Friday, March 13, 2026 Last Updated 5 Min 14 Sec ago English Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Tuesday 24 Feb 2026 11.34 PM

കോഴിക്കോട്‌-വയനാട്‌ തുരങ്കപാത നിര്‍മാണത്തിന്‌ വനം- പരിസ്‌ഥിതി മന്ത്രാലയത്തിന്റെ അന്തിമാനുമതി

uploads/news/2026/02/827102/Wayanad-tunnel.jpg

കോഴിക്കോട്‌: കേരളത്തിന്റെ സ്വപ്‌ന പദ്ധതികളിലൊന്നായ കോഴിക്കോട്‌-വയനാട്‌ തുരങ്കപാതയ്‌ക്ക്‌ കേന്ദ്ര വനം-പരിസ്‌ഥിതി മന്ത്രാലയത്തിന്റെ അന്തിമാനുമതി. 24 കര്‍ശന ഉപാധികളോടെ 17.263 ഹെക്‌ടര്‍ വനഭൂമി ഉപയോഗിക്കാനാണു പച്ചക്കൊടി. പാരിസ്‌ഥിതികാനുമതിയിലെ എല്ലാ വ്യവസ്‌ഥകളും പാലിക്കണമെന്നും ഡിവിഷണല്‍ ഫോറസ്‌റ്റ്‌ ഓഫീസര്‍ പദ്ധതി പ്രവൃത്തികള്‍ നിരീക്ഷിക്കണമെന്നും നിര്‍ദേശമുണ്ട്‌.

ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാതയ്‌ക്ക്‌ 8.73 കിലോമീറ്റര്‍ ദൈര്‍ഘ്യമാണുള്ളത്‌. വയനാട്‌- കോഴിക്കോട്‌ ജില്ലകളെ ബന്ധിപ്പിക്കുന്ന പാത, സംസ്‌ഥാനത്തെ ഏറ്റവും വലിയ അടിസ്‌ഥാന സൗകര്യ വികസന പദ്ധതികളില്‍ ഒന്നാണ്‌. കര്‍ശന വ്യവസ്‌ഥകളാണ്‌ വനഭൂമി ഉപയോഗിക്കാന്‍ കേന്ദ്ര വനം-പരിസ്‌ഥിതി മന്ത്രാലയം മുന്നോട്ടുവച്ചിരിക്കുന്നത്‌.

ഉപയോഗിച്ച വനഭൂമിയുടെ അതിര്‍ത്തി പദ്ധതിച്ചെലവില്‍ ഉള്‍പ്പെടുത്തി അടയാളപ്പെടുത്തണം, തുല്യ വിസ്‌തൃതിയിലുള്ള വനേതര ഭൂമിയില്‍ രണ്ടു വര്‍ഷത്തിനകം ഹെക്‌ടറിന്‌ കുറഞ്ഞത്‌ 1000 വൃക്ഷത്തൈകള്‍ നട്ടുവളര്‍ത്തണം, മരംവെട്ടുന്നത്‌ പരമാവധി കുറയ്‌ക്കണം, വന്യജീവി സംരക്ഷണ നടപടികള്‍ കര്‍ശനമായി പാലിക്കണം, വനഭൂമിയില്‍ ലേബര്‍ ക്യാമ്പുകള്‍ സ്‌ഥാപിക്കരുത്‌, നിര്‍മാണ വസ്‌തുക്കള്‍ കൊണ്ടുപോകാന്‍ വനത്തിനുള്ളില്‍ പുതിയ പാത നിര്‍മിക്കരുത്‌, പദ്ധതി നിര്‍ദേശത്തിലില്ലാത്ത ഒരാവശ്യത്തിനും വനഭൂമി ഉപയോഗിക്കരുത്‌ തുടങ്ങി 24 നിബന്ധനകളാണ്‌ ഉത്തരവിലുള്ളത്‌.

'കിഫ്‌ബി' ഫണ്ട്‌ ഉപയോഗിച്ചുള്ള തുരങ്കപാത നിര്‍മാണത്തിന്റെ മേല്‍നോട്ടച്ചുമതല കേരള പൊതുമരാമത്ത്‌ വകുപ്പിനാണ്‌. 2134.5 കോടി രൂപയാണ്‌ ചെലവ്‌. പദ്ധതി നടത്തിപ്പിനും നിര്‍വഹണത്തിനുമുള്ള സ്‌പെഷല്‍ പര്‍പ്പസ്‌ വെഹിക്കിള്‍ (എസ്‌.പി.വി) കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷന്‍ ലിമിറ്റഡാണ്‌. ഭോപ്പാല്‍ ആസ്‌ഥാനമായ ദിലീപ്‌ ബില്‍ഡ്‌കോണ്‍, കൊല്‍ക്കത്ത ആസ്‌ഥാനമായ റോയല്‍ ഇന്‍ഫ്രാസ്‌ട്രക്‌ചര്‍ എന്നീ സ്‌ഥാപനങ്ങളാണ്‌ കരാര്‍ ഏറ്റെടുത്തത്‌. നാലുവര്‍ഷം കൊണ്ട്‌ നിര്‍മാണം പൂര്‍ത്തിയാക്കും.

Ads by Google
സ്വന്തം ലേഖകന്‍
Tuesday 24 Feb 2026 11.34 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW