ഇസ്രയേലും ഇറാനും പുതിയ പോർമുഖം തുറന്നതോടെ ഭീതിയിലാണ് ലോകം. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷ സാഹചര്യത്തിൽ പലസ്തീൻ വിഷയത്തിൽ ചേരാനിരുന്ന യുഎൻ സമ്മേളനം മാറ്റി. അടുത്ത ആഴ്ച ന്യൂയോർക്കിൽ ചേരാനിരുന്ന യോഗമാണ് മാറ്റിയത്. മാറ്റിവെച്ച യോഗം എത്രയും വേഗം നടത്തുമെന്ന് ഇമ്മാനുവൽ മാക്രോൺ വ്യക്തമാക്കി.
ഇസ്രയേലിനെ പിന്തുണയ്ക്കുന്ന രാജ്യങ്ങൾക്ക് ഇറാൻ മുന്നറിയിപ്പ് നൽകി. ഇസ്രയേലിനെ സഹായിച്ചാൽ അമേരിക്ക,ഫ്രാൻസ് ,യുകെ തുടങ്ങിയ രാജ്യങ്ങളുടെ സൈനിക താവളങ്ങൾ ആക്രമിക്കുമെന്നാണ് മുന്നറിയിപ്പ്. മിസൈൽ ആക്രമണം തുടർന്നാൽ ‘ടെഹ്‌റാൻ കത്തുമെന്ന്’ ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കട്സ് വ്യക്തമാക്കി. ഇറാൻ ആക്രമണത്തിൽ ടെൽ അവീവിൽ മൂന്ന് മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇസ്രയേൽ ആക്രമണത്തിൽ 78 പേർ കൊല്ലപ്പെട്ടെന്നാണ് ഇറാന്റെ കണക്ക്. ഇറാൻ നടത്തിയ ആക്രമണത്തിൽ ടെല്‍ അവീവില്‍ കനത്ത നാശനഷ്ടങ്ങളുണ്ടായെന്നാണ് റിപ്പോർട്ട്.