-->
കൊച്ചി/കോട്ടയം: കേരളത്തെ നടുക്കിയ ഇലന്തൂര്‍ ഇരട്ട നരബലിക്കേസില്‍ വിചാരണ ആരംഭിച്ചു. സാമ്പത്തിക അഭിവൃദ്ധിക്കായി സേലം ധര്‍മപുരി സ്വദേശിനിയും എറണാകുളം ഫാത്തിമ മാത പള്ളി റോഡിലെ ഒറ്റമുറി വീട്ടിലെ താമസക്കാരിയുമായ പത്മയെ (52) ബലി നല്‍കിയ കേസിലാണ് ഇന്നലെ വിചാരണ തുടങ്ങിയത്. സംഭവം നടന്ന് മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷമാണ് വിചാരണ നടപടികള്‍ ആരംഭിച്ചത്.
പ്രതികളായ ഷാഫി(56), ഭഗവല്‍ സിങ്(72), ലൈല എന്നിവരെ എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടിതിയില്‍ ഹാജരായി. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി അഞ്ചിലെ ജഡ്‌ജി ടി. മധുസൂദനനാണ് വാദം കേള്‍ക്കുന്നത്.
പബ്ലിക് പ്രോസിക്യൂട്ടര്‍മാരെ നിയമിക്കുന്നതിലുണ്ടായ വീഴ്‌ചയാണു വിചാരണ വൈകാന്‍ കാരണമായത്. അഡ്വ. അജകുമാറാണു പബ്ലിക് പ്രോസിക്യൂട്ടര്‍. പത്മയുടെ ഇളയ സഹോദരിയും ഒന്നാം സാക്ഷിയുമായ പഴനിയമ്മയെ വിസ്‌തരിക്കും.
2022 ഒക്‌ടോബര്‍ 27നു കടവന്ത്ര പോലീസ് രജിസ്‌റ്റര്‍ ചെയ്‌ത തിരോധാനക്കേസാണു കൊലക്കേസായി മാറിയത്. 2022 സെപ്‌റ്റംബര്‍ 16 നാണു പത്മയെ കൊലപ്പെടുത്തിയത്. തുടര്‍ന്നു കാലടിയില്‍ താമസിച്ചിരുന്ന റോസ്‌ലിയെയും കൊലപ്പെടുത്തി. 2022 ഒക്‌ടോബര്‍ 11 നാണു മൂന്നു പ്രതികളെയും അറസ്‌റ്റ് ചെയ്‌തത്.
പത്മയുടെ കേസിലെ ചോദ്യം ചെയ്യലിലാണു റോസ്‌ലിനെയും നരബലി നല്‍കിയെന്ന ഞെട്ടിക്കുന്ന വിവരം ഭഗവല്‍ സിങ് വെളിപ്പെടുത്തിയത്. ക്രൂരതയിലൂടെയുള്ള ആനന്ദവും പണവുമായിരുന്നു ഷാഫിയുടെ ലക്ഷ്യം. സാമ്പത്തിക ഉന്നതിയും ഐശ്വര്യവുമായിരുന്നു ഭഗവല്‍ സിങ്ങിന്റെയും ലൈലയുടെയും ലക്ഷ്യം.
ആഭിചാരക്കൊല നടത്തണമെന്നു നിര്‍ദേശിച്ചതു ഷാഫിയാണ്. പത്മയുടെയും റോസിലിയുടെയും മാംസം പ്രതികള്‍ പാകം ചെയ്‌തു കഴിച്ചതായും കുറ്റപത്രത്തിലുണ്ട്. പത്മയെ അതിക്രൂരമായി കൊലപ്പെടുത്തിയ ശേഷം 56 കഷ്‌ണങ്ങളാക്കി ഭഗവല്‍ സിങ്ങിന്റെ ഇലന്തൂരിലെ പുരയിടത്തില്‍ കുഴിച്ചിടുകയായിരുന്നു. ഡി.എന്‍.എ. ഫലത്തിലൂടെയാണു മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞത്.15 ലക്ഷം രൂപ പ്രതിഫലത്തില്‍ സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച് പത്തനംതിട്ടയിലെ ഇലന്തൂരിലെത്തിച്ച് പത്മയെയും റോസ്‌ലിനെയും കഴുത്തറുത്ത് ബലിയര്‍പ്പിക്കുകയായിരുന്നു.
ഷാഫി ഫെയ്‌സ്‌ബുക്കില്‍ ശ്രീദേവിയായി അവതരിച്ചു
ഫേയ്‌സ്‌ബുക്കില്‍ ശ്രീദേവിയെന്ന പേരില്‍ വ്യാജ പ്രഫൈല്‍ നിര്‍മിച്ച ഷാഫി, ഐശ്വര്യത്തിനും സമ്പദ്‌സമൃദ്ധിക്കും വേണ്ടി പൂജ നടത്താന്‍ ബന്ധപ്പെടുകയെന്നു കുറിപ്പിട്ടിരുന്നു.
ഇതു കണ്ടാണ് ഹൈക്കു കവി കൂടിയായ ഭഗവല്‍ സിങ് ബന്ധപ്പെട്ടത്. വ്യാജ പ്ര?ഫൈലില്‍നിന്ന് ഫ്രണ്ട് റിക്വസ്‌റ്റ് അയച്ച് ഭഗവല്‍ സിങ്ങുമായി സൗഹൃദം സ്‌ഥാപിച്ച് വിശ്വാസം നേടിയെടുത്തു. സമ്പദ്‌സമൃദ്ധിക്കായി പൂജ നടത്തിയാല്‍ മതിയെന്നും മന്ത്രവാദം ചെയ്യുന്ന ഒരാളെ പരിചയമുണ്ടെന്നും ഭഗവല്‍ സിങ്ങിനെ വിശ്വസിപ്പിച്ചു. മന്ത്രവാദിയുടേതെന്ന പേരില്‍ ഷാഫി സ്വന്തം ഫോണ്‍ നമ്പര്‍ നല്‍കി. ശ്രീദേവി വിശദീകരിച്ചത് വിശ്വസിച്ചാണ് ഭഗവല്‍ സിങ്ങും ലൈലയും ഷാഫിയുമായി സംസാരിക്കുന്നതും പൂജയ്‌ക്ക് വീട്ടിലേയ്‌ക്കു ക്ഷണിക്കുന്നതും. ദോഷം മാറാന്‍ നരബലി വേണമെന്ന് ഇവരെ വിശ്വസിപ്പിച്ച് പണം കൈക്കലാക്കുകയായിരുന്നു. 2022 ജൂണ്‍ ഏഴിന് റോസിലിയെയാണ് ആദ്യം കൊലപ്പെടുത്തിയത്. മുജ്‌ജന്മ പാപം തീര്‍ന്നില്ലെന്നു ദമ്പതികളെ പറഞ്ഞു വിശ്വസിപ്പിച്ച് സെപ്‌റ്റംബര്‍ 26-ന് പത്മയെയും എത്തിച്ച് ബലി നല്‍കി. തലയറുത്ത് കൊലപ്പെടുത്തിയ ശേഷം കൈകാലുകളും മറ്റും വെട്ടി മാറ്റി ഭഗവല്‍ സിങ്ങിന്റെ വീടിനു സമീപം കുഴിച്ചിട്ടു. ആദ്യ നരബലിയില്‍ പ്രതികള്‍ മൂവരും മനുഷ്യമാംസം ഭക്ഷിച്ചു.