കൊച്ചി: മാസപ്പടി കേസില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുളള ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. കളമശേരി സ്വദേശിയായ ഗിരീഷ് ബാബുവും മാത്യു കുഴല്‍നാടന്‍ എം എല്‍ എയും സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജികളാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. മൂവാറ്റുപുഴ വിജിലന്‍സ് കോടതി നേരത്തെ ഈ ആവശ്യം തള്ളിയിരുന്നു. ഇതോടെയാണ് ഹൈക്കോടതിയില്‍ റിവിഷന്‍ ഹര്‍ജി എത്തിയത്.
മുഖ്യമന്ത്രിയുടെ മകളുടെ സ്ഥാപനമായ എക്‌സാലോജിക്കും കൊച്ചിയിലെ കരിമണല്‍ കമ്പനിയായ സിഎംആര്‍ എല്ലും തമ്മില്‍ നടത്തിയ സാമ്പത്തിക ഇടപാട് വിജിലന്‍സ് അന്വേഷിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. മുഖ്യമന്ത്രിയുടെ മകള്‍ എന്ന സ്ഥാനം ഉപയോഗിച്ചാണ് എക്‌സാലോജിക് കമ്പനി സിഎം ആര്‍ എല്ലില്‍ നിന്ന് മാസപ്പടി വാങ്ങിയതെന്നും ഇത് വിജിലന്‍സ് അന്വേഷണത്തിന്റെ പരിധിയില്‍ വരുമെന്നുമാണ് വാദം. വീണ വിജയനും വീണയുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിക്കും ഇല്ലാത്ത സോഫ്ട് വെയര്‍ സേവനത്തിന്റെ പേരില്‍ ഒരു കോടി 72 ലക്ഷം രൂപ നല്‍കിയെന്നായിരുന്നു ആദായ നികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തല്‍.
ഇത് സംബന്ധിച്ചാണ് ഇഡിയും കള്ളപ്പണം തടയല്‍ നിയമപ്രകാരം കേസെടുത്ത് അന്വേഷണം നടത്തുന്നത്. ഇല്ലാത്ത സേവനത്തിന് വീണയുടെ കമ്പനി പണം വാങ്ങിയത് കള്ളപ്പണം വെളുപ്പിക്കലിന്റെ പരിധിയില്‍ വരുമെന്നാണ് ഇഡി കണക്കുകൂട്ടുന്നത്. സിഎംആര്‍എല്ലിന്റെ ബാലന്‍സ് ഷീറ്റില്‍ കളളക്കണക്കുണ്ടെന്ന് ആദായനികുതി വിഭാഗം കണ്ടെത്തിയിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവരെ എതിര്‍കക്ഷികളാക്കിയാണ് മാത്യു കുഴല്‍നാടന്റെ ഹര്‍ജി. ഹര്‍ജിയില്‍ മാസങ്ങള്‍ക്കുമുമ്പ് വാദം പൂര്‍ത്തിയാക്കിയ സിംഗിള്‍ ബെഞ്ച്, കേസ് ഉത്തരവിനായി മാറ്റുകയായിരുന്നു. ഹര്‍ജിയില്‍ വാദം നടക്കുന്നതിനിടെ ഗിരീഷ് ബാബു മരിച്ചിരുന്നു.