കൊല്ലം: തിരഞ്ഞെടുപ്പ് കമ്മീഷന്‍ അയച്ച കത്തില്‍ ബിജെപിയുടെ സീല്‍ വന്ന സംഭവത്തില്‍ പ്രതികരിച്ച് കെ സി വേണുഗോപാല്‍ എംപി. തെരഞ്ഞെടുപ്പ് കമ്മീഷന്റ ജോലി ബിജെപിയുടെ പാര്‍ട്ടി പണി ആണെന്ന് കഴിഞ്ഞ കുറേക്കാലമായി തങ്ങള്‍ പറയുന്നതാണെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു.
ഇത് കഴിഞ്ഞ കുറെ നാളുകളായി നടക്കുന്നുവെന്നും വൈകിയാണെങ്കിലും അറിയാന്‍ പറ്റിയല്ലോയെന്നും കെ സി വേണുഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു. 'ഞെട്ടിക്കുന്ന കാര്യമായി പോയി. കുറേക്കാലമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഈ പണി തന്നെയാണ് ചെയ്യുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉള്‍പ്പെടെ യുഡിഎഫിനെ പരാജയപ്പെടുത്താനാണ്. സമയം കുറച്ചാല്‍ യുഡിഎഫിനെ തോല്‍പ്പിക്കാം എന്നാണോ?' കെ സി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.
രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അയച്ച കത്തിലാണ് ബിജെപിയുടെ സീല്‍ വന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ സീലിന് പകരമാണ് ബിജെപി കേരള ഘടകത്തിന്റെ സീല്‍ പതിച്ചത്. ഈ മാസം 22 നായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഇമെയില്‍ സന്ദേശം സംസ്ഥാനത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിച്ചത്. 2019ലെ തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ വിശദീകരിച്ചുകൊണ്ടുള്ള സന്ദേശത്തിനൊപ്പമുണ്ടായിരുന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തിലായിരുന്നു ബിജെപി കേരള ഘടകത്തിന്റെ സീല്‍ ഉള്‍പ്പെട്ടത്.