-->
കോട്ടയം: തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുമ്പേ പാലായില്‍ സ്‌ഥാനാര്‍ഥികളെ തീരുമാനിച്ച് മുന്നണികള്‍. സിറ്റിംഗ് എം.എല്‍.എ. ആയ മാണി സി. കാപ്പന്‍ യു.ഡി.എഫിനു വേണ്ടി വീണ്ടും കളത്തിലിറങ്ങാന്‍ തീരുമാനിച്ചിരുന്നതിനാല്‍ നേരത്തെ തന്നെ പ്രചാരണം തുടങ്ങി.
ബി.ജെ.പി. സ്‌ഥാനാര്‍ഥിയായി ഷോണ്‍ ജോര്‍ജ് മത്സരിക്കണമെന്നു പാര്‍ട്ടി സംസ്‌ഥാന നേതൃത്വം തീരുമാനം എടുത്തിരുന്നതിനാല്‍ ഷോണും പ്രചാരണം ആരംഭിച്ചിരുന്നു. പാലായില്‍ ഇടതുപക്ഷ സ്‌ഥാനാര്‍ഥിയായി ജോസ് കെ. മാണി മത്സരിക്കുമോ എന്നതായിരുന്നു രാഷ്‌ട്രീയ കേരളം ഉറ്റുനോക്കിയിരുന്നത്.
പാലായില്‍ എല്‍.ഡി.എഫ്. സ്‌ഥാനാര്‍ഥിയായി ജോസ് കെ. മാണി തന്നെ മത്സരിക്കുമെന്ന് മന്ത്രി റോഷി അഗസ്‌റ്റിന്‍ ഇന്നലെ പ്രഖ്യാപിച്ചതോടെ ജോസിന്റെ സ്‌ഥാനാര്‍ഥിത്വവും ഉറപ്പായി.
ജോസ് കെ. മാണി യു.ഡി.എഫിലെത്തുന്നതിനുള്ള ചര്‍ച്ചകള്‍ നടന്നിരുന്നുവെന്ന് മാണി സി. കാപ്പന്‍ കഴിഞ്ഞ ദീവസം വെളിപ്പെടുത്തിയിരുന്നു. ജോസ് കെ. മാണി പാലായില്‍ യു.ഡി.എഫ്. സ്‌ഥാനാര്‍ഥിയായി പാലായില്‍ മത്സരിച്ചാല്‍ പകരം മാണി സി. കാപ്പന് തിരുവമ്പാടി സീറ്റ് നല്‍കാമെന്നായിരുന്നു യു.ഡി.എഫ്. വാഗ്‌ദാനം.എന്നാല്‍ കേരള കോണ്‍ഗ്രസ്(എം) ഇടതുമുന്നണിയില്‍ തുടരാന്‍ തീരുമാനിച്ചതോടെയാണ് മാണി സി. കാപ്പന്‍ സജീവമായി വീണ്ടും കളത്തിലിറങ്ങിയത്.
മൂന്നു മുന്നണികളുടെയും അഭിമാനപോരാട്ടമായതിനാല്‍ പാലാ ഇത്തവണ ശക്‌തമായ ത്രികോണമത്സരത്തിനാകും സാക്ഷ്യം വഹിക്കുക. മണ്ഡലത്തിലെ വികസനത്തെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ ഊന്നിയാണ് യു.ഡി.എഫ്.-എല്‍.ഡി.എഫ് സ്‌ഥാനാര്‍ഥികള്‍ മത്സരത്തിനുള്ള തുടക്കം കുറിച്ചത്.
