-->
തിരുവനന്തപുരം: സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി എ.എ. റഹീം എംപിയെ നിയോഗിച്ചു. നിലവിലെ ജില്ലാ സെക്രട്ടറി വി. ജോയിയെ വര്‍ക്കലയില്‍നിന്നു വീണ്ടും നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ തീരുമാനിച്ചതോടെയാണ് പാര്‍ട്ടി ജില്ലാനേതൃത്വത്തില്‍ മാറ്റം വരുത്തിയത്. സംസ്‌ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണു തീരുമാനം. ജില്ലാ സെക്രട്ടറിയുടെ താല്‍ക്കാലിക ചുമതല റഹീമിനു നല്‍കിയതായി മാര്‍ച്ച് ആറിന് നടക്കുന്ന ജില്ലാക്കമ്മിറ്റി യോഗം ഔദ്യോഗികമായി പ്രഖ്യാപിക്കും.
ജില്ലയിലെ നിയമസഭാംഗങ്ങളെ മുഴുവന്‍ അതത് മണ്ഡലങ്ങളില്‍ത്തന്നെ വീണ്ടും മത്സരിപ്പിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചിരുന്നു. സംസ്‌ഥാന നേതൃത്വവും ഇത് അംഗീകരിച്ചു. എന്നാല്‍ വി. ജോയിയുടെ കാര്യത്തില്‍ മാത്രം അനിശ്‌ചിതത്വമുണ്ടായിരുന്നു. മണ്ഡലം നിലനിര്‍ത്താന്‍ ജോയിതന്നെ സ്‌ഥാനാര്‍ത്ഥിയാകണമെന്നായിരുന്നു ജില്ലാക്കമ്മിറ്റിയുടെ നിലപാട്.
മൂന്നാം വട്ടവും സംസ്‌ഥാനഭരണം നിലനിര്‍ത്താന്‍ തിരുവനന്തപുരം ജില്ലയിലെ മണ്ഡലങ്ങള്‍ നിര്‍ണായകമാണെന്നാണ് സി.പി.എമ്മിന്റെ വിലയിരുത്തല്‍. വിജയസാധ്യത മുന്‍നിര്‍ത്തിയാണ് ജോയിക്കു വീണ്ടും അവസരം നല്‍കിയതെന്നു നേതൃത്വം വ്യക്‌തമാക്കുന്നു. മണ്ഡലത്തില്‍ ജനപ്രിയനാണു ജോയി. അദ്ദേഹത്തിന്റെ വികസന പ്രവര്‍ത്തനങ്ങളും വോട്ടര്‍മാരുമായുള്ള വ്യക്‌തിബന്ധവും നിര്‍ണായക ഘടകങ്ങളായാണ് പാര്‍ട്ടി കാണുന്നത്.
വാമനപുരം നിയമസഭാംഗമായ ഡി.കെ. മുരളിയെ ജില്ലാ സെക്രട്ടറിയാക്കാമെന്ന ചര്‍ച്ചകളുണ്ടായിരുന്നെങ്കിലും, മണ്ഡലം ഉറപ്പിക്കാന്‍ മുരളിതന്നെ മത്സരിക്കണമെന്ന അഭിപ്രായം പാര്‍ട്ടിയില്‍ ശക്‌തമാകുകയായിരുന്നു. ഇതോടെയാണ് റഹീമിനെ ജില്ലാ സെക്രട്ടറിയാക്കാന്‍ ധാരണയായത്. ചെറിയ രീതിയില്‍ ഇപ്പോഴും വിഭാഗീയത അലട്ടുന്ന തിരുവനന്തപുരം ജില്ലയില്‍ ഇരുവിഭാഗത്തിനും സ്വീകാര്യനാണു റഹീം. ഈ സാഹചര്യത്തിലാണ് പുതിയ നിയോഗം. മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്തുണയും അദ്ദേഹത്തിനു ഗുണം ചെയ്‌തു. ഭാവിയില്‍ ജില്ലാ സെക്രട്ടറിയുടെ പൂര്‍ണ ചുമതലയും റഹിമിനു നല്‍കിയേക്കും.