-->
ടി20 ലോകകപ്പില്‍ നിലവിലെ ചാമ്പ്യൻമാരായ ടീം ഇന്ത്യയിലെ 15 താരങ്ങള്‍ക്ക് പുറമെ വിവിധ വിദേശ ടീമുകൾക്കായി കളത്തിലിറങ്ങുന്നത് ഇന്ത്യൻ വംശജരായ 40-ഓളം താരങ്ങള്‍. ഇവരില്‍ ഒരു മലയാളി താരവുമുണ്ട്. ഇന്ത്യയുടെ നീല ജേഴ്സിയില്‍ ഇറങ്ങുന്ന 15 താരങ്ങള്‍ക്ക് പുറമെ ലോകകപ്പില്‍ കളിക്കുന്ന 40 ഇന്ത്യൻ വംശജരില്‍ 34 താരങ്ങളും വെറും 4 രാജ്യങ്ങൾക്ക് വേണ്ടിയാണ് കളിക്കുന്നത് . കാനഡ, അമേരിക്ക, ഒമാന്‍, യുഎഇ ടീമുകളിലായാണ് ഈ 34 താരങ്ങളുമുള്ളത്.
ലോകകപ്പില്‍ കളിക്കുന്ന ടീമുകളില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യൻ താരങ്ങളുള്ള ടീം കാനഡയാണ്.കാനഡയുടെ ലോകകപ്പ് സ്ക്വാഡിൽ 11 ഇന്ത്യൻ വംശജരുണ്ട്. ടീമിന്‍റെ നായകനായ ദിൽപ്രീത് ബജ്‌വ പഞ്ചാബ് ക്രിക്കറ്റ് ടീമിൽ അവസരം ലഭിക്കാതെ വന്നതോടെയാണ് കാനഡയിലേക്ക് കുടിയേറിയത്.
കാനഡ കഴിഞ്ഞാല്‍ അമേരിക്കയാണ് ഇന്ത്യൻ താരങ്ങളുടെ സാന്നിധ്യം കൊണ്ട് നിറഞ്ഞ മറ്റൊരു ടീം. 9 ഇന്ത്യൻ വംശജരാണ് അമേരിക്കന്‍ ടീമിലുള്ളത്. മുംബൈയിൽ ജനിച്ച് അമേരിക്കൻ ടീമിലെത്തിയ പേസർ സൗരഭ് നേത്രാവൽക്കർ ജന്മനാടായ ഇന്ത്യക്കെതിരെ മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിൽ കളിക്കാനിറങ്ങുന്നു എന്ന അപൂര്‍വതയും ഇതില്‍ ഉള്‍പ്പെടുന്നു. സൂര്യകുമാര്‍ യാദവിനൊപ്പം ഇന്ത്യക്കായി അണ്ടര്‍ 19 ക്രിക്കറ്റില്‍ കളിച്ചിട്ടുള്ള താരമാണ് സൗരഭ് നേത്രാവല്‍ക്കര്‍. ഗുജറാത്തിലെ ആനന്ദിലാണ് അമേരിക്കന്‍ ടീം അംഗമായ മൊനാങ്ക് പട്ടേൽ ജനിച്ചത്. ഗുജറാത്തിനായി ജസ്പ്രീത് ബുമ്രക്കൊപ്പം അണ്ടര്‍ 19 ക്രിക്കറ്റില്‍ കളിച്ചിട്ടുള്ള താരമാണ് മൊനാങ്ക്.
ഒമാനെപ്പോലെ തന്നെ ഗള്‍ഫ് മേഖലയില്‍ നിന്ന് ലോകകപ്പ് കളിക്കാനെത്തുന്ന യുഎഇ ടീമിലും ഇന്ത്യൻ താരങ്ങളാണ് കരുത്ത്. ഏഴ് ഇന്ത്യൻ വംശജരാണ് യുഎഇ ടീമിലുള്ളത്. മലയാളി താരം അലിഷാൻ ഷറഫു ആണ് യഎഇ ടീമിന്‍റെ ഓപ്പണര്‍.