Wednesday, March 25, 2026 Last Updated 11 Min 50 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 25 Mar 2025 05.39 PM

ജലവിഭവ വകുപ്പിന് കീഴിലെ ഡാമുകളിൽ ബഫർ സോൺ നടപ്പിലാക്കില്ല ; അടിയന്തര പ്രമേയത്തെ തുടര്‍ന്ന് സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കുന്നത് ചരിത്രത്തില്‍ ആദ്യം

അടിയന്തര പ്രമേയത്തെ തുടര്‍ന്ന് സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കുന്നത് നിയമസഭ ചരിത്രത്തില്‍ ആദ്യമാണ്.
uploads/news/2025/03/771955/7.gif
photo - facebook

തിരുവനന്തപുരം : സംസ്ഥാനത്തെ അണക്കെട്ടുകള്‍ക്കും ജലസംഭരണികള്‍ക്കും ബഫര്‍സോണ്‍ ഏര്‍പ്പെടുത്തി ഉത്തരവ് പിന്‍വലിക്കുമെന്നും ജനങ്ങളുടെ ആശങ്ക അകറ്റുന്ന തരത്തില്‍ ചര്‍ച്ച ചെയ്തു തീരുമാനമെടുക്കുമെന്നും ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ നിയമസഭയില്‍. പ്രഖ്യാപനം ജനങ്ങള്‍ക്കിടയില്‍ ആശങ്കയ്ക്കിടയാക്കിയെന്ന തിരിച്ചറിവില്‍ സര്‍ക്കാര്‍ വിഷയം ചര്‍ച്ച ചെയ്തുവെന്നും ഇപ്പോഴത്തെ ഉത്തരവ് അന്തിമമായി പരിഗണിക്കേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു. മോന്‍സ് ജോസഫ് എംഎല്‍എ അവതരിപ്പിച്ച അടിയന്തരപ്രമേയ നോട്ടിസിനു മറുപടി പറയുകയായിരുന്നു മന്ത്രി.

അടിയന്തര പ്രമേയത്തെ തുടര്‍ന്ന് സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കുന്നത് നിയമസഭ ചരിത്രത്തില്‍ ആദ്യമാണ്. ജലവിഭവ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഡാമുകള്‍ക്ക് ചുറ്റും ബഫര്‍ സോണ്‍ ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ തീരുമാനം ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കുന്നതാണെന്നായിരുന്നു പ്രതിപക്ഷ നിലപാട്. പരമാവധി ജലനിരപ്പില്‍ നിന്നും കരയുടെ ഭാഗത്തേക്ക് 20 മീറ്റര്‍ വരെയുള്ള പ്രദേശം ബഫര്‍ സോണായി പ്രഖ്യാപിക്കുകയും ഇതിന് പുറത്തുള്ള 100 മീറ്റര്‍ ചുറ്റളവിലെ നിര്‍മ്മാണത്തിന് ജലസേചന വകുപ്പിന്റെ എന്‍.ഒ.സി നിര്‍ദ്ദേശിക്കുന്നതുമായിരുന്നു വിവാദ ഉത്തരവ്. യു.ഡി.എഫിന്റെ മലയോര ജാഥയില്‍ ഏറ്റവും കൂടുതല്‍ പരാതി ലഭിച്ചതും ഈ വിഷയത്തിലായിരുന്നു. ഈ വിഷയത്തിലായിരുന്നു ഇന്നത്തെ അടിയന്തര പ്രേമേയ നോട്ടീസ്. പ്രതിപക്ഷത്തിന്റെ കടുത്ത സമ്മര്‍ദ്ദത്തിന് ഒടുവില്‍ 2024 ഡിസംബര്‍ 26 ലെ വിവാദ ഉത്തരവ് പിന്‍വലിക്കുമെന്ന് ജലവിഭവ മന്ത്രിക്ക് സമ്മതിക്കേണ്ടി വന്നു.

