-->
കാന്താര എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടിയാണ് സപ്തമി ഗൗഡ. ഇപ്പോള്‍ താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. പൊതുപരിപാടികളില്‍ പങ്കെടുക്കുന്ന നടിമാരുടെ ചിത്രങ്ങള്‍ വ്യത്യസ്ത ആംഗിളുകളില്‍ നിന്നുപകര്‍ത്തി മോശമായി ചിത്രീകരിച്ചു സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്ക്കുന്നവര്‍ക്കെതിരെയാണ് സ്പതമിയുടെ കുറിപ്പ്.
സിനിമാ മേഖലയിലെ സ്ത്രീ എന്ന നിലയ്ക്ക് തുടര്‍ച്ചയായി നേരിട്ടുകൊണ്ടിരിക്കുന്ന ഒരു വിഷയത്തെ അഭിസംബോധന ചെയ്യുകയാണ് എന്നുപറഞ്ഞാണ് കുറിപ്പ് ആരംഭിക്കുന്നത്. പൊതുപരിപാടികളില്‍ പങ്കെടുക്കുന്ന നടിമാരുടെ, അനുചിതമായ ആംഗിളുകളില്‍ നിന്നുപകര്‍ത്തുന്ന ഫോട്ടോകളും വീഡിയോകളും, തൊഴിലിനേക്കാള്‍ തങ്ങളുടെ ശരീരത്തിന് പ്രാധാന്യം കൊടുത്തും അനാവശ്യമായി സൂം ചെയ്തും പ്രചരിപ്പിക്കപ്പെടുകയാണെന്ന് സപ്തമി കുറിച്ചു.
ചില വ്യക്തികളില്‍ നിന്നുളള ഈ പെരുമാറ്റം സ്വീകാര്യമല്ലെന്നും മര്യാദയില്ലാത്തതാണെന്നും സപ്തമി പറഞ്ഞു. സിനിമയ്ക്കും ജോലിക്കുംവേണ്ടിയാണ് ഇവിടെ നിലകൊളളുന്നത്. അനുചിതമായ ആംഗിളുകളെയും അനാവശ്യമായ സൂം ചെയ്യലുകളെയും അസന്ദിഗ്ധം അപലപിക്കുന്നു. മാന്യതയുടെ വ്യക്തമായ അത്തരം ലംഘനങ്ങള്‍ അനുവദിക്കുകയോ സാധാരണവല്‍ക്കരിക്കുകയോ ചെയ്യില്ല. പരിപാടികള്‍ പകര്‍ത്തുന്നവര്‍ പ്രൊഫഷണലിസവും അടിസ്ഥാന മര്യാദയും പാലിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചു- സപ്തമി കുറിച്ചു.
ഇത്തരമൊരു അതിര് നിശ്ചയിക്കുന്നതില്‍ ഒറ്റക്കെട്ടായി നിലകൊളളുമെന്നും സപ്തമി കുറിക്കുന്നുണ്ട്. ഇത്തരമൊരു അവസ്ഥ അനുഭവിച്ചിട്ടുളള എല്ലാ സ്ത്രീകള്‍ക്കും ഐക്യദാര്‍ഢ്യം അറിയിക്കുന്നു. ബഹുമാനം നേടാനായി തങ്ങള്‍ പരസ്പരം പിന്തുണയ്ക്കുന്നത് തുടരുമെന്നും കൂട്ടിച്ചേര്‍ത്തു. അഭിനേതാക്കള്‍ വസ്തുക്കളല്ല എന്ന ഹാഷ്ടാഗോടെയാണ് സപ്തമി കുറിപ്പ് പങ്കുവെച്ചത്.