-->
തിരുവനന്തപുരം: ആര്യനാട് ലോണ്‍ ആപ്പ് ഭീഷണിയെ തുടര്‍ന്ന് 21കാരനായ ആനന്ദ് ജീവനൊടുക്കിയ സംഭവത്തില്‍ പ്രതികരിച്ച് ബന്ധു അജിത്ത്. രണ്ട് ലോണ്‍ ആപ്പുകളില്‍ നിന്നായി 19,000, 21,000 രൂപയാണ് ആനന്ദ് ലോണ്‍ എടുത്തതെന്ന് ബന്ധു റിപ്പോര്‍ട്ടറിനോട് പറഞ്ഞു. ലോണ്‍ തിരിച്ചടയ്ക്കാന്‍ അവന്‍ പരമാവധി ശ്രമിച്ചിരുന്നു എന്നാണ് മനസിലാക്കുന്നത്. എന്നാല്‍ സാധിച്ചില്ല. പെട്ടെന്നുണ്ടായ പ്രയാസത്തെ തുടര്‍ന്നാണ് അവന്‍ അങ്ങനെ ഒരു കടുംകൈ ചെയ്തതെന്നും ബന്ധു പറഞ്ഞു.
ആനന്ദ് ലോണ്‍ എടുത്ത വിവരം വീട്ടില്‍ ആര്‍ക്കും അറിയില്ലായിരുന്നു. വീട്ടിലെ സാമ്പത്തിക പ്രശ്‌നങ്ങളെ തുടര്‍ന്നാണ് ലോണ്‍ എടുത്തതെന്നാണ് അവന്‍ സുഹൃത്തുക്കളോട് പറഞ്ഞതായി അറിയാന്‍ കഴിഞ്ഞത്. 21 വയസേ അവനുള്ളൂ. നല്ല രീതിയില്‍ പഠിച്ചിരുന്ന ആളായിരുന്നു ആനന്ദ്. വീട്ടില്‍ ചില പ്രയാസങ്ങള്‍ വന്നതോടെയാണ് അവന്‍ ജോലിക്ക് കയറിയതെന്നും അജിത്ത് പറഞ്ഞു.
ഒരു ടയര്‍ ഷോപ്പില്‍ അവന്‍ ജോലിക്ക് പോയിരുന്നു. സംഭവ ദിവസം രാവിലെ മുതല്‍ അവന്റെ ഫോണിലേക്ക് തുടരെ കോള്‍ വന്നിരുന്നതായി കൂട്ടുകാര്‍ പറഞ്ഞു. അന്ന് 30,000 രൂപ കൊടുത്തില്ലെങ്കില്‍ അമ്മയുടെയും സഹോദരിയുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അയയ്ക്കുമെന്നായിരുന്നു അവര്‍ പറഞ്ഞതെന്നും സുഹൃത്തുക്കള്‍ പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി മെസേജുകളും അയച്ചിരുന്നു. അത് അവന്റെ ഫോണിലുണ്ട്. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ അതിനോട് പറഞ്ഞുനില്‍ക്കാനൊന്നും കഴിവുള്ള ആളല്ല ആനന്ദ്.