-->
തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് വലിയൊരു സൂചികയായി കരുതി പരമാവധി സീറ്റുകള്‍ പിടിച്ചെടുക്കാന്‍ ലക്ഷ്യമിട്ട് ബിജെപി. ഇതിനായി വ്യാപകപ്രചരണ പരിപാടിയാണ് അണിയറയില്‍ തയ്യാറെടുക്കുന്നത്. ഇത്തവണ വോട്ടുചോദിക്കാന്‍ ഇറങ്ങുമ്പോള്‍ ക്രിസ്ത്യന്‍ മുസ്ളീം വിഭാഗത്തിലെ ആള്‍ക്കാരെയും സഭാനേതൃത്വങ്ങളെയും വിട്ടുകളയരുതെന്നാണ് സ്ഥാനാര്‍ത്ഥികള്‍ക്ക് ബിജെപി കേന്ദ്ര നിര്‍ദേശം.
മികച്ച സ്ഥാനാര്‍ത്ഥികളും അതിനൊത്ത പ്രചരണങ്ങളും നടത്തിയാല്‍ കേരളത്തിലെ പല സീറ്റുകളും കൂടെ പോരുമെന്നാണ് നേതാക്കളുടെ വിലയിരുത്തല്‍. ക്രിസ്ത്യാനികളും മുസ്‌ളീങ്ങളുമായ ഒരാളെയും വിട്ടുകളയരുത്. ഓരോ വീടുകളിലെയും വ്യക്തികളെ നേരില്‍ കണ്ട് അവരോട് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്ന വികസനപ്രവര്‍ത്തനങ്ങളെക്കുറിച്ചും പദ്ധതികളെക്കുറിച്ചും സംസാരിക്കണം. ക്രൈസ്തവ സഭകളുടെ നേതാക്കന്മാരെ നേരില്‍ കണ്ട് ഫോട്ടോയെടുത്താല്‍ മാത്രം പോര വോട്ടുറപ്പിക്കണമെന്നും കേന്ദ്രനിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.
ബിജെപിയ്ക്ക് സ്വാധീനം ഇല്ലാത്ത മണ്ഡലത്തില്‍ പോലും എല്ലാ വീടുകളും വ്യക്തികളുമെല്ലാം വോട്ടുചോദിക്കലിന്റെ പരിധിയില്‍ വരണമെന്നാണ് ബിജെപി കരുതുന്നത്. നിയോജക മണ്ഡലങ്ങളുടെ ചുമതലയുള്ളവരുടെ യോഗത്തില്‍ ബിജെപി സംഘടനാ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷ് എല്ലാവരോടും വോട്ടുചോദിക്കണമെന്ന കര്‍ശനമായ നിര്‍ദേശമാണ് നല്‍കിയിട്ടുള്ളത്.
ബിജെപിയ്ക്ക് വോട്ടുകളോ സ്വാധീനമോ ഇല്ലാത്ത ഇടങ്ങളില്‍ പോലും എല്ലാവരേയും കണ്ട് വോട്ടു ചോദിക്കണം. ആയിരത്തില്‍ 995 പേരും എതിരാണെങ്കില്‍ പോലും ആയിരം പേരോടും വോട്ടുചോദിക്കണം. നേരത്തേ ബിജെപിയ്ക്ക് സീറ്റുകിട്ടിയ നേമം തിരിച്ചുപിടിക്കാനും മറ്റു ചില മണ്ഡലങ്ങള്‍ നേടാനും ശക്തമായ പ്രവര്‍ത്തനം നടത്തും. സ്ഥാനാര്‍ത്ഥികള്‍ മണ്ഡലത്തില്‍ സജീവമാകണമെന്നും നിര്‍ദേശമുണ്ട്.