-->
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ഡിഎയുമായി ബന്ധപ്പെട്ട് സന്ദേശം ലഭിച്ചുവെന്ന ആരോപണത്തിൽ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാര്‍ ശമ്പളം പറ്റുന്ന ഉദ്യോഗസ്ഥരുടെ വാട്‌സാപ്പില്‍ മുഖ്യമന്ത്രിയുടെ മെസേജ് വരികയാണെന്നും ഇത് ഡാറ്റ പ്രൈവസി ലംഘനമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഇങ്ങനെ ജീവനക്കാര്‍ക്ക് മെസേജ് അയക്കുന്നത് പാപ്പരത്തരമാണ്. ചീഫ് സെക്രട്ടറി ഇത്രയും തരാം താഴരുത്. ജീവനക്കാരുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണിത്. മുഖ്യമന്ത്രിക്കെതിരെ കേസ് എടുത്ത് അന്വേഷണം നടത്തണം. കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല
ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗിയുടെ വയറ്റില്‍ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയ സംഭവത്തിലും രമേശ് ചെന്നിത്തല പ്രതികരിച്ചു. രോഗികളുടെ വയറില്‍ എല്ലാം കത്രിക വരുന്നത് എന്തുകൊണ്ടാണെന്ന് രമേശ് ചെന്നിത്തല ചോദിച്ചു. പരിഹാരം കാണാതെ സിസ്റ്റത്തിന്റെ എറര്‍ ആണെന്ന് പറഞ്ഞിട്ട് എന്താണ് കാര്യം?. ഒറ്റപ്പെട്ട സംഭവം എന്ന് ഓരോ തവണയും പറയുന്നത് കൊണ്ട് കാര്യമുണ്ടോ?. ഹാരിസ് ഡോക്ടര്‍ മുന്നോട്ട് വച്ച പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സര്‍ക്കാര്‍ ശ്രമിച്ചിട്ടുണ്ടോയെന്നും രമേശ് ചെന്നിത്തല ചോദിച്ചു. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ സമരം ചെയ്യുകയാണ്. ചര്‍ച്ച ചെയ്യാന്‍ പോലും സര്‍ക്കാര്‍ തയ്യാറാവുന്നില്ലെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
കേരള സ്റ്റോറി 2ന് എതിരായ എസ്എഫ്‌ഐയുടെ ബീഫ് ഫെസ്റ്റിനെതിരെയും രമേശ് ചെന്നിത്തല രംഗത്തെത്തി. ഇത്തരം പ്രചാരണവേലകള്‍ രാഷ്ട്രീയ താല്‍പര്യത്തിന്റെ അടിസ്ഥാനത്തില്‍ നടക്കുന്നതാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കേരള സ്റ്റോറിയെ എല്ലാവരും എതിര്‍ത്തതാണ്. കേരളത്തില്‍ അങ്ങനെയൊരു പ്രശ്‌നമില്ലല്ലോ. സ്വാതന്ത്ര്യത്തോടെ ഭക്ഷണം കഴിക്കാനും, വസ്ത്രം ധരിക്കാനും കേരളത്തില്‍ തടസമില്ല. കേരളത്തില്‍ ഏത് ഭക്ഷണം കഴിക്കുന്നതിനാണ് പ്രശ്‌നമുള്ളതെന്നും രമേശ് ചെന്നിത്തല ചോദിച്ചു.