Monday, March 23, 2026 Last Updated 20 Min 53 Sec ago Malayalam Edition
Todays E paper
Ads by Google
ജെബി പോള്‍
Saturday 05 Jul 2025 08.51 AM

സര്‍ക്കാര്‍ നടപടി ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം ; കപ്പല്‍ അപകടങ്ങളില്‍ നഷ്ടപരിഹാരം ; അഡ്മിറാലിറ്റി സ്യൂട്ട് അടുത്തയാഴ്ച

uploads/news/2025/07/789524/ship-fire.jpg

കൊച്ചി: കേരളത്തിലെ പുറംകടലുകളിലുണ്ടായ കപ്പല്‍ അപകടങ്ങളില്‍ നഷ്ടപരിഹാരത്തിനായി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കുന്ന അഡ്മിറാലിറ്റി സ്യൂട്ട് അടുത്താഴ്ച ഫയല്‍ ചെയ്യും. ഹര്‍ജി തയാറാക്കിക്കഴിഞ്ഞു. ഏഴിനു ഫയല്‍ ചെയ്യാനാണു ഉദ്ദേശിക്കുന്നത്. നഷ്ടപരിഹാരം മധ്യസ്ഥചര്‍ച്ചകളിലൂടെ വാങ്ങിയെടുക്കാനായിരുന്നു സംസ്ഥാനസര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍, ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് കേസിന്റെ മേല്‍നോട്ടം ഏറ്റെടുത്തതോടെ മധ്യസ്ഥനീക്കം തുടരാനായില്ല.

സര്‍ക്കാര്‍ അഡ്മിറാലിറ്റി സ്യൂട്ട് ഫയല്‍ചെയ്യണമെന്നു ചീഫ് ജസ്റ്റിസാണു ആവശ്യപ്പെട്ടിരിക്കുന്നത്. ചീഫ് ജസ്റ്റിസ് ഈ നിര്‍ദ്ദേശത്തില്‍ ഉറച്ചുനില്‍ക്കുന്നതിനാല്‍, സര്‍ക്കാരിനു മറ്റുവഴിയില്ല. ഈ സാഹചര്യത്തിലാണു ഇനി വൈകിക്കാതെ അഡ്മിറാലിറ്റി സ്യൂട്ട് ഫയല്‍ചെയ്യുന്നത്. എന്‍.എസ്.സി. എല്‍സ 3 എന്ന കപ്പല്‍ മുങ്ങി കണ്ടൈയ്‌നറുകള്‍ കേരള തീരത്ത് അടിഞ്ഞ സംഭവത്തിലാവും അഡ്മിറാലിറ്റി ഹര്‍ജി നല്‍കുക.

കേസിനുപോകാന്‍ സര്‍ക്കാര്‍ ആദ്യം തീരുമാനിച്ചിരുന്നതല്ല. ചെലവായ പണവും കണക്കാക്കപ്പെട്ട നഷ്ടപരിഹാരവും കപ്പലുടമയില്‍നിന്ന് എങ്ങിനെയും വാങ്ങിയെടുക്കാനായിരുന്നു സര്‍ക്കാര്‍ ഉദ്ദേശിച്ചത്. പിന്നീടു കോടതിയില്‍ തിരിച്ചടി ഭയന്നാണു മുന്‍കരുതല്‍ എന്നനിലയില്‍ ഇരു കപ്പലപകടങ്ങളിലും തീരദേശപോലീസ് കേസെടുത്തത്. കേസിനുപോയാല്‍, നഷ്ടപരിഹാരം കിട്ടാന്‍ വര്‍ഷങ്ങളെടുക്കും.

കപ്പലപകടങ്ങളെത്തുടര്‍ന്നു സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ചു കഴിഞ്ഞദിവസം അഡ്വക്കേറ്റ് ജനറല്‍ ഹൈക്കോടതിയില്‍ മറുപടി നല്‍കിയിരുന്നു. മത്സ്യത്തൊഴിലാളികള്‍ക്കു നഷ്ടപരിഹാരം ആവശ്യപ്പെട്ടു ടി.എന്‍. പ്രതാപന്‍ നല്‍കിയ കേസാണു കോടതി പരിഗണിച്ചത്. അഡ്മിറാലിറ്റി സ്യൂട്ടില്‍ വിചാരണ നടത്തി വിധിപറയുന്നതു ഹൈക്കോടതി നേരിട്ടാണ്.

