-->
ആലപ്പുഴ: ഇടതുപക്ഷത്തിന്റെ കോട്ടയായി കണക്കാക്കുന്ന അമ്പലപ്പുഴയില്‍ ജി. സുധാകരന് പിന്തുണ നല്‍കാന്‍ കോണ്‍ഗ്രസ് തീരുമാനം. ഇതിന്റെ ഭാഗമായി അമ്പലപ്പുഴയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തില്ല. യുഡിഎഫിന്റെ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി ജി സുധാകരന്‍ മത്സരിക്കുമെന്ന് ഇതോടെ ഉറപ്പായി. എച്ച് സലാമാണ് അമ്പലപ്പുഴയില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയാകുക.
ഡല്‍ഹിയില്‍ നടന്ന ദേശീയ നേതാക്കളുടെ യോഗത്തിലാണ് തീരുമാനം. ഇതോടെ അമ്പലപ്പുഴയില്‍ തീ പാറുമെന്ന് ഉറപ്പാക്കുകയാണ്. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ മണ്ഡലത്തിന് കീഴിലാണ് അമ്പലപ്പുഴ. നേരത്തേ തന്നെ കോണ്‍ഗ്രസ് നേതാക്കള്‍ ജി.സുധാകരനുമായി നേരിട്ടു ചര്‍ച്ചകള്‍ നടത്തിയതായും അദ്ദേഹം പിന്തുണ സ്വീകരിക്കുമെന്ന് ഉറപ്പാക്കിയതായുമാണ് സൂചനകള്‍. ദിവസങ്ങള്‍ക്ക് മുമ്പാണ് ജി സുധാകരന്‍ സിപിഐഎം വിട്ടത്. ഇതിന് പിന്നാലെയാണ് അദ്ദേഹം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാകുമെന്ന് ഉറപ്പാക്കിയത്.
നേരത്തേ ആരുടെയും പിന്തു സ്വീകരിക്കില്ലെന്നും പിണറായി മുഖ്യമന്ത്രിയാകുന്നതിനെ താന്‍ പിന്തുണയ്ക്കുന്നു എന്നും ജി സുധാകരന്‍ പറഞ്ഞിരുന്നു. 63 വര്‍ഷം നീണ്ട പാര്‍ട്ടിജീവിതത്തിനാണ് ജി. സുധാകരന്‍ അവസാനമിട്ടത്. കഴിഞ്ഞ തവണ 11125 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു കഴിഞ്ഞ തവണ അമ്പലപ്പുഴയില്‍ എച്ച് സലാം വിജയിച്ചത്. 61,365 വോട്ടുകള്‍ നേടിയായിരുന്നു. ഈ മണ്ഡലത്തില്‍ ജി സുധാകരന്‍ അവസാനം മത്സരിച്ചപ്പോള്‍ 22,621 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു ജി.സുധാകരന്‍ വിജയം നേടിയത്. രണ്ടു തവണ മന്ത്രിയും നാലുതവണ എംഎല്‍എ യും ആയയാളാണ് ജി.സുധാകരന്‍. പാര്‍ട്ടിയുമായി അകന്നതോടെയാണ് സുധാകരന്‍ യുഡിഎഫിനൊപ്പം വരുന്നത്.