-->
കൊച്ചി: പ്രശ്‌നം പരിഹരിക്കാമെന്നു പറഞ്ഞു മുനമ്പം ജനതയെ പറ്റിച്ചുകൊണ്ടിരിക്കുകയാണു സര്‍ക്കാരും പ്രതിപക്ഷവുമെന്നു ബി.ജെ.പി. നേതാവ് ഷോണ്‍ ജോര്‍ജ്. ബി.ജെ.പിക്കും കേന്ദ്രസര്‍ക്കാരിനും കേന്ദ്രനിയമത്തിനു കീഴില്‍ മാത്രമേ മുനമ്പത്തെ 613 കുടുംബങ്ങളുടെ പ്രശ്‌നം സമ്പൂര്‍ണമായി പരിഹരിക്കാനാകൂവെന്നും വഖഫ് ബോര്‍ഡിനെതിരേ ഒരക്ഷരം മിണ്ടാതെ ഓച്‌ഛാനിച്ചുനിന്ന വി.ഡി. സതീശന് എങ്ങനെയാണു മതേതരത്വം സംരക്ഷിക്കാന്‍ കഴിയുന്നതെന്നും അദ്ദേഹം ചോദിച്ചു.
'പഴയകാലം തിരിച്ചുപിടിക്കാമെന്നു പറഞ്ഞു ജാഥ നടത്തുന്ന വി.ഡി. സതീശന്‍ പറയുന്നതു മതേതരത്വം കാത്തുസൂക്ഷിക്കാന്‍ കോണ്‍ഗ്രസുകാര്‍ക്കേ കഴിയൂവെന്നാണ്. ജമാഅത്തെ ഇസ്ലാമി, പോപ്പുലര്‍ ഫ്രണ്ട് എസ്.ഡി.പി.ഐ. എന്നിവര്‍ക്കെതിരേ ഒന്നും മിണ്ടാത്ത വി.ഡി. സതീശന് എങ്ങനെയാണു മതേതരത്വത്തെക്കുറിച്ച് പറയാനാകുക? മുനമ്പത്തെ അറുനൂറിലധികം കുടുംബങ്ങള്‍ പ്രതിസന്ധിയില്‍ക്കൂടി കടന്നുപോയപ്പോള്‍ വഖഫ് ബോര്‍ഡിനെതിരേ മിണ്ടാതെ നിന്നവരാണ് സതീശനും കൂട്ടരും.
ഇവര്‍ മുനമ്പം ജനതയോടു ചെയ്‌തതൊക്കെ എന്നെങ്കിലും പുറത്തുവരും. പ്രശ്‌നങ്ങള്‍ അവസാനിച്ചെന്നു തെറ്റിദ്ധരിപ്പിക്കപ്പെട്ടവരാണ് മുനമ്പംകാര്‍. പ്രശ്‌നം നാളെ രാവിലെ പരിഹരിക്കുമെന്നു പറഞ്ഞു വൈദികരെ ഉള്‍പ്പെടെ പറ്റിച്ചു. കേന്ദ്രനിയമത്തിലൂടെ അല്ലാതെ പ്രശ്‌നം പരിഹരിക്കാനാകില്ലെന്ന് അന്നും ഞങ്ങള്‍ പറഞ്ഞിരുന്നു. ആരും വിശ്വസിച്ചില്ല. ഒരു ദിവസം രാവിലെ സംസ്‌ഥാന വ്യവസായമന്ത്രി വിളിച്ച്, ഇവിടെ എല്ലാ പ്രശ്‌നവും പരിഹരിച്ചെന്നും സമരം അവസാനിപ്പിച്ചോളാനും പറഞ്ഞു. അന്നു മുനമ്പം ജനതയുടെ സമരം അവസാനിപ്പിച്ചിരുന്നെങ്കില്‍ വഞ്ചനയ്‌ക്ക് ഇരയാകുമായിരുന്നു.
വസ്‌തുവിന്റെ എല്ലാ അവകാശവും പുനഃസ്‌ഥാപിച്ചു തരുമെന്നു പറഞ്ഞ മന്ത്രി ഇപ്പോള്‍ എവിടെപ്പോയി? അരമനയെ മുഴുവന്‍ എറണാകുളത്തെ റെസ്‌റ്റ് ഹൗസിലേക്കു വിളിപ്പിച്ചു മുഴുവന്‍ അവകാശങ്ങളും പുനഃസ്‌ഥാപിക്കുമെന്നു പറഞ്ഞ മുഖ്യമന്ത്രിയും പ്രശ്‌നം പത്തു മിനിറ്റ് കൊണ്ട് പരിഹരിക്കാമെന്നു പറഞ്ഞ പ്രതിപക്ഷ നേതാവും എവിടെപ്പോയി? പ്രശ്‌നപരിഹാരത്തിനു ബി.ജെ.പി. ശ്രമിക്കുമ്പോള്‍ ഇടംകോലിടരുത്. എതിര്‍ക്കാതിരിക്കാനുള്ള മാന്യതയെങ്കിലും കോണ്‍ഗ്രസ് മുനമ്പം ജനതയോടു കാണിക്കണം'- ഒരു പരിപാടിയില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.