-->
കൊച്ചി: സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന മദ്യവ്യാപനത്തിനെതിരെ ശക്തമായ വിമര്‍ശനവുമായി കേരള കത്തോലിക്കാ ബിഷപ്പ് കൗണ്‍സില്‍ (കെ.സി.ബി.സി) രംഗത്ത്. മദ്യലഹരി വിരുദ്ധ ഞായര്‍ ആചരണത്തിന്റെ ഭാഗമായി പള്ളികളില്‍ വായിച്ച സര്‍ക്കുലറിലാണ് സര്‍ക്കാരിനെതിരെ രൂക്ഷമായ പരാമര്‍ശങ്ങളുള്ളത്. 2016ല്‍ മദ്യവര്‍ജ്ജനം പ്രഖ്യാപിച്ച സര്‍ക്കാര്‍, രണ്ടാം തവണ അധികാരത്തിലെത്തിയപ്പോള്‍ സംസ്ഥാനത്തെ മദ്യശാലകളുടെ പ്രളയത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണെന്ന് സഭ കുറ്റപ്പെടുത്തി.
ആയിരത്തിലധികം ബാറുകളും നൂറുകണക്കിന് ബെവ്‌കോ ഔട്ട്‌ലെറ്റുകളും അയ്യായിരത്തിലേറെ കള്ളുഷാപ്പുകളും പ്രവര്‍ത്തിക്കുന്ന ഇന്നത്തെ സാഹചര്യം മുന്‍പ് നല്‍കിയ വാഗ്ദാനങ്ങളുടെ ലംഘനമാണെന്ന് സര്‍ക്കുലര്‍ ചൂണ്ടിക്കാട്ടുന്നു. മദ്യശാലകളുടെ എണ്ണം കുറയ്ക്കുമെന്ന് പറഞ്ഞ സ്ഥാനത്ത് അവ അനിയന്ത്രിതമായി വര്‍ധിപ്പിച്ചത് വലിയ സാമൂഹിക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും സഭ മുന്നറിയിപ്പ് നല്‍കി. എക്‌സൈസ്, പോലീസ് സംവിധാനങ്ങള്‍ ലഹരി കടത്ത് തടയുന്നതില്‍ നിസംഗത പുലര്‍ത്തുകയാണെന്നും വിമര്‍ശനമുണ്ട്.
സംസ്ഥാനത്തെ 1,400 സ്‌കൂളുകള്‍ മയക്കുമരുന്ന് വ്യാപനത്തിന്റെ 'ഹോട്ട് സ്‌പോട്ടുകളായി' സര്‍ക്കാര്‍ തന്നെ തിരിച്ചറിഞ്ഞിട്ടും കൃത്യമായ നടപടികള്‍ ഉണ്ടാകുന്നില്ലെന്ന് സഭ ആരോപിച്ചു. പ്രഹസന മീറ്റിംഗുകള്‍ നടത്തുന്നതിന് പകരം ലഹരിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുക്കാന്‍ ആര്‍ജ്ജവമുള്ള ഭരണസംവിധാനമാണ് കേരളത്തിന് ആവശ്യമെന്നും സര്‍ക്കുലര്‍ ഓര്‍മ്മിപ്പിക്കുന്നു.