കേരളത്തിലെ അണക്കെട്ടുകള്‍ക്കും ജലസംഭരണികള്‍ക്കും ബഫര്‍സോണ്‍ പ്രഖ്യാപിച്ചതോടെ ജനവാസ മേഖലയില്‍ 7732.38 ഏക്കര്‍ നിരോധിത മേഖലയും 38,661.92 ഏക്കര്‍ നിയന്ത്രിത മേഖലയും ആകുന്ന അവസ്ഥ വന്നു. അണക്കെട്ടില്‍ പരമാവധി റിസര്‍വോയര്‍ ലെവലില്‍ വെള്ളം ഉയരുമ്പോള്‍ അവിടെനിന്നാണു ബഫര്‍സോണ്‍ ദൂരം കണക്കാക്കുന്നത് എന്നതിനാല്‍ നിരോധനവും നിയന്ത്രണവും പ്രാബല്യത്തില്‍ വരുമ്പോള്‍ ഈ കണക്ക് ഉയരാമെന്നും വിലയിരുത്തലെത്തി. ഡിസംബര്‍ 26 ലെ ഉത്തരവു വഴി സംസ്ഥാനത്തെ 61 ഡാമുകളിലും 35 റിസര്‍വോയറുകളിലുമാണ് ബഫര്‍സോണ്‍ പ്രാബല്യത്തിലായിരുന്നത്.

ജലസേചന വകുപ്പിന്റെ വെബ്സൈറ്റിലുള്ള പട്ടിക പ്രകാരം 38 പുഴകളിലെ സംഭരണികളിലായി 782.63 കിലോമീറ്റര്‍ ദൂരമാണ് ബഫര്‍സോണ്‍. ഇരുവശത്തും 20 മീറ്റര്‍ വീതം സോണ്‍ ഒന്നില്‍പെടുത്തി നിരോധിത മേഖലയും 20 മുതല്‍ 120 മീറ്റര്‍ സോണ്‍ രണ്ടില്‍പെടുത്തി നിയന്ത്രിത മേഖലയുമായി. അങ്ങനെയാണ് 7732.38 ഏക്കര്‍ നിരോധിത മേഖലയും 38,661.92 ഏക്കര്‍ നിയന്ത്രിത മേഖലയുമാകുന്നത്. പഴശ്ശി അണക്കെട്ടില്‍ വളപട്ടണം പുഴയില്‍ 6.48 കിലോമീറ്ററാണ് പട്ടിക പ്രകാരം ബഫര്‍സോണ്‍. സംസ്ഥാനത്ത് ആയിരക്കണക്കിനു കുടുംബങ്ങളെ വഴിയാധാരമാക്കാന്‍ ഉത്തരവ് കാരണമാകുമെന്നു വിലയിരുത്തല്‍ എത്തി. പലര്‍ക്കും പുതിയ വീടുകള്‍ നിര്‍മിക്കാനും പഴയത് പുനര്‍നിര്‍മിക്കാനും സാധിക്കില്ല. ഏറ്റവും കൂടുതല്‍ ദൂരം നിയന്ത്രണം വരുന്നത് ഇടുക്കി കല്ലാര്‍കുട്ടി അണക്കെട്ടിലെ മുതിരപ്പുഴയിലാണ്281.24 കിലോമീറ്റര്‍. പമ്പ അണക്കെട്ടില്‍ പമ്പ നദിയില്‍ 90.88 കിലോമീറ്ററും ഇടുക്കി അണക്കെട്ടിലെ പെരിയാര്‍ നദിയില്‍ 61.6 കിലോമീറ്ററും ബഫര്‍സോണാണ്. ഇതെല്ലാം വിവാദമായി. ഈ സാഹചര്യത്തിലാണ് പ്രതിപക്ഷം സഭയ്ക്കുള്ളില്‍ വിഷയം ചര്‍ച്ചയാക്കിയത്. തുടര്‍ന്ന് സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കുകയാണ്. ഇതോടെ പ്രതിഷേധങ്ങളും അവസാനിക്കും.

Ads by Google
Tuesday 25 Mar 2025 05.39 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google