തിരുവനന്തപുരം/തൊടുപുഴ: സംസ്ഥാനത്ത് ഇന്ന് സ്വകാര്യ ബസ് സമരം. ഗതാഗത കമ്മിഷണറുമായി ബസുടമകളുടെ സംയുക്തസമിതി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണിത്. ആവശ്യങ്ങളില്‍ തീരുമാനമുണ്ടായില്ലെങ്കില്‍ 22 മുതല്‍ അനിശ്ചിതകാലത്തേക്ക് സര്‍വീസ് നിര്‍ത്തിവയ്ക്കുമെന്ന് സമരസമിതി അറിയിച്ചു. 140 കിലോമീറ്ററില്‍ അധികം ദൂരം സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകളുടെ പെര്‍മിറ്റ് സര്‍ക്കാര്‍ പുതുക്കി നല്‍കുന്നില്ലെന്ന് സമിതി നേതാക്കള്‍ കുറ്റപ്പെടുത്തി.
വിദ്യാര്‍ഥികളുടെ യാത്രാനിരക്കില്‍ കാലോചിതമായ വര്‍ധന നടപ്പിലാക്കണം, കണ്‍സഷന്‍ കാര്‍ഡ് വിതരണം കുറ്റമറ്റതാക്കണം, ഇ- ചെല്ലാന്‍ വഴി ബസ് ഉടമകളില്‍നിന്നും അമിതമായ പിഴ ഈടാക്കുന്നത് അവസാനിപ്പിക്കണം, വിലകൂടിയ ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന നടപടി അവസാനിപ്പിക്കണം, ജീവനക്കാര്‍ക്ക് പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന വ്യവസ്ഥ ഒഴിവാക്കണം തുടങ്ങിയ ആവശ്യങ്ങളും സമിതി ഉന്നയിച്ചു. വിവിധ ട്രേഡ് യൂണിയനുകളുടെ സംയുക്ത സമരസമിതി നാളെ ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്തു. കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവല്‍ക്കരണത്തിനും എതിരേയാണ് പണിമുടക്ക്.
പുതിയ ലേബര്‍ കോഡ് പിന്‍വലിക്കുക, മിനിമം വേതനം വര്‍ധിപ്പിക്കുക, തൊഴിലാളികളുടെ സാമൂഹിക സുരക്ഷ ഉറപ്പാക്കുക, പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവല്‍ക്കരണം അവസാനിപ്പിക്കുക, കമ്പനികള്‍ക്ക് അനുകൂലമായി തൊഴിലാളി നിയമങ്ങളില്‍ വരുത്തിയ ഭേദഗതികള്‍ക്കെതിരേ ശബ്ദമുയര്‍ത്തുക തുടങ്ങിയ ആവശ്യങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. വിവിധ മേഖലകളിലുള്ള തൊഴിലാളികള്‍ പണിമുടക്കില്‍ പങ്കെടുക്കും. കഴിഞ്ഞ മേയ് 20 നു നടത്താന്‍ നിശ്ചയിച്ചിരുന്ന പണിമുടക്കാണ് നാളെ നടക്കുക.