-->
കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പില്‍ വന്‍ മുന്നേറ്റം നടത്തിയ സാബുജേക്കബിന്റെ ട്വന്റിട്വന്റിയെ ഒപ്പം നിര്‍ത്തി എറണാകുളം പിടിക്കാന്‍ ബിജെപി. എറണാകുളം ജില്ലയില്‍ ട്വന്റിട്വന്റിയ്ക്ക് പരമാവധി സീറ്റുകള്‍ നല്‍കാനാണ് സംസ്ഥാനനേതൃത്വത്തിന്റെ തീരുമാനം. ഇതിനൊപ്പം പാര്‍ട്ടി അദ്ധ്യക്ഷന്‍ സാബുജേക്കബിനോട് തൃപ്പൂണിത്തുറയില്‍ മത്സരിക്കാനും ആവശ്യപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞദിവസം ട്വന്റിട്വന്റിയുടെ നേതൃത്വവുമായി ബിജെപി സംസ്ഥാനനേതൃത്വവുമായി ബന്ധപ്പെട്ടതായിട്ടാണ് വിവരങ്ങള്‍.
എറണാകുളത്ത് ആറു മുതല്‍ എട്ടുസീറ്റുകള്‍ വരെ ട്വന്റിട്വന്റി യ്ക്ക് നല്‍കാനാണ് ആലോചന. നേരത്തേ ഒമ്പത് സീറ്റുകളായിരുന്നു ട്വന്റിട്വന്റി ആവശ്യപ്പെട്ടത്. അങ്കമാലിയും ആലുവയും ഒഴിച്ച് പരമാവധി സീറ്റുകള്‍ ട്വന്റിട്വന്റിക്ക് നല്‍കാനും അത്ഭുതങ്ങള്‍ സൃഷ്ടിക്കാനുമാണ് സംസ്ഥാന നേതൃത്വത്തിന്റെ ലക്ഷ്യം. എറണാകുളത്തെ നാലു പഞ്ചായത്തുകള്‍ പിടിച്ച ട്വന്റിട്വന്റിയെ പരമാവധി ഒപ്പം നിര്‍ത്താനും ഇവരുടെ വോട്ടുകള്‍ക്കൊപ്പം പാര്‍ട്ടിയുടെ സ്വാഭാവിക വോട്ടുകള്‍ കൂടി ചേര്‍ന്നാല്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാനാകുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്.
ഇതിനൊപ്പം തൃപ്പൂണിത്തുറയില്‍ സാബുജേക്കബ്് മത്സരിക്കണമെന്ന ആവശ്യം കൂടി സംസ്ഥാനനേതൃത്വം മുമ്പോട്ട് വെച്ചിട്ടുണ്ട്്. എന്നാല്‍ ഇക്കാര്യത്തില്‍ സാബുജേക്കബിന്റെ ഒരു മറുപടിയും വന്നിട്ടില്ല. നേരത്തേ പാര്‍ട്ടി പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയപ്പോഴും സാബുജേക്കബ് മത്സരിക്കാന്‍ കൂട്ടാക്കിയിരുന്നില്ല. എന്നാല്‍ ഇത്തവണ തീരുമാനം മാറ്റുമോ എന്നാണ് അറിയേണ്ടത്. പാര്‍ട്ടിയുടെ അദ്ധ്യക്ഷസ്ഥാനത്ത് നിന്നുകൊണ്ട് തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയുകയാണ് സാബുജേക്കബ് സാധാരണയായി ചെയ്തുകൊണ്ടിരിക്കുന്നത്.
അദ്ദേഹം ഇത്തവണ കുന്നത്ത്‌നാട് നിന്നും മത്‌സരിച്ചേക്കുമെന്ന അഭ്യൂഹവും പുറത്തുവന്നിരുന്നു. ഇവിടെ 12 ശതമാനം വോട്ടുകള്‍ ട്വന്റിട്വന്റി നേടിയിരുന്നു. എന്നാല്‍ ഇത്തവണ ബിജെപി മികച്ച പ്രകടനം നടത്തിയ തൃപ്പൂണിത്തുറയില്‍ സാബു മത്സരിക്കണമെന്നതാണ് സംസ്ഥാന നേതൃത്വത്തിന്റെ താല്‍പ്പര്യം. ബിജെപിയുെട അടിസ്ഥാനവോട്ടുകളും സാബുജേക്കബിന്റെ വ്യക്തിപരമായ വോട്ടുകളും ചേരുമ്പോള്‍ പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ. അതേസമയം തന്നെ ജില്ലയില്‍ ബിജെപിയുടെ സ്വാധീനം കൂടുകയും പാര്‍ട്ടി വളര്‍ച്ച കാണിക്കുകയും വോട്ടുഷെയറില്‍ വന്‍ മുന്നേറ്റം ഉണ്ടായിട്ടുണ്ടെന്നുമാണ് ജില്ലാനേതൃത്വത്തിന്റെയും വിലയിരുത്തല്‍.