-->
കോട്ടയം: അങ്കമാലിയില്‍ കോളേജ് വിദ്യാര്‍ത്ഥിനി വാഹനമിടിച്ച് മരണമടഞ്ഞ സംഭവത്തില്‍ ഡോക്ടര്‍ സിറിയക് ലഹരി ഉപയോഗിച്ചിരുന്നോ എന്ന് സംശയം. ഇക്കാര്യത്തിലൂം പരിശോധന നടത്തും. ഇന്ന് രാവിലെ വാഗമണ്ണില്‍ നിന്നും പ്രതി സിറിയക് പിടിയിലായിരുന്നു. വാഗമണ്ണിലെ കണ്ണംകുളത്തെ റിസോര്‍ട്ടില്‍ മഫ്ത്തിയില്‍ എത്തിയ പോലീസാണ് പിടികൂടിയത്.
പ്രതി കോട്ടയം സെഷന്‍സ് കോടതിയില്‍ മൂന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കിയിരുന്നു. സംഭവം നടന്ന ആറാം ദിവസമാണ് പ്രതി കുടുങ്ങിയത്. ആളറിയാതിരിക്കാന്‍ രൂപമാറ്റം വരുത്തിയാണ് പ്രതി ഒളിവില്‍ കഴിഞ്ഞത്. സഹോദരന്റെ റിസോര്‍ട്ടിലായിരുന്നു ഇയാള്‍ ഒളിവില്‍ കഴിഞ്ഞത്. അപകടമുണ്ടാക്കുകയും പരുക്കേറ്റയാളെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിക്കാതെ കടന്നുകളഞ്ഞതും ഗുരുതര കുറ്റകൃത്യമാണെന്നും പ്രതിയെ ക്‌സ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യണമെന്നുമാണ് പോലീസിന്റെ വാദം.
പാര്‍ട്ട് ടൈം ജോലി കഴിഞ്ഞ് മടങ്ങുമ്പോള്‍ ജാസ്ലിയയെ അമിതവേഗത്തില്‍ എത്തിയ കാര്‍ ഇടിച്ചു തെറുപ്പിക്കുകയായിരുന്നു. പ്രതിക്കായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. പ്രതിയെ ഒളിവില്‍പോകാന്‍ സഹായിച്ചതിന് പിതാവ് ജോര്‍ജ്ജ്മാത്യു അറസ്റ്റിലായിരുന്നു. ആലുവ ഡി.വൈ.എസ്.പി.യുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്.