദ്ധപോരാട്ടത്തിനു കോര്‍പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി(സി.എസ്.ആര്‍) ഫണ്ടുകള്‍ നല്‍കി സഹായിക്കണമെന്ന എക്‌സൈസിന്റെ അപേക്ഷയ്ക്ക് കഴിഞ്ഞദിവസം ചേര്‍ന്ന സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി (എസ്.എല്‍.ബി.എസ്.) അംഗീകാരം നല്‍കി.

എക്‌സൈസ് വകുപ്പിന്റെ അഭ്യര്‍ഥനപ്രകാരമാണ് ഇത് അജന്‍ഡയില്‍ ഉള്‍പ്പെടുത്തിയത്. ലഭ്യമായ സി.എസ്.ആര്‍. ഫണ്ടുകള്‍ നല്‍കി എക്‌സൈസിനെ പിന്തുണയ്ക്കണമെന്ന് എസ്.എല്‍.ബി.എസ്. കണ്‍വീനര്‍ എല്ലാ ബാങ്കുകളോടും അഭ്യര്‍ഥിച്ചു. ഇതോടെ ബാങ്കുകള്‍ കൈയയച്ച് സഹായിക്കുമെന്നാണു എക്‌സൈസ് വകുപ്പിന്റെ പ്രതീക്ഷ. മദ്യവര്‍ജനത്തിന് ഊന്നല്‍ നല്‍കിയും മയക്കുമരുന്നുകളുടെ ഉപയോഗം പൂര്‍ണമായി ഇല്ലാതാക്കാനും ലക്ഷ്യമിട്ടു 'വിമുക്തി' എന്ന ബോധവല്‍ക്കരണ മിഷന് സംസ്ഥാന സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുണ്ട്.

വിമുക്തിയുടെ പ്രവര്‍ത്തനം കൂടുതല്‍ വിപുലമാക്കാനാണ് എക്‌സൈസിന്റെ തീരുമാനം. ഇതിനു ഫണ്ട് ആവശ്യമുണ്ട്. ഇത് ബാങ്കുകളുടെ സി.എസ്.ആര്‍. ഫണ്ടില്‍നിന്നു വാങ്ങിയെടുക്കാനാണു എക്‌സൈസ് ശ്രമിക്കുന്നത്. മദ്യവിമുക്തി ഫണ്ടിലേക്കായി ഓരോ മദ്യക്കുപ്പിക്കും മേല്‍ എക്‌സൈസ് നിശ്ചിതസംഖ്യ സെസ് ഈടാക്കുന്നുമുണ്ട്. ഇതും പോരാതെയാണു ബാങ്കുകളില്‍നിന്നും പണം കണ്ടെത്താന്‍ ശ്രമിക്കുന്നത്.

മദ്യം, മയക്കുമരുന്ന്, പുകയില ഉപയോഗം കുറച്ചുകൊണ്ടു വരിക, നിയമവിരുദ്ധ ലഹരി വസ്തുക്കളുടെ ശേഖരണം, കടത്തല്‍ എന്നിവയുടെ ഉറവിടം കണ്ടെത്തി ഇല്ലായ്മ ചെയ്യുക എന്നിവയാണു വിമുക്തി മിഷനിലൂടെ ലക്ഷ്യമിടുന്നത്. ലഹരിയുടെ കടത്തും ഉപയോഗവും നിയന്ത്രണാതീതമായി വര്‍ധിച്ച സാഹചര്യത്തില്‍ കൂടുതല്‍ ഫലവത്തായ പദ്ധതികള്‍ നടപ്പാക്കാന്‍ പണം ആവശ്യമുണ്ട്.

മിഷന്റെ ഭാഗമായി സ്‌കൂള്‍, കോളജ് ലഹരി വിരുദ്ധ ക്ലബുകള്‍, എസ്.പി.സി, കുടുംബശ്രീ, സംസ്ഥാന ലൈബ്രറി കൗണ്‍സില്‍, മദ്യവര്‍ജന സമിതികള്‍, സന്നദ്ധ സംഘടനകള്‍, വിദ്യാര്‍ഥി- യുവജന -മഹിളാ സംഘടനകള്‍ എന്നിവരുടെ പങ്കാളിത്തത്തോടുകൂടി വിദ്യാര്‍ഥികളെയും യുവജനങ്ങളെയും ലഹരി ഉപയോഗത്തിന്റെ ദൂഷ്യവശങ്ങള്‍ ബോധ്യപ്പെടുത്തി വ്യാപക ബോധവല്‍ക്കരണം നടത്തും. ശാസ്ത്രസാങ്കേതിക വിദ്യയുടെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തിയാകും പ്രചാരണ പദ്ധതികള്‍ പരിഷകരിക്കുകയെന്നും എക്‌സൈസ് അധികൃതര്‍ പറഞ്ഞു.

Ads by Google
ജെബി പോള്‍
Tuesday 08 Jul 2025 09.28 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google