Friday, March 20, 2026 Last Updated 18 Min 43 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 01 Apr 2025 11.34 AM

‘ചങ്കൂറ്റം പണയം വെക്കാത്തവന്‍; മാപ്പ് ജയന്‍ പറയില്ല; നിന്റെ തന്തയല്ല എന്റെ തന്ത എന്ന വരികള്‍ക്ക് ജീവനുണ്ട്...’മുരളി ഗോപിയുടെ ഈദ് ആശംസ ഏറ്റെടുത്ത് ആരാധകര്‍

uploads/news/2025/04/773349/Untitled-1.jpg
Murali Gopy's silence on empuraan controversy (Image source: Facebook)

മലയാള സിനിമാ പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരുന്ന പാന്‍ ഇന്ത്യന്‍ സിനിമയായിരുന്നു എമ്പുരാന്‍. മോഹന്‍ലാല്‍ പൃഥ്വിരാജ് കോമ്പോയിലിറങ്ങിയ ‘ലൂസിഫര്‍’ എന്ന സിനിമയുടെ രണ്ടാം ഭാഗമായി എത്തിയ എമ്പുരാന്‍ റിലീസിനു മുമ്പു തന്നെ റെക്കോര്‍ഡുകള്‍ കീഴടക്കിയിരുന്നു. എന്നാല്‍ സിനിമയിറങ്ങിയ ശേഷം ഒരുപാട് വിവാദങ്ങള്‍ എമ്പുരാനെ കീഴടക്കുന്നുണ്ട്. വിവാദങ്ങൾക്കിടെ മോഹൻലാൽ തന്റെ ഫേസ്ബുക്കിലൂടെ പരസ്യ ഖേദപ്രകടനമായി പ്രസ്താവനയും കുറിച്ചിരുന്നു.
ചിത്രത്തിലെ ഉള്ളടക്കത്തിന്റെ എമ്പുരാന്‍ വിവാദങ്ങളില്‍ പെട്ടപ്പോള്‍ മോഹന്‍ലാല്‍ കുറിച്ച ഖേദ പ്രകടനം പിന്നീട് ചിത്രത്തിന്റെ സംവിധായകനും നടനുമായ പൃഥ്വിരാജ് പങ്കുവച്ചിരുന്നു. നിര്‍മ്മാതാവ് ആന്‍റണി പെരുമ്പാവൂരും ഇതേ പോസ്റ്റ് പങ്കുവച്ചു.
പക്ഷേ ചിത്രത്തിന്റെ തിരക്കഥാകൃത്ത് മുരളി ഗോപി ഇതുവരെ ഉയരുന്ന വിവാദത്തില്‍ ഒരു പ്രതികരണവും നടത്തിയിട്ടില്ല. മോഹന്‍ലാലിന്റെ കുറിപ്പ് ചിത്രത്തിന്റെ അണിയറക്കാര്‍ എല്ലാം പങ്കുവച്ചിട്ടും മുരളി ഗോപി ഇതുവരെ പങ്കുവച്ചിട്ടില്ല. അതേ സമയം ചിത്രത്തിലെ അടുത്തിറങ്ങിയ ഗാനം അടക്കം മുരളി ഗോപി പങ്കുവച്ചിട്ടുണ്ട്.
ഇപ്പോഴിതാ ചിത്രവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടയില്‍ ഈദ് ആശംസ നേര്‍ന്ന മുരളി ഗോപിയുടെ കുറിപ്പാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. ‘‘ഈദ് വിഷസ് ടു ഓള്‍...’’ എന്നാണ് മുരളി ഗോപി കുറിച്ചത്. ചിത്രത്തിലെ ചില രംഗങ്ങള്‍ നീക്കം ചെയ്യുന്നതില്‍ മുരളി ഗോപിക്ക് എതിര്‍പ്പുണ്ടെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.
മോഹന്‍ലാലും പൃഥ്വിരാജും ആന്റണി പെരുമ്പാവൂരുമടക്കം ഖേദം പ്രകടിപ്പിച്ച സാഹചര്യത്തില്‍ മാപ്പ് പറയാന്‍ തയാറാവാത്ത മുരളി ഗോപിയുടെ നിലപാടിനെ അഭിനന്ദിച്ചുള്ള അഭിനന്ദന പ്രവാഹങ്ങളാണ് ഈദ് ആശംസകള്‍ നേര്‍ന്നുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റിന് താഴെ നിറയുന്നത്.
‘ചങ്കൂറ്റം പണയം വെക്കാത്തവന്‍, മാപ്പ് ജയന്‍ പറയില്ല, ഈദ് മുബാറക് പണയം വെക്കാത്ത നിലപാടിന്, വെറുപ്പിന്റെ ആശയത്തെ സിനിമയിലും സിനിമയിലൂടെ പുറത്തും ലോകത്തിന് കാട്ടിയ ധീരതയ്ക്ക് നന്ദി, നട്ടെല്ല് വളച്ചു ജീവിക്കുന്നതിലും നല്ലത് പോരാടി മരിക്കുന്നതാണ്, ആണൊരുത്തന്‍ ഈദ് ആശംസകള്‍ നേരുന്നു. നിന്റെ തന്തയല്ല എന്റെ തന്ത എന്ന വരികള്‍ക്ക് ജീവനുണ്ട്...’’ എന്നിങ്ങനെ നീളുകയാണ് കമന്റുകള്‍.
സിനിമ വിവാദമായതിനേക്കുറിച്ചോ മോഹന്‍ലാലിന്റെ സോഷ്യല്‍ മീഡിയ കുറിപ്പ് പങ്കുവെയ്ക്കുന്നതിനേക്കുറിച്ചോ തല്‍ക്കാലം പ്രതികരിക്കാനില്ലെന്ന നിലപാടിലാണ് മുരളിഗോപി. തിരക്കഥ പൃഥ്വിരാജ് തിരുത്തിയെന്ന ആരോപണമുയര്‍ന്നിട്ടും മുരളി പ്രതികരിക്കാത്തത് ദുരൂഹത വര്‍ധിപ്പിക്കുന്നുണ്ട്. റിലീസ് ദിവസമാണ് മുരളിഗോപിയും പൂര്‍ണരൂപത്തില്‍ സിനിമ കണ്ടതെന്നും അഭ്യൂഹങ്ങളുണ്ട്.

