കോട്ടയം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയിച്ചാല്‍ രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ജെ. കുര്യന്റെ വെളിപ്പെടുത്തല്‍ യുഡിഎഫില്‍ വിള്ളലുണ്ടാക്കുന്നു. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ആയിരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫും നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനെ മറികടന്നായിരുന്നു പി.ജെ. കുര്യന്റെ വെളിപ്പെടുത്തല്‍.
തിരുവല്ലയില്‍ നടന്ന യുഡിഎഫ് കണ്‍വെന്‍ഷനില്‍ ചെന്നിത്തലയെ വേദിയിലിരുത്തിയായിരുന്നു കുര്യന്റെ പ്രസ്താവന.''തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ യുഡിഎഫ് അധികാരം പിടിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. രമേശ് ചെന്നിത്തല തന്നെയായിരിക്കും മുഖ്യമന്ത്രിയാകുക. പാര്‍ട്ടി തീരുമാനിക്കുമെന്നാണ് രമേശ് പറയുന്നതെങ്കിലും എനിക്ക് ഇക്കാര്യത്തില്‍ വ്യക്തമായ ഉറപ്പുണ്ട്.'' പി.ജെ. കുര്യന്‍ പറഞ്ഞു.
മുഖ്യമന്ത്രി സ്ഥാനത്തിനായി താന്‍ കലഹത്തിനില്ലെന്ന് വി.ഡി. സതീശന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സ്ഥാനമാനങ്ങള്‍ കൈപ്പിടിയില്‍ നിന്ന് നഷ്ടപ്പെട്ടപ്പോഴും താന്‍ പാര്‍ട്ടി അച്ചടക്കം ലംഘിച്ചിട്ടില്ലെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. വ്യക്തികളെ ഉയര്‍ത്തിക്കാട്ടിയല്ല, മറിച്ച് എഐസിസി നിശ്ചയിക്കുന്ന നടപടിക്രമങ്ങള്‍ അനുസരിച്ചായിരിക്കും നേതാവിനെ തിരഞ്ഞെടുക്കുക എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.