മിനിറ്റി എന്ന ഇന്‍ഷുറന്‍സ് ഏജന്‍സി അപകടവുമായി ബന്ധപ്പെട്ടു കൊച്ചിയില്‍ നാശനഷ്ട ബാധ്യതാ ഡെസ്‌ക് സ്ഥാപിച്ചിട്ടുണ്ട്. കപ്പലപകടത്തില്‍ സംസ്ഥാനത്തിനു നേരിട്ട നാശത്തിനു നഷ്ടപരിഹാരം ഈടാക്കാന്‍ സംസ്ഥാന സര്‍ക്കാരിനെ സഹായിക്കാന്‍ ഡെപ്യൂട്ടി നോട്ടിക്കല്‍ അഡ്‌വൈസര്‍ ക്യാപ്റ്റന്‍ അനീഷ് ജോസഫിനെ ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിങ് നിയോഗിച്ചിരുന്നു.

എന്നാല്‍, ഹൈക്കോടതി കേസില്‍ ഇടപെട്ടു മേല്‍നോട്ടം വഹിക്കുന്ന സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ സേവനം തുടരാനാകാത്ത സാഹചര്യമുണ്ട്. എങ്കിലും അനൗദ്യോഗികമായി അദ്ദേഹം മധ്യസ്ഥശ്രമങ്ങള്‍ തുടരും. എന്നാല്‍, കപ്പലിനു രജിസ്‌ട്രേഡ് ഉടമയില്ലെന്ന കണ്ടെത്തല്‍ കോടതിയില്‍ തിരിച്ചടിയാകുമെന്ന ആശങ്ക സര്‍ക്കാരിനുണ്ട്. എങ്കിലും കോടതി നിര്‍ദ്ദേശിച്ചപ്രകാരം തന്നെ കേസ് ഫയല്‍ ചെയ്യും. എന്നാല്‍, വാന്‍ഹായ് കപ്പല്‍ തീപിടിച്ച സംഭവത്തില്‍ എങ്ങനെ അഡ്മിറാലിറ്റി സ്യൂട്ട് ഫയല്‍ചെയ്യാന്‍ കഴിയുമെന്നതില്‍ നിയമവൃത്തങ്ങളില്‍ ഭിന്നാഭിപ്രായമുണ്ട്.

കേരളതീരത്തുനിന്നു 72 നോട്ടിക്കല്‍ മൈല്‍ അകലെയാണു തീപിടുത്തമുണ്ടാകുന്നത്. എന്നാല്‍, 12 നോട്ടിക്കല്‍ മൈലിനുള്ളില്‍ നടന്ന നിയമലംഘനങ്ങള്‍ക്കാണു കോസ്റ്റല്‍ പോലീസിനു കേസെടുക്കാനാവുക. മാത്രമല്ല, വാന്‍ഹായ് കപ്പലില്‍നിന്നുള്ള എന്തെങ്കിലും വസ്തുക്കള്‍ കേരളതീരത്ത് എത്തിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുമില്ല.

200 നോട്ടിക്കല്‍ മൈലിനുള്ളില്‍ നടന്ന നിയമലംഘനങ്ങളില്‍ കേന്ദ്രസര്‍ക്കാരിനാണു നിയമനടപടി സ്വീകരിക്കാനുള്ള അവകാശം. മാത്രമല്ല, കപ്പലിപ്പോള്‍ ഇന്ത്യയുടെ പ്രത്യേക സാമ്പത്തിക മേഖലയ്ക്കു പുറത്തുമാണ്. ഇന്ത്യന്‍ അധികാരാതിര്‍ത്തിക്കുള്ളില്‍ ഇല്ലാത്ത വ്യക്തിയ്ക്കു വസ്തുവിനോ എതിരേ കേസെടുക്കുന്നതു രാജ്യാന്തരനിയമ പ്രകാരമാകണമെന്നുണ്ട്.

Ads by Google
ജെബി പോള്‍
Saturday 05 Jul 2025 08.51 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google