ജോസ് കെ. മാണിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഇടതുമുന്നണി മധ്യമേഖലാ ജാഥയ്‌ക്ക് കഴിഞ്ഞ ദിവസം പാലായില്‍ നല്‍കിയ സ്വീകരണം സ്‌ഥാനാര്‍ഥി പ്രഖ്യാപനത്തിന്റെ മുന്നൊരുക്കമായിട്ടാണ് വിലയിരുത്തപ്പെടുന്നത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നേതൃത്വത്തിലുളള ജാഥാ പാലായില്‍ എത്തുമ്പോള്‍ മാണി സി. കാപ്പന്റെ ഔദ്യോഗിക സ്‌ഥാനാര്‍ഥി പ്രഖ്യാപനം ഉണ്ടാകും. ഇതിനിടെയാണ് നിശബ്‌ദ പ്രചാരണവുമായി ബി.ജെ.പി. മണ്ഡലത്തിലുടനീളം സജീവമാകുന്നത്. പാലായില്‍ വികസന കോണ്‍കേ്ലവ് നടത്തി ഔദ്യോഗിക തെരഞ്ഞെടുപ്പ് പ്രചരണത്തിലേക്കിറങ്ങാനാണ് പാര്‍ട്ടിയുടെ തീരുമാനം.
മധ്യകേളത്തില്‍ ഏറ്റവും വിജയ സാധ്യതയുള്ള മണ്ഡലമായിട്ടാണ് ബി.ജെ.പി. സംസ്‌ഥാന നേതൃത്വം പാലായെ കണക്കു കൂട്ടിയിരിക്കുന്നത്. മാത്രമല്ല ഷോണ്‍ ജോര്‍ജിന്റെ സ്‌ഥാനാര്‍ഥിത്വം വളരെ ഗൗരവത്തിലാണ് ഇടതു-വലത് മുന്നണികള്‍ കാണുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ. സ്‌ഥാനാര്‍ഥിയായി മത്സരിച്ച ഡോ. പ്രമീള ദേവിക്ക് കിട്ടിയത് 10,869 വോട്ടാണ്. എന്നാല്‍ 2016-ല്‍ ബി.ജെ.പി. സ്‌ഥാനാര്‍ഥി എന്‍. ഹരിക്ക് 24,821 വോട്ട് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ തദേശ തെരഞ്ഞെടുപ്പിലും പാലാ നിയോജക മണ്ഡലത്തിന്റെ പരിധിയിലുള്ള പഞ്ചായത്തുകളിലും പാലാ നഗരസഭയിലുമായി മുപ്പതിനായിരത്തോളം വോട്ടുകള്‍ ബി.ജെ.പിക്ക് ലഭിച്ചിട്ടുണ്ട്.
ഈ വോട്ടുകള്‍ പാര്‍ട്ടിയുടെ അടിസ്‌ഥാന വോട്ടായായിട്ടാണ് നേതൃത്വം കണക്കുകൂട്ടിയിരിക്കുന്നത്. മണ്ഡലം പുനര്‍നിര്‍ണയത്തിന് മുമ്പ് പുഞ്ഞാര്‍ മണ്ഡലത്തിന്റെ ഭാഗമായിരുന്ന മൂന്നിലവ്, മേലുകാവ്, തലനാട്, തലപ്പുലം, ഭരണങ്ങാനം, കടനാട് പഞ്ചായത്തുകള്‍ ഇപ്പോള്‍ പാലാ നിയോജക മണ്ഡലത്തിലാണ്. കാല്‍ നൂറ്റാണ്ട് ഇവിടെ എം.എല്‍.എ. ആയിരുന്ന പി.സി. ജോര്‍ജിന്റെ സ്വാധീനം തെരഞ്ഞെടുപ്പില്‍ ഷോണ്‍ ജോര്‍ജിന് ഗുണകരമാകുമെന്ന് ഉറപ്പാണ്. ഈ സ്വാധീനത്താലാണ് 2020-ലെ തദ്ദേശതെരഞ്ഞെടുപ്പില്‍ ഈ മേഖല ഉള്‍പ്പെടുന്ന ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍നിന്ന് ഇരു മുന്നണികളുടെയും സ്‌ഥാനാര്‍ഥികളെ പരാജയപ്പെടുത്തി ഷോണ്‍ ജോര്‍ജ് വലിയ ഭൂരിപക്ഷത്തില്‍ സ്വതന്ത്രനായി വിജയിച്ചത്. അതിനാല്‍ ഷോണ്‍ ജോര്‍ജിന്റെ സ്‌ഥാനാര്‍ഥിത്വം ഇരു മുന്നണിക്കും തലവേദന സൃഷ്‌ടിക്കുമെന്ന് ഉറപ്പാണ്.
ഷാലു മാത്യു