-->
തെലുങ്ക് സൂപ്പര്‍താരം അല്ലു അര്‍ജുനെതിരെയുളള 42 നിബന്ധനകള്‍ എന്ന വിവാദപ്രചാരണങ്ങള്‍ തളളി മലയാള നടന്‍ ശിവ ഹരിഹരന്‍. സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന വാര്‍ത്തകള്‍ വെറും കെട്ടുകഥകളാണെന്നും അല്ലു അര്‍ജുന്‍ താന്‍ കണ്ടിട്ടുളളതില്‍ വെച്ച് ഏറ്റവും മാന്യനായ വ്യക്തിയാണെന്നും ശിവ തന്റെ ഇന്‍സ്റ്റഗ്രാം കുറിപ്പില്‍ വ്യക്തമാക്കി.
അടുത്തിടെ ഒരു പ്രമുഖ ബ്രാന്‍ഡിന്റെ പരസ്യ ചിത്രീകരണത്തിനിടെ അല്ലുവിനൊപ്പം പ്രവര്‍ത്തിച്ച അനുഭവം പങ്കുവെച്ചുകൊണ്ടായിരുന്നു താരത്തിന്റെ പ്രതികരണം. അല്ലു അര്‍ജുനെ കാണാന്‍ കര്‍ശനമായ നിയമങ്ങള്‍ പാലിക്കണമെന്ന തരത്തില്‍ ആരാധകരില്‍ നിന്നും ലഭിച്ച സന്ദേശങ്ങള്‍ക്കുളള മറുപടിയായാണ് ശിവ ഈ പോസ്റ്റ് പങ്കുവെച്ചത്.
‘ആ 42 നിയമങ്ങളെക്കുറിച്ചുളള കിംവദന്തികളെക്കുറിച്ച് എനിക്ക് ഒരുപാട് ആരാധക സന്ദേശങ്ങള്‍ ലഭിക്കുന്നുണ്ട്. അത് വെറും കെട്ടുകഥയാണ്. ഞാന്‍ ഇതുവരെ കൂടെ പ്രവര്‍ത്തിച്ചിട്ടുളളതില്‍ വെച്ച് ഏറ്റവും ശാന്തനും ദയാലുവുമായ നടന്മാരില്‍ ഒരാളാണ് അദ്ദേഹം. ഞങ്ങള്‍ അദ്ദേഹത്തോടൊപ്പം ഒരു ഫോട്ടോ ചോദിക്കാന്‍ മടിച്ചുനില്‍ക്കുകയാണെന്ന് മനസ്സിലാക്കി അദ്ദേഹം വളരെ ദയയോടെ പെരുമാറി. അദ്ദേഹം തന്നെ ഞങ്ങളോട് ഫോട്ടോ വേണോ എന്ന് ചോദിക്കുകയും ഷൂട്ടിംഗിന് ശേഷം കാത്തുനില്‍ക്കുകയും ഞങ്ങള്‍ക്ക് ഫോട്ടോകള്‍ ലഭിച്ചുവെന്ന് ഉറപ്പാക്കാന്‍ മാനേജര്‍മാരെ അയക്കുകയും ചെയ്തു. ഹാപ്പി മുതല്‍ അദ്ദേഹത്തിന്റെ വലിയ ആരാധകനായ ഏതൊരു മലയാളിയെയും പോലെ, ഇപ്പോള്‍ ആ ആരാധന ഇരട്ടിയായി ’ശിവ കുറിച്ചു.
അല്ലു അര്‍ജുനെ കാണുന്നതിന് മുന്‍പ് പാലിക്കേണ്ട 42 പ്രോട്ടോക്കോളുകളെക്കുറിച്ച് ഒരു പോഡ്കാസ്റ്റില്‍ ഉയര്‍ന്ന പരാമര്‍ശമാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. അല്ലു അര്‍ജുന്‍ മുറിയിലേക്ക് വരുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കണം, ഫോണുകള്‍ നിശബ്ദമാക്കി വെക്കണം, താരം ഇരിക്കുമ്പോള്‍ ഇരിക്കരുത്, അല്ലുവിന് മുമ്പില്‍ നടക്കരുത് എന്നൊക്കെയുള്ളതായിരുന്നു ആ 42 നിര്‍ദ്ദേശങ്ങള്‍.എന്നാല്‍ താരത്തിനൊപ്പം നേരിട്ട് പ്രവര്‍ത്തിച്ച ശിവയെപ്പോലുളളവരുടെ വെളിപ്പെടുത്തലുക ഈ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് തെളിയിച്ചിരിക്കുകയാണ്.
ഒട്ടേറെ പരസ്യ ചിത്രങ്ങളുടേയും ഫീച്ചര്‍ സിനിമകളുടേയും ഭാഗമായിട്ടുള്ള ശിവ ഇതിനകം പ്രേതം 2, മനോഹരം, ഹെലന്‍, അവിയല്‍, തൃശങ്കു, ഹൃദയം, ബള്‍ട്ടി, ആലപ്പുഴ ജിങ്കാന, വലതുവശത്തെ കള്ളന്‍ തുടങ്ങി ഒട്ടേറെ സിനിമകളുടെ ഭാഗമായിട്ടുണ്ട്.