Monday, March 23, 2026 Last Updated 10 Min 42 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 21 Jun 2025 09.17 AM

ഭരണഘടനയെന്ന് കേട്ടാല്‍ കുരിശുകണ്ട ചെകുത്താനെ പോലെയാകും ; ഗവര്‍ണറെ രൂക്ഷമായി വിമര്‍ശിച്ച് ദേശാഭിമാനി

uploads/news/2025/06/787177/shivankutty.jpg

തിരുവനന്തപുരം: രാജ്ഭവനും വിദ്യാഭ്യാസമന്ത്രിയും ഉള്‍പ്പെട്ട ഭാരതാംബ വിവാദത്തില്‍ ഗവര്‍ണറെ രൂക്ഷമായി വിമര്‍ശിച്ചും വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയെ പ്രകീര്‍ത്തിച്ചും ദേശാഭിമാനിയില്‍ എഡിറ്റോറിയല്‍ ലേഖനം. ആര്‍എസ്എസ് രൂപീകരണത്തിന്റെ നൂറാം വര്‍ഷത്തില്‍ ഇന്ത്യയില്‍ ഹിന്ദുരാഷ്ട്രവല്‍ക്കരണം തീവ്രമാക്കുകയെന്ന ലക്ഷ്യമാണ് ഇതിനുപിന്നിലെന്നാണ് വിമര്‍ശിച്ചിരിക്കുന്നത്.

എല്‍ഡിഎഫ് സര്‍ക്കാരിനെ തെരുവിലിറങ്ങി വെല്ലുവിളിക്കാനും പുലഭ്യം പറയാനും ഏറ്റുമുട്ടാനും തയ്യാറായ ആരിഫ് മുഹമ്മദ്ഖാനേക്കാള്‍ ഒട്ടും മോശമല്ല താനെന്ന് തെളിയിക്കാനാണ് പുതിയ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ശ്രമിക്കുന്നതെന്ന് ദേശാഭിമാനി. ഭരണഘടനാ പദവിയെ നഗ്നമായ രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിക്കുന്നതിനെ ഭരണഘടനാവിരുദ്ധം എന്ന് മാത്രമേ പറയാനാകു എന്നും ഭരണഘടന എന്നു കേള്‍ക്കുമ്പോള്‍ കുരിശു കണ്ട ചെകുത്താനെപ്പോലെ ഗവര്‍ണര്‍ വിറളി പിടിക്കുകയാണ് എന്നുമാണ് വിമര്‍ശനം.

ദേശാഭിമാനി എഡിറ്റോറിയല്‍ ലേഖനത്തിലാണ് ഈ വിവരമുള്ളത്. ഭരണഘടനയെ പരസ്യമായി വെല്ലുവിളിച്ച് ആര്‍എസ്എസ് പ്രത്യയശാസ്ത്രം പ്രകടമായിത്തന്നെ പ്രചരിപ്പിക്കാന്‍ ഗവര്‍ണര്‍ രാജ് ഭവനെത്തന്നെ വേദിയാക്കുകയാണെന്നും രാജ്ഭവന്‍ ആര്‍എസ്എസ് ശാഖയല്ലെന്ന് ആര്‍ലേക്കറും രാജ്ഭവനിലെ അദ്ദേഹത്തിന്റെ ശിങ്കിടികളും മനസ്സിലാക്കണമെന്നും പറയുന്നു.

ഭഗവധ്വജം (കാവിക്കൊടി) കൈയിലേന്തി ഒരു സിംഹത്തെ ചാരി ഇന്ത്യന്‍ റിപ്പബ്ലിക്കിന്റേതല്ലാത്ത ഭൂപടത്തിലെ പശ്ചാത്തലത്തില്‍ നില്‍ക്കുന്ന സ്ത്രീരൂപം എങ്ങനെയാണ് ഭാരതാംബയാകുന്നതെന്ന ചോദ്യത്തിന് ഒരുത്തരമേ ഉള്ളൂ.

ആര്‍എസ്എസ് ശാഖകളില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രമാണത്. ഇന്ത്യന്‍ ഭരണഘടനയെയോ ദേശീയപതാകയെയോപോലും അംഗീകരിക്കാത്ത ആര്‍എസ്എസ് മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രസങ്കല്‍പത്തെ അംഗീകരിക്കാന്‍ തല്‍ക്കാലം ഈ നാട്ടിലെ മതനിരപേക്ഷവാദികള്‍ക്ക് സൗകര്യമില്ല എന്നുതന്നെയാണ് മന്ത്രി ശിവന്‍കുട്ടിയുടെ വാക്കുകളുടെ പൊരുളെന്നും ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ വ്യക്തമാക്കുന്നു.

Ads by Google
Saturday 21 Jun 2025 09.17 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google