-->
വിവാഹത്തിന്റെ 15-ാം വർഷം ആഘോഷിക്കുകയാണ് അല്ലു അർജുനും സ്നേഹയും. വിവാഹ വാർഷികദിനത്തിൽ സ്നേഹ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. "15 വർഷങ്ങൾക്കിപ്പുറം, സ്നേഹം നിറഞ്ഞ ഒരു ജീവിതം നാം കെട്ടിപ്പടുത്തു. എനിക്ക് എല്ലാമെല്ലാമായ ഒരു കുടുംബം, ഊഷ്മളത നിറഞ്ഞ ഒരു വീട്, നമ്മുടെ രണ്ട് മനോഹരമായ മക്കൾ, രണ്ട് പ്രിയപ്പെട്ട നായ്ക്കുട്ടികൾ, ഇതിനിടയിൽ നാം പങ്കിട്ട എണ്ണമറ്റ ഓർമ്മകൾ. ജീവിതത്തിലെ ഓരോ അധ്യായത്തിലും എന്റെ പങ്കാളിയായതിന് നന്ദി. വിവാഹവാർഷിക ആശംസകൾ," എന്നാണ് സ്നേഹ കുറിച്ചത്.
ഒരു സുഹൃത്തിന്റെ വിവാഹചടങ്ങിൽ പങ്കെടുക്കാൻ പോയപ്പോഴാണ് അല്ലു ആദ്യമായി സ്നേഹയെ കാണുന്നത്. തന്നെ സംബന്ധിച്ച് 'ലവ് അറ്റ് ഫസ്റ്റ് സൈറ്റ്' എന്നു പറയാവുന്ന ഒരു മുഹൂർത്തമായിരുന്നു അതെന്ന് അല്ലു പിന്നീട് പറഞ്ഞിട്ടുണ്ട്.
അമേരിക്കയിൽ നിന്നും ബിരുദാനന്തരബിരുദം നേടി തിരിച്ചെത്തിയതേ ഉണ്ടായിരുന്നുള്ളൂ സ്നേഹ അപ്പോൾ. സുഹൃത്തിന്റെ സഹായത്തോടെ ഇരുവരും പരിചയപ്പെടുകയും പ്രണയത്തിലാവുകയും ചെയ്തു. എന്നാൽ വ്യത്യസ്ത കുടുംബപശ്ചാത്തലത്തിൽ നിന്നുള്ള അല്ലുവിന്റെയും സ്നേഹയുടെയും ബന്ധത്തെ വീട്ടുകാർ ആദ്യം എതിർത്തു.
എതിർപ്പുകൾക്ക് ഒടുവിൽ അല്ലുവിന്റെ പിതാവ് സ്നേഹയുടെ പിതാവിനെ സമീപിച്ചെങ്കിലും അപ്പോഴും നിരാശയായിരുന്നു ഫലം. സിനിമാകുടുംബത്തിലേക്ക് മകളെ വിവാഹം ചെയ്ത് അയക്കാൻ സ്നേഹയുടെ പിതാവ് മടിച്ചു. എന്നാൽ, പരസ്പരമുള്ള പ്രണയം വിട്ടുകൊടുക്കാൻ അല്ലുവും സ്നേഹയും തയ്യാറല്ലായിരുന്നു. ഇരുവരും ആ ബന്ധത്തിൽ തന്നെ ഉറച്ചു നിന്നു. ഒടുവിൽ ഇരുവരുടെയും ഇഷ്ടത്തിനു വീട്ടുകാർക്ക് വഴങ്ങേണ്ടി വന്നു.
2011 മാർച്ച് ആറിനായിരുന്നു അല്ലുവും സ്നേഹയും തമ്മിലുള്ള വിവാഹം. ഈ ദമ്പതികൾക്ക് ഒരു മകനും മകളുമാണ് ഉള്ളത്, അല്ലു അർഹയും അല്ലു അയാനും.