Sunday, March 15, 2026 Last Updated 5 Min 16 Sec ago English Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Thursday 12 Feb 2026 11.24 PM

അമേരിക്കമായുള്ള വ്യാപാര കരാര്‍; വസ്‌തുതാപത്രത്തിലെ പുതിയ മാറ്റം സ്വാഗതം ചെയ്‌ത്‌ ഇന്ത്യ

uploads/news/2026/02/825180/Trump-Modi.jpg

ന്യൂഡല്‍ഹി: ഇന്ത്യയുമായുള്ള വ്യാപാര കരാര്‍ സംബന്ധിച്ച്‌ അമേരിക്ക പുറത്തിറക്കിയ വസ്‌തുതാപത്രത്തിലെ ഭേദഗതികള്‍ സ്വാഗതം ചെയ്‌ത്‌ ഇന്ത്യ. ഇത്‌ ഇരുരാജ്യങ്ങളും തമ്മിലുള്ള പരസ്‌പരധാരണയെയാണു പ്രതിഫലിപ്പിക്കുന്നതെന്ന്‌ ഇന്ത്യന്‍ വിദേശകാര്യ വക്‌താവ്‌ ചൂണ്ടിക്കാട്ടി. 'പരസ്‌പര പ്രയോജനകരമായ വ്യാപാര കരാറിനായുള്ള ചട്ടക്കൂടിനെക്കുറിച്ചുള്ള ഇന്ത്യ-യു.എസ്‌. പ്രസ്‌താവന ഫെബ്രുവരി ഏഴിന്‌ പുറത്തിറക്കിയിരുന്നു. ഈ ചട്ടക്കൂടാണ്‌ ഈ വിഷയത്തിലെ നമ്മുടെ പരസ്‌പര ധാരണയുടെ അടിസ്‌ഥാനമായി നിലനില്‍ക്കുന്നത്‌'- വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ഇതനുസരിച്ച്‌ ഇടക്കാല കരാര്‍ അന്തിമമാക്കുന്നതിനും നടപ്പാക്കുന്നതിനുമായി ഇരുപക്ഷവും ഇനി പ്രവര്‍ത്തിക്കുമെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.
ചില പരിപ്പുവര്‍ഗങ്ങളുടെ ഇറക്കുമതിത്തീരുവ ഇന്ത്യ കുറയ്‌ക്കണമെന്ന വ്യവസ്‌ഥ ഒഴിവാക്കിയും 500 ബില്യണ്‍ ഡോളറിന്റെ അമേരിക്കന്‍ ഉത്‌പന്നങ്ങള്‍ ഇന്ത്യ വാങ്ങുമെന്ന വാഗ്‌ദാനത്തില്‍ മാറ്റം വരുത്തിയും അമേരിക്ക തങ്ങളുടെ വസ്‌തുതാപത്രം പരിഷ്‌കരിച്ചതിനു പിന്നാലെയാണ്‌ വിദേശകാര്യ മന്ത്രാലയത്തിന്റെ ഈ പ്രതികരണം.

'എല്ലാ യു.എസ്‌. വ്യവസായ ഉത്‌പന്നങ്ങളുടെയും ഉണക്കിയ ധാന്യങ്ങള്‍, ചുവന്ന ജോവര്‍, അണ്ടിപ്പരിപ്പ്‌ വര്‍ഗങ്ങള്‍, പഴങ്ങള്‍, ചില പരിപ്പുവര്‍ഗങ്ങള്‍, സോയാബീന്‍ ഓയില്‍, വൈന്‍ എന്നിവയുള്‍പ്പെടെയുള്ള കാര്‍ഷിക ഉത്‌പന്നങ്ങളുടെയും നികുതി ഇന്ത്യ ഒഴിവാക്കുകയോ കുറയ്‌ക്കുകയോ ചെയ്യുമെന്നുമായിരുന്നു ചൊവ്വാഴ്‌ച വൈറ്റ്‌ഹൗസ്‌ പുറത്തിറക്കിയ വസ്‌തുതാപത്രത്തില്‍ പറഞ്ഞിരുന്നത്‌. എന്നാല്‍, ബുധനാഴ്‌ച പുറത്തിറക്കിയ പരിഷ്‌കരിച്ച പതിപ്പില്‍ 'ചില പരിപ്പുവര്‍ഗങ്ങള്‍' എന്ന പ്രയോഗം ഒഴിവാക്കി.

500 ബില്യണ്‍ ഡോളറിലധികം മൂല്യമുള്ള അമേരിക്കന്‍ ഉത്‌പന്നങ്ങള്‍ വാങ്ങാന്‍ ഇന്ത്യ പ്രതിജ്‌ഞാബദ്ധമാണ്‌ എന്ന്‌ ആദ്യ വസ്‌തുതാപത്രത്തില്‍ രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ പുതിയ പതിപ്പില്‍ 'കാര്‍ഷിക ഉത്‌പന്നങ്ങള്‍' എന്ന പരാമര്‍ശം ഒഴിവാക്കുകയും 'പ്രതിജ്‌ഞാബദ്ധമാണ്‌' എന്നതിന്‌ പകരം 'ഉദ്ദേശിക്കുന്നു' എന്നാക്കി മാറ്റുകയും ചെയ്‌തു.

‘ഇന്ത്യ ഡിജിറ്റൽ സർവീസ് ടാക്സ് നീക്കം ചെയ്യും’ എന്ന മുൻപത്തെ പരാമർശം മാറ്റി. പകരം, ഡിജിറ്റൽ വ്യാപാര നിയമങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ ഇന്ത്യ സമ്മതിച്ചു എന്ന് മാത്രമാക്കി. ഇത് ഇന്ത്യ ഏകപക്ഷീയമായി വിട്ടുവീഴ്ച ചെയ്യുമെന്ന ധാരണ ഇല്ലാതാക്കി.

ഇലക്ട്രോണിക് ട്രാൻസ്മിഷനുകളുടെ കസ്റ്റംസ് ഡ്യൂട്ടിയുമായി ബന്ധപ്പെട്ട പരാമർശങ്ങളും പരിഷ്കരിച്ച രേഖയിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW