-->
ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയയ്ക്കിടിയില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ സര്‍ജറി നടത്തിയത് ഡോ. ലളിതാംബികയുടെ യൂണിറ്റിലെ അസി. പ്രൊഫസര്‍ ഡോ. ഷാഹിദയുടെ നേതൃത്വത്തിലാണെന്ന് വണ്ടാനം മെഡിക്കല്‍ കോളേജ് സൂപ്രണ്ട്. സംഭവം ആരും ഒതുക്കിതീര്‍ക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും വിഷയം അന്വേഷിക്കാന്‍ നാലംഗ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കോവിഡ് കാലത്ത് കടുത്ത നിയന്ത്രണങ്ങള്‍ക്കിടയിലാണ് ഈ ശസ്ത്രക്രിയ നടന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കോവിഡ് കാലത്ത് പിപിഇ കിറ്റ് ധരിച്ച് ഒട്ടേറെ പരിമിതികള്‍ക്കുള്ളില്‍ നിന്നാണ് അന്ന് ഡോക്ടര്‍മാര്‍ ജോലി ചെയ്തത്. സാധാരണഗഏതിയില്‍ ശസ്ത്രക്രിയയ്ക്ക മുമ്പും ശേഷവും ഉപയോഗിച്ച ഉപകരണങ്ങള്‍ എണ്ണിത്തിട്ടപ്പെടുത്തണമെന്നാണ് പ്രോട്ടോകോള്‍. കേസ് ഷീറ്റുകളില്‍ ഈ നടപടികള്‍ കൃത്യമായി പാലിച്ചതായും രേഖപ്പെടുത്തിയിട്ടുണ്ട്. എന്നിട്ടും ഉപകരണം വയറ്റില്‍ കുടുങ്ങിയതെങ്ങനെയാണെന്ന കാര്യത്തില്‍ വിശദമായ അന്വേഷണം തെന്ന ആവശ്യമാണെന്നും സൂപ്രണ്ട് പറഞ്ഞു.
പ്രിന്‍സിപ്പലിന്റെയും സൂപ്രണ്ടിന്റെയും ആര്‍.എം.ഒയുടെയും നേതൃത്വത്തില്‍ പ്രാഥമിക അന്വേഷണം നടത്തി ലഭ്യമായ വിവരങ്ങള്‍ സര്‍ക്കാരിനെ ധരിപ്പിച്ചിട്ടുണ്ട്. സംഭവം അന്വേഷിക്കാനായി ആര്‍.എം.ഒ. ഡോ. ലക്ഷ്മിയുടെ നേതൃത്വത്തില്‍ വിദഗ്ദ്ധ നാലംഗ സമിതിയെ ആശുപത്രി അധികൃതര്‍ രൂപീകരിച്ചിട്ടുണ്ട്്. സര്‍ജറി വിഭാഗം മേധാവി ഡോക്ടര്‍ സജീവ്കുമാര്‍, ഗൈനക്കോളജി വിഭാഗം പ്രൊഫസര്‍ ഡോക്ടര്‍ അനുസൂയ, ഫോറന്‍സിക് അമസാസിയേറ്റഡ് പ്രൊഫസര്‍ ഡോക്ടര്‍ രാഖിന്‍ എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍.
അടിയന്തിരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും വീഴ്ചകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ കര്‍ശന നടപടികള്‍ കൈക്കൊള്ളാന്‍ സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. അതേസമയം സംഭവം ഒതുക്കിത്തീര്‍ക്കാന്‍ ആരും ശ്രമം നടത്തിയിട്ടില്ലെന്നും എല്ലാവിധ സഹകരണവും ഉറപ്പ്് നല്‍കി അഡ്മിറ്റാകാന്‍ ആവശ്യപ്പെട്ടെങ്കിലും ഉഷ തയ്യാറായില്ലെന്നും ആശുപത്രി അധികൃതര്‍ പറയുന്നു. വാര്‍ത്താസമ്മേളനത്തിനിടയില്‍ പ്രതിഷേധവുമായി എത്തിയ യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് മാറ്റി.