-->
ആയത്തുള്ള അലി ഖമനെയിയുടെ കൊലപാതകത്തിൽ വീണ്ടും ജമ്മു കശ്മീരിൽ പ്രതിഷേധം. പ്രതിഷേധവുമായ ഷിയ വിഭാഗമാണ് രം ഗത്തെത്തിയത്. കശ്മീർ താഴ്വരയിലുടനീളം വൻ പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ, തുടർച്ചയായ മൂന്നാം ദിവസവും പലയിടങ്ങളിലും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. വിദ്യാഭ്യാസ സ്ഥാപനങ്ങൾ മാർച്ച് 7 വരെ അടച്ചിടാൻ സർക്കാർ ഉത്തരവിട്ടു. മൊബൈൽ ഇന്റർനെറ്റ് വേഗതയും പരിമിതപ്പെടുത്തിയിട്ടുണ്ട്.
ജനങ്ങൾ കൂട്ടംകൂടുന്നതും സഞ്ചരിക്കുന്നതും തടയാൻ പൊലീസിനെയും സിആർപിഎഫിനെയും വൻതോതിൽ വിന്യസിച്ചിട്ടുണ്ട്. ഷിയാ വിഭാഗക്കാർ കൂടുതലായുള്ള പ്രദേശങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ പ്രതിഷേധം നടന്ന ഇടങ്ങളിലും സുരക്ഷ ശക്തമാക്കി. നഗരത്തിലേക്കുള്ള പ്രധാന പാതകളിൽ ബാരിക്കേഡുകളും മുള്ളുവേലികളും സ്ഥാപിച്ച് ഗതാഗതത്തിനും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ്. ഞായറാഴ്ച ഖമനെയിയുടെ മരണവാർത്ത പുറത്തുവന്നതിന് പിന്നാലെ വൻ പ്രതിഷേധം അരങ്ങേറിയ ലാൽ ചൗക്കിലെ പ്രശസ്തമായ ക്ലോക്ക് ടവർ പ്രദേശം പൂർണ്ണമായും അടച്ചു.
ശ്രീനഗർ എംപി ആഗ സയ്യിദ് റുഹുള്ള മെഹ്ദി, മുൻ മേയർ ജുനൈദ് അസിം മട്ടു എന്നിവർക്കെതിരെ വ്യാജ പ്രചാരണങ്ങൾ നടത്തിയെന്ന് ആരോപിച്ച്സൈബർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. സമാധാനാന്തരീക്ഷം തകർക്കുന്ന രീതിയിലുള്ള കണ്ടന്റുകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതിനാണ് കേസ് എടുത്തിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു.