Wednesday, March 18, 2026 Last Updated 7 Min 9 Sec ago English Edition
Todays E paper
Ads by Google
Tuesday 10 Feb 2026 10.43 AM

ഇടുക്കിയിൽ മദ്യപിച്ചെത്തിയത് ചോദ്യം ചെയ്ത അച്ഛനെ മകൻ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി

idukki

ഇടുക്കി: മദ്യപിച്ച് വീട്ടിലെത്തിയത് ചോദ്യം ചെയ്ത പിതാവിനെ മകൻ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. അമയപ്ര നെടുമറ്റത്തുംകരയിൽ വട്ടനാനിയിൽ വേലപ്പൻ (75) ആണ് മരിച്ചത്. മകൻ രാജേഷിനെ കരിമണ്ണൂർ പോലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നരയോടെയായിരുന്നു സംഭവം.

പൂപ്പാറയിൽ താമസിക്കുന്ന രാജേഷ് നാല് ദിവസം മുൻപാണ് മൂത്ത സഹോദരൻ രാജീവന്റെ വീട്ടിലെത്തിയത്. പിതാവ് വേലപ്പൻ ഇവിടെയായിരുന്നു താമസം. തിങ്കളാഴ്ച ഉച്ചയ്ക്ക് മദ്യപിച്ച് വീട്ടിലെത്തിയ പ്രതി അച്ഛനുമായി വാക്കേറ്റത്തിലായി. തർക്കം രൂക്ഷമായതോടെ വീട്ടിലുണ്ടായിരുന്ന കല്ലെടുത്ത് രാജേഷ് വേലപ്പന്റെ തലയ്ക്കടിക്കുകയായിരുന്നു. വേലപ്പൻ ബോധരഹിതനായി വീണതോടെ വീട്ടിലുണ്ടായിരുന്നവർ ബഹളം വെച്ചു.
ബഹളം കേട്ട് ഓടിയെത്തിയ അയൽക്കാരെ പോലും പരിക്കേറ്റ വേലപ്പന്റെ അടുത്തേക്ക് അടുക്കാൻ പ്രതി അനുവദിച്ചില്ല. തുടർന്ന് പഞ്ചായത്തംഗം വിവരമറിയിച്ചതിനെത്തുടർന്ന് പോലീസ് എത്തിയാണ് രാജേഷിനെ കീഴ്പ്പെടുത്തിയത്. ഉടൻ തന്നെ വേലപ്പനെ തൊടുപുഴ ജില്ലാ ആശുപത്രിയിൽ എത്തിച്ചു.

വേലപ്പന്റെ നില അതീവ ഗുരുതരമായതിനാൽ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ ഡോക്ടർമാർ നിർദ്ദേശിച്ചു. ഇതിനായി 108 ആംബുലൻസ് വിളിച്ചെങ്കിലും ഓക്സിജൻ സൗകര്യമുള്ള ആംബുലൻസ് ലഭിച്ചില്ലെന്ന പേരിൽ ആശുപത്രി പരിസരത്ത് തർക്കമുണ്ടായി. ഈ താമസം വേലപ്പന്റെ ജീവൻ നഷ്ടപ്പെടുന്നതിന് ഇടയാക്കി. എന്നാൽ ചികിത്സയിലോ ആംബുലൻസ് ലഭ്യമാക്കുന്നതിലോ വീഴ്ച ഉണ്ടായിട്ടില്ലെന്ന് ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി. ആംബുലൻസ് വൈകിയതിനെക്കുറിച്ച് പോലീസ് പ്രത്യേകം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റി.

Ads by Google
Ads by Google
LATEST NEWS
TRENDING NOW