-->
വയനാട് ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിനിടെ സിപിഎം ജില്ലാ സെക്രട്ടറി കെ റഫീഖിനോട് മാറി നില്‍ക്കാന്‍ പറഞ്ഞ നടന്‍ മമ്മൂട്ടിയ്‌ക്കെതിരെ എഴുത്തുകാരി ശാരദക്കുട്ടി. റഫീഖിന്റെ ഫോട്ടോയോടൊപ്പമാണ് ശാരദക്കുട്ടിയുടെ പ്രതികരണം.
''ഭാസ്‌കരപ്പട്ടേലര്‍ക്കും വാര്യംകുന്നത്തഹമ്മദ് ഹാജിക്കും അപകര്‍ഷതയും ഭയവും തോന്നിപ്പിക്കുന്ന, പ്രകോപനമുണ്ടാക്കുന്ന എന്തോ ഒന്ന് ഈ യുവനേതാവിന്റെ ഉടുപ്പിലും നടപ്പിലും തലയെടുപ്പിലുമുണ്ട്. സംശയമില്ല. 'ഞാനൊഴിഞ്ഞുണ്ടോ രാമന്‍ ഇത്ത്രിഭുവനത്തിലെന്ന് ' സ്‌ക്രീനിലെ സുന്ദരപുരുഷന് ഒരു നിമിഷം തോന്നിപ്പോയതാണ്. മറച്ചു വെക്കാന്‍ കഴിയാത്ത ഒരു വിറയല്‍. അത്രേയുള്ളു. ഒടിയുന്നതെന്തെടാ ഭീമാ ഗദയോ നമ്മുടെ വാലോ?'' എന്നാണ് ശാരദക്കുട്ടിയുടെ കുറിപ്പ്.
മുണ്ടക്കൈ- ചൂരല്‍മല ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിനിടെ തന്റെയൊപ്പം നടന്ന കെ റഫീഖിനോട് നീരസംപ്രകടിപ്പിച്ച മമ്മൂട്ടിയ്‌ക്കെതിരെ രുക്ഷമായ സൈബര്‍ ആക്രമണമാണ് നടക്കുന്നത്. ' നിങ്ങള്‍ എപ്പോഴും എന്റെയൊപ്പം നടന്നാല്‍ ഞാന്‍ നിങ്ങള്‍ക്കുവേണ്ടി വന്നതാണെന്ന് തെറ്റിദ്ധരിക്കില്ലേ' , എന്നായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം. പിന്നാലെ നടനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് സമുഹമാധ്യമങ്ങളില്‍ ഉയരുന്നത്.
മമ്മൂട്ടി ടൗണ്‍ഷിപ്പ് സന്ദര്‍ശിക്കാനായി വരുന്നതിന് തൊട്ടുമുന്‍പാണ് സിപിഎം അഖിലേന്ത്യ ജനറല്‍ സെക്രട്ടറി എം.എ.ബേബി ടൗണ്‍ഷിപ്പിലെത്തി മടങ്ങിയത്. അതുകൊണ്ടുതന്നെ കെ.റഫീഖ് ഉള്‍പ്പെടെയുളള സിപിഎം നേതാക്കള്‍ നേരത്തേത്തന്നെ ടൗണ്‍ഷിപ്പില്‍ ഉണ്ടായിരുന്നു.