മുരളി ഗോപി ഇപ്പോഴത്തെ വിവാദത്തില്‍ പുലര്‍ത്തുന്ന നിശബ്ദത സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നുണ്ട്. നേരത്തെ ചിത്രത്തെ അത് കണ്ട് വ്യാഖ്യാനിക്കുന്നവര്‍ക്ക് ആ രീതിയില്‍ ആകാമെന്നും, താന്‍ ഈ വിഷയത്തില്‍ പ്രതികരിക്കുന്നില്ലെന്ന വാര്‍ത്ത ഏജന്‍സി പിടിഐയോട് മുരളി ഗോപി പ്രതികരിച്ചതായി ദേശീയ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു.
അതേ സമയം വിവാദ ഭാഗങ്ങള്‍ വെട്ടിമാറ്റിയ എമ്പുരാന്‍ സിനിമയുടെ പുതിയ പതിപ്പ് വൈകാതെ തിയേറ്ററുകളിലെത്തും. ഗര്‍ഭിണിയെ ബലാത്സംഗം ചെയ്യുന്ന രംഗമടക്കം മൂന്ന് മിനിറ്റ് വെട്ടിമാറ്റിയാണ് ചിത്രമെത്തുന്നത്. ചിത്രത്തിലെ ബജ്റംഗിയെന്ന വില്ലന്റെ പേരും മാറ്റിയേക്കും. ഉടന്‍ റീ എഡിറ്റ് ചെയ്ത പതിപ്പ് തിയേറ്ററുകളിലെത്തിക്കണമെന്ന കേന്ദ്ര സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശ പ്രകാരമായിരുന്നു അടിയന്തര നടപടിയെന്നാണ് വിവരം.
സിനിമാ സംഘടനകളും വിഷയത്തില്‍ മൗനത്തിലാണ്. വിവാദങ്ങള്‍ക്കിടയിലും തിയേറ്ററുകളില്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ് ചിത്രം. സിനിമയുടെ റെക്കോര്‍ഡ് കളക്ഷന്‍വിവരങ്ങള്‍ താരങ്ങള്‍ തന്നെ പുറത്തുവിട്ടു. മോഹൻലാല്‍ ഖേദം പ്രകടിപ്പിച്ചതിന്റെ താരത്തിന്റെ ഫാന്‍സ് അസോസിയേഷന്‍ ഭാരവാഹികളില്‍ പലരും വിഷമത്തിലാണെന്നും ചിലര്‍ രാജി വച്ചതായും വാര്‍ത്തകളുണ്ട്.

Ads by Google
Tuesday 01 Apr 2025 11.34 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google