ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച പങ്കുവെച്ച് നടനും ബിജെപിനേതാവുമായ കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു സൂര്യകുമാര്‍. വലിയൊരു പോസിറ്റീവ് എനര്‍ജിയും പ്രഭാവവും നേരിട്ടു കാണുമ്പോള്‍ അദ്ദേഹത്തിനുണ്ടെന്ന് സിന്ധു സാക്ഷ്യപ്പെടുത്തുന്നു. ഓരോരുത്തരോടും അദ്ദേഹം വളരെ സ്‌നേഹത്തോടെ വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞുവെന്ന് സിന്ധു പറയുന്നു.
എപ്പോഴെങ്കിലും നേരിട്ട് കാണുകയാണെങ്കില്‍ ദൂരെ നിന്നോ ആകരുത് എന്ന് സിന്ധു കൃഷ്ണയ്ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. അദ്ദേഹത്തെ പേഴ്സണലായി കാണണമെന്നും അല്പനേരം സംസാരിക്കാന്‍ സാധിക്കണമെന്നും എപ്പോഴും ഭര്‍ത്താവ് കൃഷ്ണകുമാറിനോട് പറയുമായിരുന്നു. ആ ആഗ്രഹം യാഥാര്‍ത്ഥ്യമായപ്പോള്‍ അത് ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ നിമിഷങ്ങളായി മാറി.
വളരെ അടുത്ത ഒരു ബന്ധുവിന്റെ വീട്ടില്‍ പോയ പ്രതീതിയാണ് പ്രധാനമന്ത്രിയുമായി സംസാരിച്ചപ്പോള്‍ ഉണ്ടായത്. വര്‍ഷങ്ങളായി അറിയുന്നതുപോലെയാണ് അദ്ദേഹം സംസാരിച്ചത്. കൊച്ചുമകന്‍ ഓമി ഉറക്കത്തിലായിരുന്നെങ്കിലും എഴുന്നേറ്റപ്പോള്‍ പ്രധാനമന്ത്രി സമയം ചെലവഴിച്ചു. ഓമിക്ക് അദ്ദേഹം നല്‍കിയ ഡയറി മില്‍ക്ക് ചോക്ലേറ്റ് ഒരു നിധിപോലെ മകള്‍ ഇഷാനി സൂക്ഷിച്ചുവെച്ചിരിക്കുകയാണ്.
പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി സന്ദര്‍ശിച്ചത് വലിയൊരു അനുഭവമായിരുന്നു. ഇന്ദിരാഗാന്ധിയെപ്പോലുള്ള പ്രമുഖര്‍ താമസിച്ച, ചരിത്രപ്രധാനമായ ആ സ്ഥലത്ത് എത്തിയപ്പോള്‍ വലിയൊരു ബഹുമാനവും അതിശയവുമാണ് തോന്നിയത്. കുട്ടിക്കാലത്ത് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയുമൊക്കെ ഓടിക്കളിച്ച ഇടങ്ങളിലൂടെയാണ് തങ്ങള്‍ നടക്കുന്നത് എന്ന ചിന്ത മക്കളുമായി പങ്കുവെച്ചതായും സിന്ധു ഓര്‍ത്തു.
2010 മുതല്‍ നരേന്ദ്ര മോദി എന്ന നേതാവിനെ ശ്രദ്ധിക്കുന്നുണ്ടെങ്കിലും 2014-ലെ തിരഞ്ഞെടുപ്പിന് മുന്‍പാണ് അദ്ദേഹത്തെക്കുറിച്ച് കൂടുതല്‍ അറിഞ്ഞതും ഇഷ്ടം തോന്നിയതും. ലോകപ്രശസ്തനായ ഒരു നേതാവിനെ കാണാന്‍ പോകുമ്പോള്‍ എന്ത് സംസാരിക്കും എന്ന ചെറിയ പേടിയുണ്ടായിരുന്നു. എന്നാല്‍ അദ്ദേഹത്തെ കണ്ടു കഴിഞ്ഞ് ഒരു മിനിറ്റിനുള്ളില്‍ തന്നെ ആ ടെന്‍ഷന്‍ മാറിയെന്നും അവര്‍ പറഞ്ഞു.