Monday, March 23, 2026 Last Updated 6 Min 18 Sec ago Malayalam Edition
Todays E paper
Ads by Google
ജെബി പോള്‍
Saturday 21 Jun 2025 10.32 AM

രാജ്ഭവനിലെ 'കാവിക്കൊടിയേന്തിയ ഭാരതാംബ' വിവാദം ; നിയമലംഘനമില്ല; പ്രോട്ടോകോള്‍ ലംഘനം പരിശോധിക്കാന്‍ നിയമവകുപ്പ്

uploads/news/2025/06/787227/governor-arlekar.jpg

കൊച്ചി: രാജ്ഭവനില്‍ നടന്ന സര്‍ക്കാര്‍ പരിപാടിയില്‍ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വച്ചത് നിലവിലുള്ള ഏതെങ്കിലും നിയമത്തിന്റെ ലംഘനമാകുന്നില്ലെന്ന് നിയമവകുപ്പ് വൃത്തങ്ങള്‍. എന്നാല്‍, പ്രോട്ടോകോള്‍ ലംഘനം നടന്നിട്ടുണ്ടോ എന്നതു പരിശോധിക്കുമെന്നും നിയമവകുപ്പ് വൃത്തങ്ങള്‍ പറഞ്ഞു. ഭാരതാംബയുടേതെന്ന പേരില്‍ ചിത്രം വച്ചതു ഗവര്‍ണറുടെ പ്രോട്ടോകോള്‍ അധികാരത്തിന്റെ ഭാഗമാണോ എന്നു പരിശോധിക്കാന്‍ കഴിയും. എന്നാല്‍, ഏതു ഫോട്ടോ വയ്ക്കണമെന്നതിനു പ്രോട്ടോകോള്‍ ഇല്ല.

എന്നാല്‍, ദേശീയ ചിഹ്‌നങ്ങളേയോ മുദ്രകളേയോ അനാദരിക്കുന്നതിനെതിരായ 1971 ലെ ആക്ടിന്റെ ലംഘനവും ഗവര്‍ണറുടെ പ്രവൃത്തിയില്‍ ഇല്ലെന്നാണു നിയമവകുപ്പിന്റെ പ്രഥമിക വിലയിരുത്തല്‍. സര്‍ക്കാര്‍ പരിപാടികളുടെ നടത്തിപ്പു സംബന്ധിച്ചു പി.ആര്‍.ഡിയില്‍ പ്രോട്ടോകോള്‍ ഉണ്ട്. ഇതിന്റെ ലംഘനം ഗവര്‍ണറുടെ നടപടിയില്‍ ഉണ്ടെന്നാണു നിഗമനം. കാവിക്കൊടി പിടിച്ച സ്ത്രീരൂപം ഒരു സംഘടനയുടേതാണ്.

അത്തരം ചിത്രങ്ങള്‍ സര്‍ക്കാര്‍ പരിപാടിയില്‍ അനുവദിക്കുന്നില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി രാജ്ഭവന് വിശദമായ മറുപടി നല്‍കാനാവും. ചീഫ് സെക്രട്ടറിയാണു വിവാദത്തില്‍ സര്‍ക്കാരിന് എന്തൊക്കെ ചെയ്യാനാകുമെന്നു ചോദിച്ചിരിക്കുന്നത്. രാജ്ഭവനിലെ പരിപാടിയില്‍ എന്തൊക്കെ ചിഹ്‌നങ്ങള്‍ വയ്ക്കണമെന്ന പ്രോട്ടോക്കോള്‍ ഉണ്ടോ, മന്ത്രിസഭയ്ക്ക് ഇക്കാര്യത്തില്‍ ഉപദേശം നല്‍കാനാകുമോ എന്നു വ്യക്തമാക്കണമെന്നാണു നിര്‍ദേശം. മറുപടിക്കുശേഷം സര്‍ക്കാര്‍ തുടര്‍നടപടികള്‍ സ്വീകരിക്കും.

കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വച്ചതിന് മന്ത്രി വി. ശിവന്‍കുട്ടി ഇറങ്ങിപ്പോയത്തിന് പിന്നാലെ രാജ്ഭവന്‍ നിലപാട് കടുപ്പിച്ചതാണു സര്‍ക്കാരിനെ പ്രകോപിപ്പിച്ചത്. കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം മാറ്റാന്‍ സാധിക്കില്ലെന്നും എല്ലാ ഉദ്ഘാടനത്തിനും ആ ചിത്രം അവിടെത്തന്നെ ഉണ്ടാകുമെന്നുമാണു രാജ്ഭവന്‍ നിലപാട്. ചിത്രത്തിനു മുന്നില്‍ വിളക്കുവെക്കുമെന്നുമാണു രാജ്ഭവന്റെ നിലപാട്.

രാജ്ഭവനില്‍ സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് പരിപാടിയില്‍ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വച്ചതില്‍ പ്രതിഷേധിച്ചു മന്ത്രി വി. ശിവന്‍കുട്ടി ഇറങ്ങിപ്പോയിരുന്നു. ഇതിന് പിന്നാലെ മന്ത്രിയുടെ നടപടി പ്രോട്ടോക്കോള്‍ ലംഘനമാണെന്ന് ചൂണ്ടിക്കാണിച്ച് രാജ്ഭവന്‍ പ്രസ്താവന ഇറക്കിയിരുന്നു. ഇതോടെ ഇനി രാജ്ഭവനില്‍ സര്‍ക്കാര്‍ പരിപാടികള്‍ നടക്കാനുള്ള സാധ്യതകള്‍ മങ്ങിയെന്നാണു ചൂണ്ടിക്കാണിക്കപ്പെടുന്നത്. തീരുമാനത്തില്‍ രാജ്ഭവന്‍ ഉറച്ചുനില്‍ക്കുകയാണ് സര്‍ക്കാരിന്റെ ഉദ്ഘാടന പരിപാടികളൊന്നും ഇനി ഇവിടെ നടന്നേക്കില്ല. സത്യപ്രതിജ്ഞ മാത്രമാകും രാജ്ഭവനില്‍ നടക്കുക.

Ads by Google
ജെബി പോള്‍
Saturday 21 Jun 2025 10.32 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google