Monday, March 23, 2026 Last Updated 0 Min 35 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 24 Jun 2025 09.15 AM

അഹമ്മദാബാദ് വിമാനാപകടം: രഞ്ജിതയെ തിരിച്ചറിഞ്ഞു; ജന്മനാട് ഇന്നു വിട നല്‍കും

uploads/news/2025/06/787729/renjitha.jpg

പുല്ലാട്: അഹമ്മദാബാദില്‍ വിമാനാപകടത്തില്‍ മരിച്ച പുല്ലാട് സ്വദേശി രഞ്ജിത ആര്‍. നായരുടെ മൃതദേഹം ഡി.എന്‍.എ. പരിശോധനയിലൂടെ തിരിച്ചറിഞ്ഞു. ഇന്ന് നാട്ടിലെത്തിച്ചു സംസ്‌കരിക്കും. 11 ദിവസം നീണ്ട പരിശോധനകള്‍ക്കൊടുവില്‍ ഇന്നലെയാണു രഞ്ജിതയെ തിരിച്ചറിഞ്ഞത്.

ഡി.എന്‍.എ. പരിശോധനയ്ക്കായി ആദ്യം സഹോദരന്റെ സാമ്പിള്‍ ആണെടുത്തത്. എന്നാല്‍, ഇതില്‍നിന്ന് തിരിച്ചറിയാന്‍ കഴിഞ്ഞില്ല. പിന്നീട് മാതാവിന്റെ ഡി.എന്‍.എ. സാമ്പിളെടുത്തു നടത്തിയ പരിശോധനയിലാണു തിരിച്ചറിഞ്ഞത്. മരണവിവരം അറിഞ്ഞതു മുതല്‍ രഞ്ജിതയെ അവസാനമായി ഒരു നോക്ക് കാണാനുള്ള കാത്തിരിപ്പിലായിരുന്നു ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും.

ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞതായുള്ള വിവരം ബന്ധുക്കള്‍ക്ക് ലഭിച്ചത്. സഹോദരന്‍ രതീഷ് ജി. നായരും ബന്ധുവായ ഉണ്ണിക്കൃഷ്ണന്‍ നായരുമാണ് മൃതദേഹം തിരിച്ചറിയുന്നതിനും ഏറ്റുവാങ്ങുന്നതിനുമായി ഗുജറാത്തിലുള്ളത്.

നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇന്ന് രാവിലെ ഏഴോടെ മൃതദേഹം തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിക്കും. റോഡ് മാര്‍ഗം പുല്ലാട്ട് എത്തിച്ച് രാവിലെ 10 നു വിവേകാനന്ദ ഹൈസ്‌കൂളില്‍ പൊതുദര്‍ശനത്തിനു വയ്ക്കും.

ഉച്ചയ്ക്ക് 1.30 നു പുല്ലാട്ടെ വീട്ടിലെത്തിച്ച് വൈകിട്ട് 4.30 നു വീട്ടുവളപ്പില്‍ സംസ്‌കാരം നടത്തും. ജന്മനാട്ടില്‍ എത്തിക്കുന്ന രഞ്ജിതയുടെ മൃതദേഹത്തില്‍ ആദരാഞ്ജലി അര്‍പ്പിക്കാന്‍ പുല്ലാട് ശ്രീ വിവേകാനന്ദ സ്‌കൂളില്‍ പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

രഞ്ജിത പഠിച്ച സ്‌കൂള്‍കൂടിയാണിത്. മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കാനുള്ള ഒരുക്കങ്ങള്‍ ഗ്രാമപഞ്ചായത്തിന്റെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. കൂടുതല്‍ ക്രമീകരണങ്ങള്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടത്തുന്നുണ്ടെന്നും പ്രസിഡന്റ് പി. സുജാത അറിയിച്ചു.

Ads by Google
Tuesday 24 Jun 2025 09.15 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google